കൊച്ചി: സോളാര്‍ വ്യവസായത്തിന് സഹായം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ഒരു പ്രൈവറ്റ് സെക്രട്ടറിക്കും എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. മുന്‍മന്ത്രിയും കോന്നി എംഎല്‍എയുമായ അടൂര്‍ പ്രകാശ്, മുന്‍ മന്ത്രിയും വണ്ടൂര്‍ എംഎല്‍എയുമായ എ.പി. അനില്‍കുമാര്‍, എറണാകുളം എംഎല്‍എ ഹൈബി ഈഡന്, എ.പി. അനില്‍കുമാറിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ. പി.നസറുള്ള എന്നിവര്‍ക്കെതിരെയാണ് കേസ്.
പ്രകൃതിവിരുദ്ധ പീഡനം, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അനില്‍കുമാറിനും അഡ്വ. നസറുള്ളയ്ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ബലാത്സംഗം, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍, ശല്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അടൂര്‍ പ്രകാശിനെതിരെ കേസ്. ബലാത്സംഗം, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹൈബി ഈഡന് എതിരായ കേസും. ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യേണ്ട കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചു.
ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ പോലീസ് മതിയായ തെളിവുകള്‍ ശേഖരിച്ച് ഇവരെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സാധ്യതാ പഠനത്തിനായി വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നും പിന്നീട് ബെംഗളുരുവിലുള്പ്പെടെ വെച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് അടൂര്‍ പ്രകാശിന് എതിരെ യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്. നേരിട്ടുള്ള പീഡനത്തിനു പുറമെ ഫോണ്‍ സെക്സിനും നിര്‍ബന്ധിച്ചു. എംഎല്‍എ ഹോസ്റ്റലിലേക്കും എറണാകുളം ഗസ്റ്റ് ഹൗസിലേക്കും നിരവധി തവണ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് ഹൈബി ഈഡന് എതിരായ മൊഴി.
എ.പി.അനില്‍കുമാര്‍ നസറുളള വഴി ഏഴു ലക്ഷം രൂപ കൈപ്പറ്റി. നിരവധി തവണ ദല്‍ഹി കേരളാ ഹൗസ്, ലേ മെറിഡിയന് ഹോട്ടല്‍, റോസ് ഹൗസ് എന്നിവിടങ്ങളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും കെ.സി വേണുഗോപാലിന് കൈമാറിയെന്നും മൊഴിയില്‍ പറയുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് നാലു പേര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ക്കെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സോളാര്‍ അഴിമതി വിവാദം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങളുടെ ഒടുവിലാണ് ക്രൈംബ്രാഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: