ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം. ബംഗാളില്‍ ഇരുപാര്‍ട്ടികളുടെയും ആറ് സിറ്റിംങ് സീറ്റുകളില്‍ പരസ്പരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 2014ല്‍ കോണ്‍ഗ്രസ് നാലിടത്തും സിപിഎം രണ്ടിടത്തുമാണ് വിജയിച്ചത്. ഈ മാസം എട്ടിന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ മറ്റ് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കും. തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ കയറിക്കൂടാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.
ബിജെപിയെ തോല്‍പ്പിക്കുന്നതിനായി സംസ്ഥാനതലത്തില്‍ സഖ്യത്തിന് നേരത്തെ കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയിരുന്നു. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളില്‍ ഒന്നോ രണ്ടോ സീറ്റില്‍ മാത്രമാകും സിപിഎം മത്സരിക്കുക. മറ്റ് സീറ്റുകളില്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യും. ബംഗാളിലെ സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും നേതൃതലത്തില്‍ ധാരണയായതിന് ശേഷമാണ് സിപിഎമ്മിന്റെ പ്രഖ്യാപനം. കേരളത്തിലെ നേതാക്കള്‍ സഖ്യം എതിര്ത്തിരുന്നോയെന്ന ചോദ്യത്തിന് ഭൂരിപക്ഷ പിന്തുണയോടെയാണ് തീരുമാനമെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.
സിപിഎം ജയിച്ച റായ്ഗഞ്ച്, മൂര്‍ഷിദാബാദ് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചതിനാല്‍ സഖ്യം അനിശ്ചിതത്വത്തിലായിരുന്നു. ഇവിടെ രണ്ടാമതെത്തിയതും നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേക്കാള്‍ സീറ്റുകള്‍ ലഭിച്ചതുമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസ്സിന്റെ മാള്‍ഡ നോര്‍ത്തിലെ എംപിയായ മൗസം നൂര്‍ അടുത്തിടെ തൃണമൂലില്‍ ചേര്‍ന്നിരുന്നു.
മത്സരിക്കാന്‍ പകുതി സീറ്റ് പോലുമില്ല
42 ലോക്സഭാ സീറ്റില്‍ 32 ഇടത്താണ് സിപിഎം ഇതുവരെ മത്സരിച്ചിരുന്നത്. ബാക്കി സീറ്റുകളില്‍ എട്ട് ഇടത് പാര്‍ട്ടികളും. മൂന്നര പതിറ്റാണ്ട് സംസ്ഥാനം ഭരിച്ച സിപിഎമ്മിന്റെ മത്സരം ഇത്തവണ 20 സീറ്റില്‍ ഒതുങ്ങും. സിറ്റിംങ് സീറ്റുകള്‍ നിലനിര്‍ത്താനുള്ള അവസാന ശ്രമമാണ് അവസരവാദ സഖ്യം. മുഴുവന്‍ സീറ്റിലും മത്സരിക്കാനുള്ള സാമ്പത്തിക ശേഷിയോ സംഘടനാ സംവിധാനമോ ഇല്ലെന്നതിനാല്‍ സഖ്യമില്ലെങ്കിലും സ്ഥാനാര്‍ത്ഥികള്‍ 20 സീറ്റില്‍ മതിയെന്ന് പാര്‍ട്ടി നേരത്തെ തീരുമാനമെടുത്തിരുന്നു. തൃണമൂലിന്റെ അക്രമങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കാത്തതും തിരിച്ചടിയാണ്. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നുമില്ല. 2011ല്‍ മമത ഭരണത്തിലെത്തിയതിന് ശേഷം ഓരോ തെരഞ്ഞെടുപ്പിലും വോട്ടും സീറ്റും കുറയുകയാണ് സിപിഎമ്മിന്. ബിജെപി ഇടതുപക്ഷത്തെ മറികടന്ന് രണ്ടാമതെത്തിയതും അവരെ അലട്ടുന്നുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച നേട്ടം ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: