കോട്ടയം: കേരള കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നതില്‍ മാണി വിഭാഗത്തിന് എതിര്‍പ്പ്. പാര്‍ട്ടി എല്ലാതലങ്ങളിലും ആലോചിച്ചാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നും ഇനി പുനരാലോചനയില്ലെന്നും മാണി വിഭാഗം വ്യക്തമാക്കി. കോട്ടയം സീറ്റില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ച പി.ജെ. ജോസഫിനോട് കോണ്‍ഗ്രസ് മൃദുസമീപനം പുലര്‍ത്തുകയാണെന്നാണ് മാണി വിഭാഗത്തിന്റെ ആരോപണം.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് കോണ്‍ഗ്രസിനുള്ള അസംതൃപ്തി പരിഹരിക്കാന്‍ കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ. മാണി നേരില്‍ സന്ദര്‍ശിച്ച് ആശയവിനിമയം നടത്തിയശേഷമാണ് തോമസ് ചാഴിക്കാടന്റെ പ്രചാരണം ആരംഭിച്ചത്.
എന്നാല്‍ കഴിഞ്ഞകാലങ്ങളിലേതു പോലെയുള്ള ഊര്‍ജ്വസ്വലത കോണ്‍ഗ്രസ് ഭാഗത്തുനിന്ന് ഉണ്ടാകാത്തത് മാണി വിഭാഗത്ത അലസോരപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ കോട്ടയം, ഇടുക്കി സീറ്റുകള്‍ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും വച്ചു മാറണമെന്നും അതല്ലെങ്കില്‍ യുഡിഎഫില്‍ തന്നെ മാന്യമായ ഇടം തരണമെന്ന ആവശ്യങ്ങളാണ് പി.ജെ. ജോസഫ് ആവശ്യപ്പെട്ടത്. ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കാന്‍ തയാറാണെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ജോസഫിന്റെ നീക്കങ്ങള്‍ക്ക് ചെവിക്കൊടുക്കണ്ടെന്നും പ്രചാരണ രംഗത്ത് സജീവമാകാനുമാണ് മാണി വിഭാഗത്തിന്റെ തീരുമാനം. ജോസ് കെ. മാണി ഡിസിസിയിലെത്തി ചര്‍ച്ച നടത്തിയിട്ടും കോണ്‍ഗ്രസ് അണികളില്‍ സ്ഥാനാര്‍ഥിയോടുള്ള എതിര്‍പ്പ് തുടരുകയാണ്. രണ്ട് വട്ടം നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടയാളെ സ്ഥാനാര്‍ഥിയാക്കിയതാണ് കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: