അത്യുഷ്ണത്തിന്റെ തീജ്വാലകള്‍ വാരിവിതറി സൂര്യന് കത്തിയെരിയുകയാണ്. പകല്‍സമയത്ത് പൊള്ളുന്ന വെയില്. രാത്രിയില്‍ വീശിയടിക്കുന്നത് തീക്കാറ്റ്. ജലാശയങ്ങള്‍ വറ്റിവരളുന്നു. നാടിനും നാട്ടാര്‍ക്കും ഒരുപോലെ പൊള്ളുന്ന ദുസ്സഹമായ കാലാവസ്ഥ. നമ്മുടെ സംസ്ഥാനം മുമ്പെങ്ങുമില്ലാത്തതുപോലെയുള്ള കടുത്ത വേനലിന്റെ പിടിയിലമര്‍ന്നിരിക്കുന്നു.
ആഗോളതാപനമാണ് കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. ആഗോളതാപനം കടുത്ത ചൂടിനൊപ്പം പ്രകൃതിദുരന്തങ്ങള്‍ക്കും പുതിയ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിനും വഴിയൊരുക്കാം. പൊള്ളുന്ന വേനലിന്റെ പ്രശ്നങ്ങള്‍ പലതരത്തിലാണ്. മനുഷ്യനെ ബാധിക്കുന്നത്. നിര്‍ജലീകരണത്തെ തുടര്‍ന്നുണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും മുതല്‍ അതീവ ഗുരുതരമായ സൂര്യാഘാതം വരെ കടുത്ത ചൂടിന്റെ ഫലമായുണ്ടാകാം.
തലച്ചോറിലെ ഹൈപ്പോതലാമസാണ് ശരീരതാപനില സുസ്ഥിരമായി നിലനില്ക്കാന് സഹായിക്കുന്നത്. കാലാവസ്ഥാവ്യതിയാനം മൂലമോ, ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഉയര്‍ന്ന നിരക്ക് മൂലമോ താപനില ഉയരുമ്പോള്‍ ഹൈപ്പോതലാമസ് ശരീരതാപനില കുറയ്ക്കാനുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കുന്നു. ബാഷ്പീകരണം, വികിരണം, മറ്റു വസ്തുക്കളിലൂടെയുള്ള താപസംവഹനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് താപബഹിര്‍ഗമനം സാധ്യമാക്കുന്നത്. ചര്‍മത്തിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കുന്നതും അമിതമായി വിയര്‍ക്കുന്നതും ചൂട് പുറത്തേക്ക് പോകാന്‍ സഹായിക്കുന്ന ശരീരത്തിന്റെ കരുതല്‍ നടപടികളാണ്. എന്നാല്‍ കേരളത്തിലെ വേനല്‍ക്കാലത്തിന്റെ പ്രത്യേകത ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പനിലയാണ്. അതുകൊണ്ട് വിയര്‍പ്പ് ബാഷ്പീകരിച്ച് സാധ്യമാകുന്ന താപനഷ്ടം സുഗമമാകില്ല. അതുപോലെ ഉയര്‍ന്ന താപനിലയില്‍ കൂടുതല്‍ സമയം കഴിഞ്ഞാല്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ആന്തരിക താപനില ക്രമാതീതമായി ഉയരുകയും ചെയ്യും. താപനില 40 ഡിഗ്രിയില്‍ കൂടുന്നത് ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന സ്തംഭനത്തിനും മരണത്തിനുപോലും ഇടയാക്കാം. ഇതാണ് സൂര്യാഘാതമുണ്ടാകുമ്പോഴുള്ള സങ്കീര്‍ണാവസ്ഥ.
പേടിക്കേ@വര്
അമിതമായ ചൂട് എല്ലാവരിലും അസ്വസ്ഥതയുണ്ടാക്കുമെങ്കിലും ചൂടിന്റെ പ്രത്യാഘാതം ചിലരില്‍ ഗുരുതരമായിരിക്കും. പ്രായമേറിയവരിലും ഹൃദ്രോഗമുള്ള ചെറുപ്പക്കാരിലും ചൂട് ഹൃദയാരോഗ്യത്തെപ്പോലും ദുര്ബ്ബലപ്പെടുത്താം. ചൂടിനെത്തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണവും മൂലകങ്ങളുടെ കുറവും വൃദ്ധജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത്. കടുത്ത ചൂടില്‍ കഠിനമായി അധ്വാനിക്കുന്ന റോഡ് പണിക്കാര്, കര്‍ഷകത്തൊഴിലാളികള്‍, നിര്മാണപ്രവര്ത്തനങ്ങളിലേര്പ്പെട്ടിരിക്കുന്നവര്, കായികതാരങ്ങള്‍ തുടങ്ങിയവര്‍ക്കും ചൂടിന്റെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകാനിടയുണ്ട്. തൈറോയിഡിന്റെ അമിത പ്രവര്ത്തനമുള്ളവരിലും ശരീരതാപനില ഉയര്‍ത്തുന്ന ആഫിറ്റമിന്‍ പോലെയുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവരിലും ചൂടിന്റെ പ്രശ്നങ്ങളേറെയാണ്.
പൊണ്ണത്തടിയന്മാരില് താപബഹിര്‍ഗമനം സുഗമമാകാറില്ല. അതുപോലെ കട്ടിയുള്ള യൂണിഫോമും വസ്ത്രവും ധരിച്ച് ജോലി ചെയ്യേണ്ടിവരുന്നവരിലും വിയര്‍പ്പിലൂടെയുള്ള താപനഷ്ടം തടസ്സപ്പെടാനിടയുണ്ട്. സോറിയാസിസ്, എക്സിമ, സ്ക്ലീറോഡെര്‍മ തുടങ്ങിയ ചര്‍മരോഗങ്ങള്‍ ഉള്ളവരിലും മാനസിക രോഗത്തിന്റെയും പാര്ക്കിന്സോണിസത്തിന്റെയും മരുന്നുകള്‍ ഉപയോഗിക്കുന്നവരിലും വിയര്‍പ്പ് കുറയുന്നത് അമിതതാപത്തിനു കാരണമാകാം.
ചര്‍മത്തെ പൊള്ളിക്കും
സൂര്യാതപത്തെ തുടര്‍ന്ന് ചര്‍മത്തിന് പല അസ്വസ്ഥതകളുമുണ്ടാകാം. ചര്‍മകോശങ്ങളിലെ വര്‍ണവസ്തുവായ ക്രോമോഫോറുകള്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നതിനെ തുടര്‍ന്ന്, കോശങ്ങളിലെ ഡിഎന്‍എയുടെ പ്രവര്‍ത്തനം തകരാറിലാകുന്നു. കൂടാതെ ചര്‍മരോഗങ്ങള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന ഘടകങ്ങളായ പ്രോസ്റ്റാഗ്ലാന്ഡിനുകളും പ്രോസ്റ്റാസൈക്ലിങ്ങുകളും അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇവയെല്ലാംതന്നെ ചര്‍മത്തിന് നിറഭേദവും പൊള്ളലും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുന്നു.
പ്രശ്നങ്ങള്‍ സൂര്യപ്രകാശമേറ്റ് മൂന്നു മുതല്‍ അഞ്ചു മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ആരംഭിച്ചെന്നുവരാം. ചര്‍മത്തില്‍ ചുവപ്പ്, വേദന, പുകച്ചില്‍, നീര്, കുമിളകള്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയവയുണ്ടാകാം. തൊലി നേര്‍ത്ത പാളികളായി ഇളകിപ്പോകാനുമിടയുണ്ട്. ശരീരചര്‍മത്തിന്റെ വലിയൊരു ഭാഗത്തോളം പൊള്ളലുണ്ടായാല്‍ പനി, ക്ഷീണം, കുളിരും വിറയലുമനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാകാം. ചര്‍മത്തിലുണ്ടാകുന്ന ബാക്ടീരിയല്‍ രോഗാണുബാധയും നിറവ്യത്യാസവുമാണ് സൂര്യാതപത്തെ തുടര്‍ന്ന് വൈകിയുണ്ടാകാവുന്ന പ്രശ്നങ്ങള്‍. സൂര്യപ്രകാശം എല്ലാവരിലും ഒരുപോലെയല്ല പ്രശ്നങ്ങളുണ്ടാക്കുന്നത്. ചര്‍മത്തിലെ വര്‍ണവസ്തുവായ മെലാനിന്റെ അളവിനെ ആശ്രയിച്ചാണ് അള്‍ട്രാവയലറ്റ് രശ്മികളോടുള്ള ചര്‍മത്തിന്റെ പ്രതികരണം. മെലാനിന്‍ കുറവായ വെളുത്ത നിറമുള്ളവര്‍ സൂര്യപ്രകാശത്തോട് അമിതമായി പ്രതികരിക്കും. മെലാനിന്‍ കൂടുതലായി അടങ്ങിയ കറുത്ത നിറമുള്ളവര്‍ക്ക് അള്‍ട്രാവയലറ്റ് രശ്മികളോടുള്ള പ്രതികരണം കുറവാണ്. തുറസ്സായ സ്ഥലങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് അള്‍ട്രാവയലറ്റ് രശ്മികള്‍ നന്നായി പ്രതിഫലിക്കുന്നതുകൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചര്‍മത്തിലെ പൊള്ളല്‍, ചൊറിച്ചില്‍, തടിപ്പ്, തലകറക്കം, ബോധക്ഷയം, ചര്‍മത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുകയും തുടങ്ങിയ നിരവധി പ്രശ്നങ്ങളും സൂര്യാതപത്തെ തുടര്‍ന്നുണ്ടാകാം.
തളരുന്ന ദേഹം
അമിത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഏറ്റവും സാധാരണ പ്രശ്നം ശരീരക്ഷീണവും തളര്‍ച്ചയുമാണ്. ശരീരത്തില്‍നിന്ന് ജലാംശവും വിയര്‍പ്പിലൂടെ സോഡിയം ഉള്‍പ്പെടെയുള്ള ലവണങ്ങളും നഷ്ടപ്പെടുന്നതാണ് തളര്‍ച്ചയുടെ പ്രധാന കാരണം. ശരീരത്തെ തണുപ്പിക്കാനായി ശരീരംതന്നെ സ്വീകരിക്കുന്ന മാര്‍ഗമായ അമിതവിയര്‍പ്പ് ഇവിടെ പ്രശ്നമായി മാറുകയാണ് ചെയ്യുന്നത്. തലവേദന, തലകറക്കം, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളുമുണ്ടാകാം. ഏറെനേരം അമിത ചൂടില്‍ നില്‍ക്കുന്നതിനെ തുടര്‍ന്ന് ബോധക്ഷയമുണ്ടാകാം. ആന്തരിക താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരിക്കും. ഹൃദയസ്പന്ദനം അമിതവേഗത്തിലായിരിക്കും. തളര്‍ന്നവശനായ വ്യക്തി അമിതമായി വിയര്‍ത്തിരിക്കും. മൂത്രത്തിന്റെ അളവ് കുറയുന്നതും സ്വഭാവവ്യതിയാനവും സ്ഥിതി വഷളാകുന്നതിന്റെ ലക്ഷണങ്ങളാണ്. പ്രായമേറിയവരിലും കുട്ടികളിലും പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയ ശാരീരിക പ്രശ്നങ്ങളുള്ളവരിലും അമിതതാപത്തെ തുടര്‍ന്നുണ്ടാകുന്ന തളര്‍ച്ച സങ്കീര്ണമാകാനാണിട.
ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ജലനഷ്ടം പരിഹരിക്കുകയും എന്നാല്‍ ലവണങ്ങളുടെ കുറവ് നികത്താതെയിരിക്കുകയും ചെയ്യുമ്പോള്‍ കൈകാലുകളിലെ പേശികള്‍ കോച്ചിവലിച്ച് അമിതവേദനയുണ്ടാക്കാനിടയുണ്ട്. അമിതചൂടുള്ള അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് ശാരീരികമായി അത്യധ്വാനം ചെയ്യുകയും ദാഹം തീര്‍ക്കാനായി ശുദ്ധജലം മാത്രം കുടിക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രശ്നമുണ്ടാകുന്നത്. നിര്‍മാണത്തൊഴിലാളികള്‍, ഖനികളില്‍ ജോലി ചെയ്യുന്നവര്‍, ചൂട് നിലനില്‍ക്കുന്ന ഫാക്ടറികളിലും വാഹനങ്ങളിലും തുടര്‍ച്ചയായി പണിയെടുക്കുന്നവര്‍, കായികപരിശീലനം നടത്തുന്നവര്‍ തുടങ്ങിയവരില്‍ ഹീറ്റ് ക്രാംപ്സ് സാധാരണയാണ്.
സൂര്യാഘാതം
അമിതചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. ഉടന്‍തന്നെ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണം പോലും സംഭവിക്കാം. പ്രായമായവരിലും കുട്ടികളിലും ശാരീരിക പ്രശ്നങ്ങളുള്ളവരിലുമാണ് സൂര്യാഘാതം സാധാരണ ഉണ്ടാകുന്നത്. എന്നാല്‍ കഠിനമായ ചൂടില്‍ അത്യധ്വാനം ചെയ്യുന്ന ആരോഗ്യദൃഢഗാത്രരിലും ഈ പ്രശ്നമുണ്ടാകാം.
കഠിനമായ ചൂടിനെത്തുടര്‍ന്ന്, ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു. സാധാരണയായി ശാരീരിക താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുമ്പോഴാണ് ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നത്. ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും രോഗി അതീവഗുരുതരാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു.
സൂര്യാഘാതം രണ്ടുതരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും വൃദ്ധജനങ്ങളിലുമാണ് ഈ വിഭാഗത്തില്‍പ്പെട്ട സൂര്യാഘാതം കണ്ടുവരുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതെ, അമിതചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്നമുണ്ടാകുന്നത്. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരില്‍, അമിതചൂടില്‍ അത്യധ്വാനത്തിലേര്‍പ്പെടുന്നതിനെ തുടര്‍ന്ന് സൂര്യാഘാതമുണ്ടാകാം. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും വൃക്കസ്തംഭനം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാവുകയും ചെയ്യുന്നു.തലച്ചോറിന്റെ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്റെ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങി അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥയ്ക്കും (കോമ) ഇടയാക്കുന്നു. വൃദ്ധജനങ്ങളില്‍ താപാഘാതത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങിവരണ്ടിരിക്കും. എന്നാല്‍ അത്യധ്വാനത്തെ തുടര്‍ന്നുണ്ടാകുന്ന സൂര്യാഘാതമേറ്റവരില്‍ ശരീരം വിയര്‍ത്തു നനഞ്ഞിരിക്കും.ഉടന്‍ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് മോചനം നേടിയവരില്‍പ്പോലും 20 ശതമാനത്തിനും തലച്ചോറിന് സ്ഥായിയായ വൈകല്യങ്ങളുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്കത്തകരാറുകളും തുടരാനിടയുണ്ട്.
( 9447062728 )
പ്രതികരിക്കാൻ ഇവിടെ എഴുതുക: