ഇടുക്കി: ചൂടുയര്‍ന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ചൊവ്വാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ ഉപയോഗിച്ചത് 83.0865 ദശലക്ഷം യൂണിറ്റ് വൈദ്യുതി. ഒരു ദിവസംകൊണ്ട് കൂടിയത് 30.05 ദശലക്ഷം യൂണിറ്റ്. 4112 മെഗാവാട്ട് വരെയെത്തി ഉപഭോഗം.
സംസ്ഥാനത്ത് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം 2018 ഏപ്രില്‍ 30ന്, 80.9358 ദശലക്ഷം യൂണിറ്റ്. 2016 ഏപ്രില്‍ 26ന് 80.6 ദശലക്ഷം യൂണിറ്റ് വരെ എത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി 80 ദശലക്ഷത്തിന് മുകളിലായിരുന്നെങ്കിലും ഉപഭോഗം കാര്യമായി ഉയര്‍ന്നിരുന്നില്ല. സാധാരണയായി ഒാരോ ആഴ്ചയിലും 1-1.5 ലക്ഷം യൂണിറ്റ് വരെ കൂടിയിരുന്നു. പരീക്ഷാക്കാലവും തെരഞ്ഞെടുപ്പുമെത്തിയതും ഉപഭോഗം കുതിച്ചുയരാന്‍ കാരണമായി.
ഈ വര്‍ഷം 85 ദശലക്ഷം യൂണിറ്റ് വരെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയരുമെന്നായിരുന്നു വകുപ്പിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍, വകുപ്പിനെ പോലും അത്ഭുതപ്പെടുത്തി പൊടുന്നനെയാണ് ഉപഭോഗം കുതിച്ചത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് നിര്‍ത്തിയെങ്കിലും ഉപഭോഗം ഉയര്‍ന്നതോടെ ഇടുക്കി, ശബരിഗിരി പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം കൂട്ടി.
അതേസമയം, പരമാവധി 85 ദശലക്ഷത്തിന് മുകളില്‍ ഉപഭോഗം പോകാനുള്ള സാധ്യത വകുപ്പ് തള്ളിക്കളയുന്നു. മാസാടിസ്ഥാനത്തിലും ദിവസാടിസ്ഥാനത്തിലും വൈദ്യുതി വാങ്ങി പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള ശ്രമവും ഊര്‍ജ്ജിതം. മഴക്കാലമെത്താന്‍ ഇനി 73 ദിവസം കൂടിയാണ് അവശേഷിക്കുന്നത്.
ഇടുക്കിയില്‍
50 ശതമാനം വെള്ളം
ഉത്പാദനം കൂട്ടിയതോടെ ഇടുക്കിയിലെ ജലനിരപ്പ് താഴുന്നു. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2355.46 അടിയാണ് ജലനിരപ്പ്, 50.45 ശതമാനം. മുന്‍വര്‍ഷം ഇതേ സമയം ഇത് 45.92 ശതമാനമായിരുന്നു. 12.998 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള് ആഭ്യന്തര ഉത്പാദനം 27.406 ആയിരുന്നു.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം
(ദശലക്ഷം യൂണിറ്റ്)
ചൊവ്വാഴ്ചത്തെ മൊത്തം ഉപഭോഗം – 83.09
ആഭ്യന്തര ഉത്പാദനം – 27.41
പുറം വൈദ്യുതി – 55.68
സംഭരണികളിലെ ജലശേഖരം – 49%
പ്രതികരിക്കാൻ ഇവിടെ എഴുതുക: