മോഹന്‍ലാല്‍ നായകനായി ഒരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രിയദര്ശന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയദര്‍ശനും മോഹന്‍ലാലും ചേര്‍ന്നുള്ള നാല്‍പ്പത്തിയഞ്ചാമത്തെ സിനിമയാണിത്.
സ്വന്തം ബ്ലോഗിലൂടെ മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ഒരു സിനിമയുടെ ചിത്രീകരണവേളയില്‍ തിരക്കഥാകൃത്ത് ടി. ദാമോദരന്‍ മാസ്റ്ററാണ് കുഞ്ഞാലിമരയ്ക്കാറുടെ ജീവിതത്തില്‍ ഒരു വലിയ സിനിമയുടെ സാധ്യതയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞത്. ചരിത്രത്തിന്റെ വലിയ ഒരു വായനക്കാരനായിരുന്നു അദ്ദേഹം. അന്നത്തെ ആ കോഴിക്കോടന്‍ പകലുകളിലും, രാത്രികളിലും ഞങ്ങള്‍ കുഞ്ഞാലിമരയ്ക്കാറെപ്പറ്റി ഒരുപാട് സംസാരിച്ചു. ചിന്തിച്ചു. പിന്നെയും കാലം ഏറെ പോയി.
ഞാനും പ്രിയനും ഒന്നിച്ചും അല്ലാതെയും പല പല സിനിമകള്‍ ചെയ്തു. അപ്പോഴും മരയ്ക്കാര്‍ മനസ്സില്‍ അണയാതെ ചാരംമൂടിയ കനല്‍തുണ്ടം പോലെ കിടന്നു. സ്വകാര്യമായ ചില രാത്രികളില്‍ ഞങ്ങള്‍ വീണ്ടും മരയ്ക്കാറെക്കുറിച്ച് സംസാരിച്ചു. ദാമോദരന്‍ മാസ്റ്റര്‍ ഞങ്ങളെ വിട്ട് പോയി. എന്നിട്ടും കുഞ്ഞാലി മരയ്ക്കാര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു.
ഒരിക്കല്‍ ഒരവധിക്കാല യാത്രക്കിടെ ഞാന്‍ പോര്‍ച്ചുഗലില്‍ എത്തി. അവിടെ ഒരു വലിയ പള്ളിയില്‍ പോയപ്പോള്‍ അവിടെ ഒരു ഗൈഡ് ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. ഇന്ത്യയില്‍, കേരളത്തില്‍ നിന്ന് കൊണ്ടുവന്ന കുരുമുളക് വിറ്റ് ഉണ്ടാക്കിയതാണ് ഈ പള്ളി. ഞാന്‍ വീണ്ടും നോക്കി. അതിമനോഹരമായ നമ്മള്‍ക്ക് പെട്ടെന്ന് സ്വപ്നം കാണാന്‍ കഴിയാത്ത തരത്തിലുള്ള ഒരു വലിയ പള്ളി. അന്ന് ആ പള്ളിമുറ്റത്തു വച്ച് എന്റെ തല കുനിഞ്ഞു. കൊള്ളയടിക്കപ്പെട്ട് തകര്‍ന്ന് പോയ എന്റെ നാടിനെയോര്‍ത്ത്, താഴ്ന്നുപോയ എന്റെ ശിരസ്സ് തൊട്ടടുത്ത നിമിഷം തന്നെ മുകളിലേക്ക് ഉയരുകയും ചെയ്തു. പോര്‍ച്ചുഗീസുകാരോട് സ്വന്തം ജീവന് പണയം വച്ച് പൊരുതിയ കുഞ്ഞാലിമരയ്ക്കാരെ ഓര്‍ത്ത്. പോര്‍ച്ചുഗീസിലീലെ ആ പള്ളിമുറ്റത്ത് വച്ച് വീണ്ട് മനസ്സ് മരയ്ക്കാര്‍ എന്ന സിനിമയിലേക്ക് പോയി. അങ്ങനെയാണ് രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ ഇറങ്ങിയത്.
ആന്റണി പെരുമ്പാവൂര്‍ നിര്‍മാതാവായി. സാബുസിറിള്‍ എന്ന മാന്ത്രികനായ കലാസംവിധായകന്‍ വന്നു. അക്കാലത്തെ ചെരിപ്പും, വിളക്കും, വടിയും മുതല്‍ പടുകൂറ്റന്‍ കപ്പലുകള്‍ വരെ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ സാബു ഞങ്ങള്‍ക്കായി സൃഷ്ടിച്ചുതന്നു. അമ്പും, വില്ലും, തോക്കുകളും, പീരങ്കികളും ഉണ്ടാക്കിതന്നു. യുദ്ധം ചിത്രീകരിച്ചു. 104 ദിവസം രാവും പകലുമില്ലാതെ ഒരു വലിയ സംഘം സിനിമ ചിത്രീകരിച്ചുതീര്‍ത്തു. എഴുന്നൂര്‍ പേര് വരെ ജോലി ചെയ്ത ദിവസങ്ങള്‍ ഉണ്ട്.
അവസാന ഷോട്ടുമെടുത്ത് തീര്‍ന്നപ്പോള്‍ സിനിമയിലെ അവസാന രംഗത്ത് മരയ്ക്കാര്‍ പറയുന്ന വാചകമായിരുന്നു എന്റെ മനസ്സില്‍. കൊലമരത്തില്‍ മുഴങ്ങിയ ആ വാചകം ഒരു യഥാര്‍ഥ രാജ്യസ്നേഹിക്ക് മാത്രമേ പറയാന്‍ സാധിക്കൂ. ആ വാചകം ഞാനിവിടെ പറയുന്നില്ല. എഴുതുന്നുമില്ല. നിങ്ങള്‍ക്കു മുന്നില്‍ തിരശ്ശീലയില്‍ വന്ന് കുഞ്ഞാലിമരയ്ക്കാര്‍ തന്നെ അത് പറയട്ടെ. അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പറയും ഇയാള്‍ കുഞ്ഞ് ആലിയല്ല… വലിയ ആലി മരയ്ക്കാറാണെന്ന്… മരണമില്ലാത്ത മനുഷ്യന് ആണെന്ന്… മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: