സ്ത്രീശാക്തീകരണം നടപ്പാക്കേണ്ടതാണ്. വനിതാദിനത്തില്‍ അതിനെ കുറിച്ചുള്ള ചിന്തകള്‍ക്ക് പ്രസക്തിയുമുണ്ട്. ഇന്ന് സമൂഹത്തില്‍ സ്ത്രീകളെ ശക്തിപ്പെടുത്താന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം പ്രഹസനങ്ങളാണ്. ചിലര്‍ അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി സ്ത്രീകളെ ശാക്തീകരിക്കുന്നതായി അഭിനയിക്കുന്നു, മറ്റുചിലര്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് മുറവിളി കൂട്ടുന്നത്.
വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും ചെറുതല്ല. കഴിഞ്ഞവര്‍ഷത്തെ ഏറ്റവുംവലിയ ജനകീയസമരം ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നടന്ന സമരമായിരുന്നു. ആരുടെയും സമ്മര്‍ദ്ദമില്ലാതെ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി. നിലവിലുള്ള വ്യവസ്ഥകള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ആ സമരത്തിന് ഇപ്പോഴും അയവുവന്നിട്ടില്ല. ഇത്രയും സ്ത്രീകള്‍ അണിനിരന്ന സമരം കേരളചരിത്രത്തില്‍ ആദ്യമാണ്. സ്ത്രീശാക്തീകരണത്തിന്റെ യഥാര്‍ത്ഥ മുഖമാണ് ഇതില്‍ തെളിഞ്ഞുനിന്നത്. സ്ത്രീ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിളക്കാണെന്നും സാമൂഹിക വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ എതിര്‍ക്കാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നും ശബരിമല സമരം നമ്മളെ വീണ്ടും ബോധ്യപ്പെടുത്തി.
സംസ്ഥാന സര്‍ക്കാര്‍ പുതുവര്‍ഷ പുലരിയില്‍ നവോത്ഥാനമെന്ന ഓമനപ്പേരിട്ട് നടത്തിയ വനിതാമതില്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീകളെ അടിമകളായി ചിത്രീകരിക്കുന്നതായിരുന്നു. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരായാണ് സ്ത്രീകള്‍ മതിലില്‍ അണിനിരന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്തവരെ പങ്കെടുപ്പിച്ച് മതില് തീര്‍ത്തതിലൂടെ അടിമത്വം തിരിച്ചെത്തുന്നതും മലയാളി കണ്ടു. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കൊന്നും മതിലില്‍ പങ്കെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലായിരുന്നു എന്നതാണ് സത്യം.
ആര്‍പ്പോ ആര്‍ത്തവം, താലിപൊട്ടിക്കല്‍, ചുംബനസമരം തുടങ്ങിയ ആവിഷ്ക്കാര സ്വാതന്ത്ര്യ പേക്കൂത്തുകള്‍ക്ക് സ്ത്രീകള്‍ നല്കിയ താക്കീത് കൂടിയായിരുന്നു ശബരിമല സമരം.
കെ.പി.ശശികല ടീച്ചര്‍
(ഹിന്ദുഐക്യവേദി
സംസ്ഥാന അദ്ധ്യക്ഷ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: