ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ കേരള സന്ദര്‍ശനത്തിനിടെ പാര്‍ട്ടിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ദേശീയ വക്താവും മലയാളിയുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദില്‍നിന്നും അംഗത്വം സ്വീകരിച്ച വടക്കന്‍ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സോണിയ കുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന വടക്കന്‍ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയിലെത്തിയത് ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായി.
പാക്കിസ്ഥാനില്‍ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച വ്യോമസേനയുടെ നടപടിയെ സംശയിച്ച കോണ്‍ഗ്രസ് നിലപാട് വേദനിപ്പിച്ചുവെന്നും രാജ്യവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും വടക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് കോണ്‍ഗ്രസ്സിലെ രീതി. ആത്മാഭിമാനമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാനാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. വടക്കന്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ കുടുംബവാഴ്ചയാണെന്ന് അദ്ദേഹം തുറന്നടിച്ചതും കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചു.
ദല്‍ഹി കേന്ദ്രീകരിച്ച് 20 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വടക്കന്‍ എഐസിസി സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. സോണിയ പാര്‍ട്ടി അധ്യക്ഷയായപ്പോള്‍ രൂപീകരിച്ച മാധ്യമ സമിതിയുടെ നേതൃത്വം വടക്കനായിരുന്നു. വര്‍ഷങ്ങളായി കോണ്‍ഗ്രസ്സിന്റെ മാധ്യമ സംഘത്തിലുള്ള അദ്ദേഹം ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരസാന്നിധ്യവും ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ മുഖവുമാണ്. പാര്‍ട്ടി വിടുന്നതിന്റെ യാതൊരു സൂചനയും കോണ്‍ഗ്രസ്സിന് ലഭിച്ചിരുന്നില്ല.
വടക്കന്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്ന കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാലയുടെ പ്രതികരണം കോണ്‍ഗ്രസ്സിന്റെ നിരാശ പ്രതിഫലിപ്പിക്കുന്നതായിരുന്നു. നാല് തവണ എംഎല്‍എയായിരുന്ന തൃണമൂലിന്റെ അര്ജുന് സിങ്ങും ഒഡീഷയിലെ കോണ്‍ഗ്രസ് നേതാക്കളും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: