തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണവുമായി പിണറായി വിജയന് തിരക്കിലായതോടെ മുഖ്യമന്ത്രിക്കസേരയില്‍ ആളില്ലാത്ത അവസ്ഥ. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പിണറായി മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. ഭരണ സ്തംഭനത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതോടെ മുന്നറിയിപ്പില്ലാതെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി പിണറായി പാര്‍ട്ടി യോഗങ്ങള്‍ക്ക് പോകുകയാണ്. ഭരണത്തേക്കാള്‍ പ്രധാനമായി തെരഞ്ഞെടുപ്പിനെക്കാണാന് പിണറായിയെ പ്രേരിപ്പിക്കുന്നത് രണ്ട് ഘടകങ്ങളാണ്.
പാര്‍ട്ടി സംവിധാനത്തിലെ നിയന്ത്രണം നഷ്ടമാകാതെ നോക്കുക, ഇപ്പോഴും അവസാനവാക്ക് താനാണെന്ന് ഉറപ്പിക്കുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമുണ്ടായാല്‍ അത് തന്റെ വ്യക്തിപരമായ തോല്വികൂടിയാണെന്ന് പിണറായിക്ക് ബോധ്യമുണ്ട്. വലിയ തോല്‍വി ഒഴിവാക്കി മുഖം രക്ഷിക്കുക എന്നതാണ് രണ്ടാമത്തെ ഘടകം. പാര്‍ട്ടി സെക്രട്ടറിയെപ്പോലെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തക യോഗങ്ങള്‍ക്ക് നേതൃത്വം നല്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി.
അതേസമയം മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഭരണപരമായ കാര്യങ്ങള്‍ ഒന്നും നടക്കാത്തത് ഘടകകക്ഷികളേയും ചൊടിപ്പിക്കുന്നു. കാര്‍ഷിക വായ്പ തിരിച്ചടവിന് മൊറട്ടോറിയം ഏര്‍പ്പെടുത്താനുള്ള ഉത്തരവ് ഇറങ്ങാത്തതിന്റെ പേരില്‍ സിപിഐയും കൃഷിമന്ത്രിയും പരസ്യമായി നീരസം പ്രകടിപ്പിച്ചതും ശ്രദ്ധേയം. സാങ്കേതികമായി ചീഫ് സെക്രട്ടറിയുടെ തലയില്‍ കുറ്റം ചുമത്തി രക്ഷപ്പെടാനുള്ള നീക്കമാണെങ്കിലും യഥാര്‍ത്ഥ കാരണം ഭരണസ്തംഭനമാണെന്ന് ഏവര്‍ക്കുമറിയാം.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്നത് എം.വി. ജയരാജനായിരുന്നു. ജയരാജന് കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി പോയതോടെ ഓഫീസില്‍ അനാഥാവസ്ഥയാണ്. ജയരാജനോട് ചോദിച്ചിട്ട്വേണം തീരുമാനങ്ങളെടുക്കാന്‍ എന്നതായിരുന്നു സാഹചര്യം. ജയരാജന് ഒഴിഞ്ഞതോടെ അമിത ഇടപെടലും വിരട്ടലും കുറഞ്ഞെന്ന ആശ്വാസത്തിലാണ് ഉദ്യോഗസ്ഥര്‍. പക്ഷേ തീരുമാനങ്ങളെടുക്കാന്‍ ആളില്ല. പിണറായിയുടെ സ്വഭാവമറിയാവുന്നതുകൊണ്ട് സ്വന്തം നിലയ്ക്ക് ഉദ്യോഗസ്ഥര്‍ തീരുമാനങ്ങളെടുക്കുന്നുമില്ല.
രാഷ്ട്രീയ തിരക്കുകള്‍ക്കു പുറമേ ആരോഗ്യ പ്രശ്നങ്ങളും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് സൂചനയുണ്ട്. കഴിഞ്ഞ മാര്‍ച്ച് നാലിന് തൃശൂരില്‍ പിണറായിയുടെ ആറ് ഔദ്യോഗിക പരിപാടികളാണ് റദ്ദാക്കിയത്. പാര്‍ട്ടി പരിപാടിയില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. ആരോഗ്യപരമായ കാരണങ്ങളാല്‍ യാത്ര കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കായി ഹെലിക്കോപ്ടര്‍ വാടകയ്ക്കെടുക്കാന്‍ ആലോചന നടക്കുന്നത്. അതേസമയം രാഷ്ട്രീയ വിവാദം ഭയന്ന് ഇതിന് മറ്റ് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുവെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: