കൊച്ചി: ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്)ന്റെ സ്ലീപ്പര്‍ സെല്ലുകള്‍ റിക്രൂട്ട്മെന്റില്‍ കേരളം വിട്ട ഏഴ് യുവാക്കള്‍ ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ് ഭീകര സംഘനടകളില്‍ എത്തിയതായി സൂചന. ഇവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള നടപടികള്‍ തുടരുകയാണ്. കേരളത്തില്‍ നിന്ന് വിദേശത്ത് ജോലിക്കു പോയി പിന്നീട് വീടുമായി ബന്ധപ്പെടാത്തവരുടെ ലിസ്റ്റും എന്‍ഐഎ ഉദ്യോഗസ്ഥര്‍ തയാറാക്കിയിട്ടുണ്ട്.
ഐഎസ്സിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ സജീവമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിനോടകം കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഇരുനൂറിലധികം പേര് ഐഎസ്സില്‍ ചേരാന്‍ ഇറാഖ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ എത്തിയിട്ടുണ്ടെന്നാണ് ഐബിയുടെ കണ്ടെത്തല്‍. ഇതില്‍ എറണാകുളത്ത് നിന്നുള്ള കുടുംബമടക്കമുണ്ട്.
ഓരോ വ്യക്തിയെ കേന്ദ്രീകരിച്ചുള്ള കൃത്യമായ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ കേരളം വിട്ടവരുടെ കൃത്യമായ കണക്കുകള്‍ ഔദ്യോഗികമാവൂയെന്ന്് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐഎസില്‍ ചേരാന്‍ രാജ്യം വിട്ടവരെക്കുറിച്ചുള്ള കേസിന്റെ അന്വേഷണത്തിനിടെയാണ് മറ്റ് ഭീകര സംഘടനകളിലേക്കും മലയാളി യുവാക്കള്‍ ആകൃഷ്ടരാകുന്നതായി കണ്ടെത്തിയത്.
കണ്ണൂര്‍ ജില്ലയിലെ വളപട്ടണം കേന്ദ്രീകരിച്ചാണ് ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ രഹസ്യയോഗങ്ങളും ക്ലാസുകളും നടക്കുന്നത്. കാസര്‍കോടുനിന്ന് ഐഎസ് കേന്ദ്രമായ കാബൂളിലെത്തിയ അബ്ദുള്ള റാഷിദാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. ആശയവുമായി യോജിക്കാവുന്ന ആളുകളെ കണ്ടെത്തി അവര്‍ക്ക് മതപരമായ ക്ലാസുകള്‍ കൊടുത്ത് സംഘടനയിലേക്ക് എത്തിക്കാനാണ് റാഷിദ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി ശബ്ദരേഖകള്‍ എന്‍ഐഎയ്ക്കും കേന്ദ്ര ഇന്റലിജന്‍സിനും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തിലാണ് വേരോട്ടം കൂടുതല്‍.
ഐഎസില്‍ ചേര്‍ന്നവര്‍ നാടുമായി ബന്ധപ്പെടുന്നു
ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ടെലഗ്രാഫിലൂടെ നാട്ടിലുള്ളവരുമായി ബന്ധപ്പെടുന്നു. കുടുംബങ്ങളുമായി ഐഎസ് കേന്ദ്രമായ കാബൂളിലടക്കം എത്തിയവരാണ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചു നല്‍കുന്നത്. വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ റിപ്പോര്‍ട്ടു വന്നവരടക്കം ജീവിച്ചിരിപ്പുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇവര്‍ നാട്ടിലുള്ളവരുമായി സംസാരിച്ചതിന്റെയും ചിത്രങ്ങള്‍ കൈമാറിയതിന്റെയും തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ പരിശോധനകള്‍ നടന്നുവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: