ഇടുക്കി: തേനി കൊരങ്ങണി കാട്ടുതീ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് നാളെ ഒരു വയസ്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ ബോഡിക്ക് സമീപം കൊരങ്ങണി വനത്തിലുണ്ടായ തീപിടിത്തത്തില്‍ ട്രക്കിങ് സംഘത്തില്‍പ്പെട്ട 22 പേരാണ് മരിച്ചത്. മരിച്ചവരില്‍ 16 സ്ത്രീകളും ആറ് പുരുഷന്മാരും ഉള്‍പ്പെടും.
2018 മാര്‍ച്ച് 11ന് വൈകിട്ടായിരുന്നു സംഭവം. ചെന്നൈ ട്രക്കിങ് ക്ലബ്ബില്‍ പേര് രജിസ്റ്റര്‍ ചെയ്ത കോയമ്പത്തൂര്‍, സേലം, തിരുപ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള 26 പേരും ഈറോഡ് നിന്നെത്തിയ 12 പേരും അടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഐടി ജോലിക്കാരും മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടുന്ന സംഘം പ്രദേശവാസിയായ ഗൈഡിനൊപ്പമാണ് തലേന്ന് മല കയറിയത്. ഇതില്‍ കോട്ടയം സ്വദേശിയായ മലയാളിയും ഉള്‍പ്പെടും. മൂന്ന് പേര് തുടക്കത്തിലെ തന്നെ തിരിച്ച് മടങ്ങിയിരുന്നു.
തേനി-ബോഡി മുന്തിയയിലെ ചെക്ക്പോസ്റ്റ് വഴി കൊരങ്ങണിയിലെത്തി ഇവിടെ നിന്ന് സംഘം കുത്തനെയുള്ള പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മല കയറുകയായിരുന്നു. കൊളുക്കുമല സന്ദര്‍ശിച്ച ശേഷം 11ന് ഉച്ചകഴിഞ്ഞ് 3.30യോടെ മടങ്ങി വരുമ്പോഴാണ് ഒറ്റമരം ഭാഗത്ത് വച്ച് അപകടമുണ്ടായത്. ചെങ്കുത്തായ കയറ്റവും, പാറക്കെട്ടുകളും ഒറ്റയടി പാതയും, കുടിവെള്ളത്തിന്റെ ക്ഷാമവും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. 2-4 അടിവരെ പൊക്കത്തില്‍ പുല്ലുനിറഞ്ഞ നിന്ന മേഖലയില്‍ മുകളില്‍ നിന്നെത്തിയ കാട്ടുതീയില്‍ സംഘം അകപ്പെടുകയായിരുന്നു. പലരും പലവഴിക്കും ഓടിയെങ്കിലും 10 പേര് മാത്രമാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് വനിതാദിനത്തിന്റെ ഭാഗമായി അനധികൃത ട്രക്കിങ് നടത്തിയതെന്നും ഇവര്‍ക്ക് അംഗീകാരം ഇല്ലെന്നും പിന്നീട് കണ്ടെത്തിയിരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ആളുകളെ കണ്ടെത്തിയത്. ഈറോഡ് നിന്നെത്തിയ സംഘത്തിന്റെ തലവനെ പോലീസ് പിടികൂടിയിരുന്നുവെങ്കിലും ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ ഉടമയായ വിദേശിയെയും ഗൈഡിനെയും കണ്ടെത്താനായിട്ടില്ല.
വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടായെങ്കിലും തീയിട്ടതാരെന്നതടക്കമുള്ളവ ഇനിയും കണ്ടെത്തിയിട്ടില്ല. 10 പേരാണ് ആദ്യ രണ്ട് ദിനം മാത്രം മരിച്ചത്. ബാക്കിയുള്ളവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും. ബന്ധുക്കളും നവ ദമ്പതികളും മരിച്ചവരില്‍ ഉള്‍പ്പെടും. ഇതിന് പിന്നാലെ സംസ്ഥാനത്തും ട്രക്കിങ്ങിന് നിരോധനം വന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ തമിഴ്നാട് വീണ്ടും നിരോധനം കൊണ്ടുവന്നെങ്കിലും കേരളത്തില്‍ എല്ലാം പഴയപടി തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: