ദക്ഷിണായനം പൂര്‍ത്തിയാക്കി സൂര്യന് ഉത്തരായനത്തിലേക്ക് കടക്കുന്ന ദിവസമാണ് മകരസംക്രാന്തി. ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് സൂര്യന് പ്രവേശിക്കുന്ന നാള്. ശുഭകാര്യങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ഉചിതമായ കാലമത്രേ ഉത്തരായനം. ഭീഷ്മപിതാമഹന് ശരശയ്യയില്‍ ഇച്ഛാമരണം സ്വീകരിക്കാന്‍ ഉത്തരായനം വരെ കാത്തു കിടന്നു. മരിക്കുന്നത് ഉത്തരായനകാലത്തെങ്കില് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.
കേരളത്തില്‍ മകര സംക്രാന്തിക്ക് മറ്റെങ്ങുമില്ലാത്തൊരു സവിശേഷതയുണ്ട്. അന്നാണ് ശബരിമലയില്‍ മകരവിളക്ക്. ധനുമാസത്തിലെ അവസാനനാളും ശനിയാഴ്ചയും ഒരുമിച്ചു വന്ന ദിനത്തിലാണ് അയ്യപ്പന്റെ ജനനമെന്ന് വിശ്വസിച്ചു പോരുന്നു. മകരസംക്രാന്തിയില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി, ഭഗവാന് ദീപാരാധന നടത്തുന്നതോടെ കിഴക്കന്‍ മലമുകളില്‍ ജ്യോതി തെളിയും. മാനത്ത് മകര നക്ഷത്രമുദിക്കും. അന്ന് സന്ധ്യാദീപം തെളിച്ച് വീടുകളില്‍ ശരണം വിളിക്കുന്നത് നല്ലതത്രേ.
ആഘോഷങ്ങള്‍ക്ക് വൈവിധ്യമുണ്ടെങ്കിലും ഇന്ത്യയൊന്നാകെയുള്ള ഹൈന്ദവര്‍ക്ക് മകര സംക്രാന്തി പുണ്യദിനമാണ്. സൂര്യനോളം ഉയരാനുള്ള മനുഷ്യപ്രയത്നങ്ങളുടെ പ്രതീകമായി സംക്രാന്തിക്ക് പട്ടം പറത്തുന്ന പതിവുണ്ട്. പുണ്യസ്നാനത്തിനും
ശുഭകരമാണ് ദിവസം. ശംഖാസുരനെ വധിച്ച ശേഷം മഹാവിഷ്ണു മകരസംക്രാന്തിയില്‍ ത്രിവേണീ സംഗമത്തില്‍ സ്നാനം നടത്തിയതെന്ന വിശ്വാസമാണ് പുണ്യസ്നാനത്തിന് ആധാരമായ ഐതിഹ്യം.
തമിഴ്നാട്ടില്‍ മകരസംക്രാന്തി തെയ്പ്പൂയമായി ആഘോഷിക്കുന്നു. സുബ്രഹ്മണ്യന്റെ പിറന്നാളാഘോഷമാണ് തൈയ്പ്പൂയം. താരകാസുര നിഗ്രഹം നടത്തിയതും ഇതേ നാളിലത്രേ. കേരളത്തിലെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും തൈപ്പൂയത്തിന് പ്രത്യേക ചടങ്ങുകള്‍ പതിവാണ്.
ഉത്തര്‍പ്രദേശില്‍ മകരസംക്രാന്തിയെന്നാല് ‘കിച്ചരി മാഘമേള’ യാണ്. അന്ന് ദശലക്ഷക്കിനാളുകള് പുണ്യ നദികളില്‍ സ്നാനം നടത്തും. ആസാമിന് സംക്രാന്തി, വിളവെടുപ്പുത്സവമായ മാഘ്ബിഹു. ആന്ധ്രയിലും ഇത് കൊയ്ത്തുല്‍സവം. പെദ്ദപന്തകയെന്ന പേരിലാണ് ആഘോഷം.
ദല്‍ഹിയിലും ഹരിയാനയിലും സംക്റാത്ത് എന്നറിയപ്പെടുന്നു. അന്ന് കുടുംബങ്ങളുടെ കൂടിച്ചേരലിനാണ് പ്രാധാന്യം. പഞ്ചാബില്‍ സംക്രാന്തി അറിയപ്പെടുന്നത് മാഘിയെന്നാണ്.
പട്ടം പറത്തിയും നൃത്തമാടിയും പഞ്ചാബികള്‍ മാഘി അവിസ്മരണീയമാക്കുന്നു. മഹാരാഷ്ട്രയില്‍ എള്ളുണ്ട വിതരണമില്ലാതെ സംക്രാന്തിയില്ല. ആഘോഷത്തിന്റെ പേരിലുമുണ്ട് സാമ്യം. തില സംക്രാന്തി. ഗുജറാത്തിലും രാജസ്ഥാനിലും ഈ ആഘോഷം ഉത്തരായന്‍ എന്നാണ് അറിയപ്പെടുന്നത്. പട്ടം പറത്തല്‍ പ്രധാന ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: