തിരുവനന്തപുരം: സംസ്ഥാന സമിതിയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടും ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കടുംപിടിത്തമാണ് ഇന്നസെന്റിന് വീണ്ടും നറുക്ക് വീഴാന്‍ കാരണം. ചാലക്കുടിയില്‍ പാര്‍ട്ടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പു മറികടന്നാണ് തീരുമാനം.
ഇടതു കലാ മേഖലയില്‍ നിന്ന് ഒരാള്‍ ഉണ്ടാകണം എന്ന നിലപാടില്‍ മുകേഷ് എംഎല്‍എയും, മമ്മൂട്ടിയും ഇന്നസെന്റിനായി കോടിയേരിയില്‍ സമ്മര്‍ദം ചെലുത്തി. ഇതോടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചാലക്കുടിയില്‍ ഇന്നസെന്റ് മതിയെന്ന് കോടിയേരി യോഗത്തെ അറിയിച്ചു. എതിരഭിപ്രായം ഉയര്‍ന്നെങ്കിലും ഇതുതന്നെയാണു തീരുമാനമെന്നും മറ്റു ചര്‍ച്ചകളൊന്നും വേണ്ടെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എറണാകുളത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി.രാജീവിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ഇന്നസെന്റിനെ മാറ്റി രാജീവിനെ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നപ്പോള്‍ ഒരാളെ തത്കാലം രണ്ടു മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കഴിയില്ലെന്ന മറുപടിയായിരുന്നു കോടിയേരി നല്‍കിയത്.
പി.വി. അന്‍വറിനെ പൊന്നാനിയില്‍ മത്സരിപ്പിക്കുന്നതിനും പാര്‍ട്ടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, കോടിയേരിക്ക് താല്‍പ്പര്യം അന്‍വര്‍ പൊന്നാനിയില്‍ മത്സരിക്കണമെന്നാണ്. വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അന്‍വറിന് ജയസാധ്യത ഇല്ലെന്നാണ് പൊന്നാനിയിലെ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. വി. അബ്ദുറഹ്മാന്റെ പേര് പരിഗണിക്കണമെന്ന് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചെങ്കിലും കോടിയേരി തള്ളി. അന്‍വറിന്റെ കാര്യത്തില്‍ ചര്‍ച്ചവേണമെന്നും കോടിയേരി മണ്ഡലം കമ്മിറ്റിയോട് ആവശ്യപ്പെട്ടു. അന്‍വറിനെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്ക് ഇപ്പോഴും താല്‍പ്പര്യമുണ്ടെന്ന നിലപാടില്‍ തന്നെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ്.
മറ്റു 15 ലോക്സഭാ മണ്ഡലങ്ങളിലേയും സിപിഎം സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയായി. പി. കരുണാകരനെ ഒഴിവാക്കി മറ്റ് ആറ് സിറ്റിങ് എംപിമാരും വീണ്ടും മത്സരിക്കും. കൂടാതെ മൂന്ന് എംഎല്‍എമാരെയും മത്സരിപ്പിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ എ. സമ്പത്തും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജും പാലക്കാട് എം.ബി. രാജേഷും ആലത്തൂരില്‍ പി.കെ. ബിജുവും കണ്ണൂരില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയുമാണ് സ്ഥാനാര്‍ഥികള്‍. കൊല്ലത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.എന്‍. ബാലഗോപാലും ആലപ്പുഴയില്‍ എ.എം. ആരിഫ് എംഎല്‍എയും പത്തനംതിട്ടയില്‍ വീണാ ജോര്‍ജ് എംഎല്‍എയും കോട്ടയത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും വടകരയില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനുമാണു സ്ഥാനാര്‍ഥികള്‍. മലപ്പുറത്ത് വി.പി. സാനുവും കോഴിക്കോട്ട് എ. പ്രദീപ്കുമാര്‍ എംഎല്‍എയും കാസര്‍കോട്ട് കെ.പി. സതീഷ് ചന്ദ്രനും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: