‘ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തില്‍ കോണ്‍ഗ്രസുമുണ്ട്” എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയാണിത്. അതിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ പ്രതികരണം കണ്ടില്ല. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഈറ്റില്ലമായിരുന്നു ഉത്തര്‍പ്രദേശ്. നെഹ്റുവും ഇന്ദിരയും രാജീവുമെല്ലാം വിജയിച്ച് പ്രധാനമന്ത്രിക്കസേരയിലെത്തിയ സംസ്ഥാനം. ഇന്ന് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഉപ്പുവച്ച കലം പോലെയാണ്. അരിച്ചരിച്ച് ഇല്ലാതായി.
ബിരിയാണിക്ക് തയ്യാറാക്കിയ ചെമ്പില്‍ കഞ്ഞിവച്ച സ്ഥിതിയിലെത്തിയിരിക്കുകയാണ് ആ പാര്‍ട്ടി. സഖ്യത്തിലുള്ള കോണ്‍ഗ്രസുമായി അഖിലേഷ് യാദവോ മായാവതിയോ സീറ്റ് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. എസ്പിയും ബിഎസ്പിയും സീറ്റുകള്‍ പങ്കിട്ടെടുത്തു. സോണിയയും രാഹുലും കഴിഞ്ഞ തവണ ജയിച്ച മണ്ഡലങ്ങളായ റായ്ബറേലിയും അമേഠിയും ഒഴിച്ചിട്ടു.
എസ്പി സഖ്യം ഒഴിച്ചിട്ട ആ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ സോണിയയും രാഹുലും. അങ്ങനെ പശുവിനും കിടാവിനും യുപിയില്‍ മത്സരിക്കാന്‍ മണ്ഡലങ്ങളായി. ജയിക്കുന്ന കാര്യം തീരുമാനിക്കുന്നത് ജനങ്ങളാണല്ലോ.
കോണ്‍ഗ്രസിനെപ്പോലെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കക്ഷിയാണല്ലോ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍. സംസ്ഥാന പാര്‍ട്ടിയെങ്കിലുമായി ജീവിച്ചുപോകാന്‍ കൊതിക്കുന്ന കക്ഷിയാണത്. അതിന് നിശ്ചിതശതമാനം വോട്ടുവേണം. കേരളം, ബംഗാള്‍, ത്രിപുര. എന്നും കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ പറയുന്ന സംസ്ഥാനമാണിതെല്ലാം. അത് ഒരുകാലത്ത് മറ്റുള്ളവര്‍ക്ക് ബാലികേറാമലയായിരുന്നു. ബംഗാളിലും ത്രിപുരയിലും 35, 25 വര്‍ഷങ്ങള്‍ അധികാരത്തിലിരുന്നു. ജനാധിപത്യം അടവുനയമായി മാത്രം അംഗീകരിക്കുന്ന ഈ കക്ഷി ജനാധിപത്യത്തിന്റെ സുഖവും സൗകര്യങ്ങളും ആസ്വദിച്ച് ജനങ്ങള്‍ക്കുമേല്‍ കുതിരകയറി. ത്രിപുരയില്‍ പതിനായിരം കോണ്‍ഗ്രസുകാരെ സിപിഎം ഭരണത്തില്‍ കൊന്നുതള്ളി എന്ന റിപ്പോര്‍ട്ട് വന്നത് കഴിഞ്ഞ ദിവസമാണ്. ഇന്ന് ത്രിപുരയില്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന പരസ്യത്തിന്റെ അവസ്ഥയിലായി സിപിഎം. ത്രിപുരയിലേതിനെക്കാള്‍ കൊലയില്‍ മുമ്പന്‍ ബംഗാളികളാണ്. 35 വര്‍ഷത്തിനിടയില്‍ 55000 രാഷ്ട്രീയ പ്രതിയോഗികളെ കൊന്നതായാണ് റിപ്പോര്‍ട്ട്. മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോമാത്രം. ഓഫീസടക്കം അംഗങ്ങള്‍ പാര്‍ട്ടി മാറുന്നു. പലരും ബിജെപിയിലാണ് ആശ്വാസം കണ്ടെത്തുന്നത്. കോണ്‍ഗ്രസ് അവിടെ ആത്മഹത്യാമുനമ്പിലാണ്. മുങ്ങിച്ചാകുമെന്നുറപ്പായ ഇരുപാര്‍ട്ടികളും അവസാനത്തെ അടവ് പരീക്ഷിക്കുകയാണ്. കയത്തില്‍ താണുമുങ്ങി മരിക്കാന്നേരം വൈക്കോല്‍ത്തുരുമ്പില്‍ പിടിച്ചെങ്കിലും രക്ഷപ്പെടാന്‍ ഒരു വിഫലശ്രമം നടത്തുമല്ലൊ. അങ്ങനെയൊരവസ്ഥയിലാണ് രാഷ്ട്രീയത്തിലെ ഈനാംപേച്ചിയും മരപ്പട്ടികളുമായ പാര്‍ട്ടികള്‍. രണ്ടും അവിഹിതവേഴ്ചയ്ക്ക് പൂര്‍ണസമ്മതത്തിലായത്. സിറ്റിംഗ് സീറ്റ് വിട്ടുകൊടുത്തിട്ടായാലും കോണ്‍ഗ്രസിനൊപ്പം ശയനം നടത്താന്‍ സിപിഎം നിര്‍ബന്ധിതമായി.
സിപിഎമ്മിനൊപ്പം നില്ക്കുന്ന സിപിഐ ആറ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമുണ്ടാക്കി. തമിഴ്നാട്ടിലാണ് വിചിത്രമായ അവിഹിത സഖ്യം. കേരളത്തില്‍ വര്‍ഗീയ പാര്‍ട്ടി എന്ന് മുദ്രകുത്തി അകറ്റിനിര്‍ത്തുന്ന മുസ്ലീം ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷന്‍ തമിഴ് നാട്ടുകാരനാണ്. അയാളുമായി സഖ്യചര്‍ച്ച നടത്തി സിപിഎമ്മും സിപിഐയും ധാരണയിലെത്തി. കോണ്‍ഗ്രസും ഡിഎംകെയും ഈസഖ്യത്തിലുണ്ട്. കേരളത്തില്‍ വര്‍ഗീയമെന്ന് ആക്ഷേപിക്കപ്പെടുന്ന പാര്‍ട്ടി തമിഴ്നാട്ടില്‍ സ്വര്‍ഗീയം. സിപിഎമ്മടക്കമുള്ള കമ്മ്യൂണിസ്റ്റുകാരുടെ മെയ് വഴക്കം സമ്മതിച്ചേ പറ്റു. പൊന്നാനിയില്‍ വര്‍ഗീയ പാര്‍ട്ടിയായ ലീഗിനെ തോല്‍പ്പിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥി തന്നെ ഉണ്ടാകുമത്രെ. ഇടത് കണ്‍വീനര്‍ വിജയരാഘവന് ഇത് പറയുമ്പോള്‍ മുഖത്ത് ജാള്യത കാണേണ്ടതുതന്നെയായിരുന്നു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പഠനം കണ്ണൂരിലെ ഇ.കെ.നായനാര്‍ ഗവേഷണ കേന്ദ്രത്തിലോ തിരുവനന്തപുരത്തെ ഇഎംഎസ് പഠനകേന്ദ്രത്തിലോ നടത്താനുള്ള ത്രാണിയുണ്ടോ സഖാക്കള്‍ക്ക്? ബിജെപി മുന്നോട്ടുകൊണ്ടുപോകുന്ന നവലിബറല്‍ സാമ്പത്തിക നയത്തെഎതിര്‍ത്ത് തോല്‍പ്പിക്കാനാണത്രെ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ നയം അപ്പടി അംഗീകരിക്കുകയല്ല ബിജെപി ചെയ്യുന്നത്. ഏത് നയമായാലും പാവപ്പെട്ടവന് പ്രയോജനപ്പെടുംവിധം രൂപപ്പെടുത്തുന്നു. എല്ലാവര്ക്കും അനുഭവപ്പെടുംവിധത്തിനൊത്തും നാടിന്റെ സമഗ്രവികസനത്തിനായും അവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
കോണ്‍ഗ്രസാണ് ജനദ്രോഹകരമായ നവലിബറല്‍ നയം കൊണ്ടുവന്നത്. അതിന്റെ ആശാന് മന്‍മോഹന്‍സിങ്ങാണ്. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത് സിപിഎമ്മും സിപിഐയും ചേര്‍ന്നാണ്. അന്നത്തെ നയം തെറ്റായിപ്പോയി എന്ന് കോണ്‍ഗ്രസ് ഇതുവരെ പറഞ്ഞിട്ടില്ല. എന്നിട്ടുമെന്തേ കോണ്‍ഗ്രസിന്റെ സാരിത്തുമ്പില്‍ തൂങ്ങിനടക്കാന്‍ സിപിഎം ആഗ്രഹിക്കുന്നു? ഉത്തരം ഒന്നേയുള്ളു. ഉദരനിമിത്തം ബഹുകൃതവേഷം! കോണ്‍ഗ്രസിനെ കൊടിലുകൊണ്ടുപോലും തൊടാന്‍ കൊള്ളില്ലെന്ന് കാലങ്ങളോളം എഴുതുകയും പറയുകയും പഠിപ്പിക്കുകയും ചെയ്ത നേതാവാണ് ഇഎംഎസ് നമ്പൂതിരിപ്പാട്. നായനാരുടെ അഭിപ്രായം ഒന്നുകൂടി കടുപ്പിച്ചായിരുന്നു. പഠിച്ചതെല്ലാം മറന്നേയ്ക്കൂ എന്നാണ് സീതാറാം യെച്ചൂരി പാടുന്നത്. ‘അങ്ങനെതന്നെ, അങ്ങനെതന്നെ എന്ന് തലയാട്ടി പിണറായി വിജയനുംകോടിയേരി ബാലകൃഷ്ണനും സമ്മതിക്കുന്നു. ഇതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാന്‍ അണികള്‍ക്കെങ്ങനെ സാധിക്കും! പെരിയയിലെ ചോരമണം മാറിയിട്ടില്ല. രണ്ടുചെറുപ്പക്കാരെ വെട്ടിനുറുക്കി കൊന്ന മാര്‍ക്സിസ്റ്റുകാരെ വാരിപ്പുണരണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചാല്‍ കോണ്‍ഗ്രസുകാര്‍ക്ക് ദഹിക്കുമോ? സഹിക്കുമോ? കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: