കണ്ണൂര്‍: ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍ യു.പി. സന്തോഷ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ചെമ്മരത്തി ചിതയിലെ വെളിച്ചം’ എന്ന ഡോക്യുമെന്ററി സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ മാര്‍ച്ച് 18 മുതല്‍ 31 വരെ കല്‍ക്കത്തയിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
വടക്കേ മലബാറിലെ അനുഷ്ഠാനമായ തെയ്യത്തെ ആസ്പദമാക്കിയുള്ളതാണ് ഡോക്യുമെന്ററി. കതിവന്നൂര്‍ വീരന് തെയ്യത്തെ മുന്‍നിര്‍ത്തി തെയ്യം എന്ന അനുഷ്ഠാനത്തിന്റെ പരാതത്വസങ്കല്പം എന്തെന്ന അന്വേഷണമാണ് ഈ ഹ്രസ്വചിത്രത്തില്‍ നടത്തുന്നത്. ഓരോ മനുഷ്യനിലും കുടികൊള്ളുന്ന ദൈവചൈതന്യത്തെക്കുറിച്ചും പ്രകൃതിപുരുഷ സങ്കല്‍പ്പത്തെക്കുറിച്ചും ഓര്‍മിപ്പിക്കുകയാണ് മിക്ക തെയ്യാവതരണങ്ങളും എന്ന നിഗമനത്തിലെത്തുകയാണ് സംവിധായകന് ഈ ചിത്രത്തി
ലൂടെ.
മീഡിയ രഘുവംശത്തിന്റെ ബാനറില്‍ പി.ആര്. രാജേന്ദ്രന് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം കെ. സുബിത്താണ്. ബോധി പ്രസൂണ്‍ എഡിറ്റിംഗും ഗ്രാഫിക്സും നിര്‍വഹിച്ചു.
കോലധാരി: സതീഷ് പറവൂര്‍, തോറ്റം: നാരായണന് പെരുവണ്ണാന്, വിവരണം: വിനീത, കെ.ഒ. ശശിധരന്, ശബ്ദലേഖനം: ജയ്ദ് എല്‍, ഗതാഗതം: ബിനോയ്. ഡോക്യുമെന്ററിയുടെ പ്രിവ്യൂ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: