തൊഴില്‍ മേഖലയില്‍ മാറ്റം കൊണ്ടുവരികയെന്നത് ഇന്ത്യയിലെ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ക്ക് ശ്രമകരമായ ദൗത്യമാണ്. ആഗോളവത്ക്കരണത്തിന്റെ വരവോടെ സാമ്പത്തിക പരിഷ്ക്കരണങ്ങളുടെ ഭാഗമായി തൊഴില്‍ നിയമങ്ങള്‍ മാറ്റുകയെന്നത് വളരെ സങ്കീര്‍ണമാണ്. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ വന്നതുമുതല്‍ തൊഴില്‍മേഖലയെ സംബന്ധിച്ചിടത്തോളം കലുഷിതമായ കാലത്തിലൂടെയാണ് കടന്നുപോന്നിട്ടുള്ളത്. ശരിയായ ഉപദേശകരുടെ അഭാവം തൊഴിലാളികളുടെ മനഃസ്ഥിതി വിലയിരുത്തുന്നതില്‍ പ്രശ്നങ്ങളുണ്ടാക്കി. പിന്നീട് പ്രശ്നങ്ങള്‍ മനസ്സിലാക്കിയതോടെ വലിയ മാറ്റങ്ങളുണ്ടാവുകയും, തൊഴിലാളികള്‍ക്ക് ആശ്വാസം ലഭിക്കുകയും ചെയ്തു. ബിഎംഎസ് സ്ഥിരമായി പിന്‍പറ്റുന്ന ‘സംഘര്‍ഷവും സംവാദവും’ എന്ന നയത്തിന്റെ ഫലമായി തൊഴില്‍ മേഖലയില്‍ ഇന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മുന്‍ സര്‍ക്കാരുകളെ അതിശയിപ്പിക്കുന്നവിധം തൊഴിലാളികള്‍ക്ക് വന്‍തോതില്‍ ആനുകൂല്യങ്ങള്‍ നല്കാന് തുടങ്ങിയതോടെ നരേന്ദ്രമോദി സര്‍ക്കാരില്‍ വലിയ പ്രതീക്ഷകളാണ് അവര്‍ക്കുള്ളത്.
അംബേദ്കറിനുശേഷം ഇത് ആദ്യം
ഇന്ത്യന്‍ തൊഴില്‍ മേഖലയുടെ 100 വര്‍ഷത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ ഡോ. ബാബാ സാഹേബ് അംബേദ്കറുടെ കാലത്തെ സുവര്‍ണകാലമെന്ന് വിശേഷിപ്പിക്കാം. വളരെ കുറഞ്ഞ കാലം (1942-46) മാത്രമാണ് ഡോ. അംബേദ്കര്‍ വൈസ്രോയി കൗണ്‍സിലില്‍ രാജ്യത്തിന്റെ ആദ്യ തൊഴില്‍വകുപ്പ് മന്ത്രിയായിരുന്നത്. അംബേദ്കര്‍ ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പി മാത്രമല്ല, രാജ്യത്തിന്റെ തൊഴില്‍ നിയമ പരിഷ്ക്കരണങ്ങളുടെയും ശില്‍പ്പിയായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദിവസവും 14 മണിക്കൂര്‍ തൊഴില്‍ സമയം എട്ട് മണിക്കൂറാക്കി ചുരുക്കിയത് ഡോ. അംബേദ്കറായിരുന്നു. ‘മിനിമം വേതന നിയമവും’ അംബേദ്ക്കറുടെ സംഭാവനയാണ്. ഡിഎ, അവധിയാനുകൂല്യങ്ങള്‍, ശമ്പളപരിഷ്ക്കരണം തുടങ്ങിയവയുടെ കാരണക്കാരനും അംബേദ്കറാണ്. ഖനികളിലെ സ്ത്രീതൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യനിയമം, സ്ത്രീ തൊഴിലാളി ക്ഷേമഫണ്ട്, വനിതാ-ശിശു തൊഴിലാളി സംരക്ഷണ നിയമം, വനിതാ തൊഴിലാളികള്‍ക്കുള്ള പ്രസവാവധി, കല്‍ക്കരി ഖനികളില്‍ ഭൂമിക്കടിയില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നിങ്ങനെ നിരവധി നിയമങ്ങള്‍ക്ക് അംബേദ്കര്‍ രൂപംനല്കി. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ആക്ട്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആക്ട്, വ്യവസായ തര്‍ക്കപരിഹാര നിയമം, ഫാക്ടറീസ് ആക്ട് എന്നിവ രൂപപ്പെടുത്തിയതിലും അംബേദ്കറുടെ സംഭാവനകളുണ്ട്. തൊഴിലാളികള്‍ക്ക് സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാനായതും അംബേദ്കര്‍ ഉണ്ടായിരുന്നതുകൊണ്ടാണ്.
തൊഴില്‍ സംരക്ഷണം ബലികഴിക്കേണ്ടതുണ്ടോ?
രാഷ്ട്രത്തിന്റെയും വ്യവസായത്തിന്റെയും തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ തുല്യമായി സംരക്ഷിക്കപ്പെടുകയും, മൂന്നും ഒരുമിച്ച് പുരോഗമിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ബിഎംഎസ് വിഭാവനം ചെയ്യുന്നത്. പക്ഷേ, രാജ്യത്തിന്റെ നയരൂപീകരണം ഈ സമഗ്രമായ സമീപനത്തിന് ഒരിക്കലും അനുയോജ്യമായിരുന്നില്ല. വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തേണ്ടത് തൊഴിലാളികള്‍ക്കുള്ള അവകാശങ്ങളുടെ കുഴിമാടത്തിന് മുകളിലാകണമെന്ന അന്ധമായ വിശ്വാസമാണ് നയരൂപീകരണം നടത്തുന്നവര്‍ പിന്തുടര്ന്നത്. ഇതിനെതിരെ ബിഎംഎസ് നിരന്തര സമരത്തിന്റെ നിലമൊരുക്കുകയുണ്ടായി. തീരുമാനങ്ങളെടുക്കുന്നതിനുമുമ്പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താനുള്ള ആത്മവിശ്വാസം നയം രൂപീകരിക്കുന്നവര്ക്കില്ല. ഇന്ത്യയിലിത് ഭരണപരമായ പ്രശ്നം തന്നെയാണ്. ഒരുദാഹരണം പറയാം. രാജ്യത്ത് 24 മണിക്കൂറിനകം ഒരു സംരംഭം തുടങ്ങാന്‍ കഴിയുന്ന വ്യാവസായികാന്തരീക്ഷമാണ് നാം ആഗ്രഹിക്കുന്നത്. പക്ഷേ ഇതിനുവേണ്ടി പാരിസ്ഥിതിക, ആരോഗ്യ, സുരക്ഷാ തൊഴില്‍ സംരക്ഷണം ബലികഴിക്കേണ്ടതുണ്ടോ? ബന്ധപ്പെട്ടവരെല്ലാം ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് വേഗമേറിയതും ഉപഭോക്തൃ സൗഹൃദപരവുമായ സുസമ്മതവ്യവസ്ഥയ്ക്ക് രൂപംനല്‍കുകയാണ് വേണ്ടത്. ബന്ധപ്പെട്ട എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ ശരിയായി ഉള്‍ക്കൊള്ളാനാകണം. വ്യവസായത്തില്‍ ‘സ്ഥായിയായ സംരംഭങ്ങളും,’ തൊഴിലാളികള്‍ക്ക് ‘മാന്യമായ തൊഴിലും,’ ഇവ രണ്ടും തൊഴില്‍ മേഖലയില്‍ ഐഎല്‍ഒ (ലോക തൊഴിലാളി സംഘടന) സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന മാതൃകയുടെ അവിഭാജ്യമായ സ്തംഭങ്ങളാണ്. ഇന്ത്യയ്ക്ക് ഈ ദിശയില്‍ മുന്നേറാന്‍ കഴിയുമോ? സാമൂഹ്യബന്ധങ്ങളില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ സ്വപ്നം കണ്ടതുപോലുള്ള ഇത്തരമൊരു സമഗ്രസമീപനം ഉള്‍ക്കൊള്ളാന്‍ നമ്മുടെ നയം രൂപീകരിക്കുന്നവര്‍ സ്വന്തം ചിന്താരീതികള്‍ പുതുക്കേണ്ടതുണ്ട്.
എല്ലാവര്ക്കും ആനുകൂല്യങ്ങള്‍
ഭാഗ്യമെന്നു പറയട്ടെ, തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് തുടക്കത്തിലുണ്ടായ പ്രശ്നങ്ങള്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ഗണ്യമായ തോതില്‍ പരിഹരിച്ചു. തൊഴില്നയത്തിലെ ദിശാ വ്യതിയാനവും രാജ്യത്തെ തൊഴിലാളികള്‍ക്ക് നേട്ടമുണ്ടാക്കി. തൊഴിലാളി യൂണിയനുകളുമായും ബന്ധപ്പെട്ടവരുമായും ചര്‍ച്ച ചെയ്തശേഷമേ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തുകയുള്ളൂവെന്ന് ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസ്സിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നല്കി. ഏകപക്ഷീയമായ തൊഴിലാളി വിരുദ്ധ പരിഷ്ക്കരണങ്ങള്‍ നിര്‍ത്തിയത് ഇതിന്റെ ഫലമായാണ്. തൊഴിലാളികളുടെ കാര്യത്തില്‍ ആശങ്ക പുലര്‍ത്തിയവരെയെല്ലാം ആശ്വസിപ്പിക്കുന്നതാണിത്. ബോണസ്സ് നിശ്ചയിക്കുന്നതിനുള്ള പരിധി, ബോണസ്സിന്റെ യോഗ്യതാപരിധി എന്നിവ വളരെക്കാലത്തിനുശേഷം ഇരട്ടിയാക്കി. പ്രസവാനുകൂല്യം 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയാക്കി വര്‍ധിപ്പിച്ചു. ഗ്രാറ്റുവിറ്റി പേയ്മെന്റ് പരിധി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി-ഇരട്ടി വര്‍ധന. വിരമിക്കുന്ന ജീവനക്കാര്‍ക്ക് ഇത് സമാശ്വാസമാണ്. കേന്ദ്ര സര്‍വീസിലെ പല മേഖലകളിലും കുറഞ്ഞ വേതനം ഇരട്ടിയാക്കി. ദിവസവേതനം ഏറ്റവും കുറഞ്ഞ 240 രൂപയില്‍നിന്ന് 333/350 രൂപയാക്കി. ത്രിപുര ഭരിച്ചിരുന്ന സിപിഎം സര്‍ക്കാര്‍ ഒരു ദിവസത്തെ കുറഞ്ഞ വേതനം 75 രൂപയായി നിശ്ചയിച്ചപ്പോഴാണിത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ തോതായിരുന്നു ത്രിപുരയിലേത്. ഇഎസ്ഐ ആനുകൂല്യം ലഭിക്കുന്നതിനുള്ള പരിധി 15,000 രൂപയില്‍നിന്ന് 21,000 രൂപയാക്കി. ഇഎസ്ഐ ഗുണഭോക്താക്കള്‍ക്ക് അവരുടെ സ്വന്തം നാട്ടില്‍ അധിക ആശുപത്രി സഹായവും ഏര്‍പ്പെടുത്തി. വിദൂരഗ്രാമങ്ങളില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വലിയ സഹായമാണിത്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരത്’ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പ്രയോജനം നല്കുന്നു.
യുപിഎ ഭരണകാലത്ത് വലിയൊരു പ്രശ്നമായിരുന്നു ഇഎസ്ഐ പെന്ഷന്. മാസംതോറും 15 രൂപ മാത്രം പെന്ഷന് ലഭിക്കുന്ന സ്ഥിതിയുണ്ടായി. മോദി സര്‍ക്കാര്‍ ഇപിഎഫ് പെന്ഷന് ഏറ്റവും കുറഞ്ഞത് 1000 രൂപയായി. ഇത് 3000 രൂപയാക്കി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയുമാണ്. ഇഡിഎല്‍ഐ പദ്ധതിക്കുകീഴിലുള്ള കുറഞ്ഞ ഇന്‍ഷുറന്‍സ് തുക 2.5 ലക്ഷം രൂപയായിരുന്നത് ആറ് ലക്ഷമാക്കി വര്‍ധിപ്പിച്ചു. ഈ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ഓരോ ജില്ലയിലും ഓഫീസുകള്‍ തുറക്കാന്‍ ഇപിഎഫ് തീരുമാനിച്ചിരിക്കുകയാണ്.
അങ്കണവാടി ജീവനക്കാര്‍ അതിയായ സന്തോഷത്തിലാണ്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് അവര്‍ക്ക് ലഭിക്കുന്ന പാരിതോഷികം 3,500 രൂപയില്‍നിന്ന് 4,500 രൂപയായി. മിനി അങ്കണവാടി ജീവനക്കാര്‍ക്കുള്ള പാരിതോഷികം 2,250 രൂപയില്‍നിന്ന് 3,500 രൂപയുമായി. ഇവിടുത്തെ ഹെല്‍പ്പര്‍ക്ക് ലഭിച്ചിരുന്ന 1,500 രൂപ 2,200 രൂപയായി ഉയര്‍ത്തി. ഇതുപോലെ ആശാവര്‍ക്കര്‍മാര്‍ക്ക് അവരുടെ പ്രവര്‍ത്തന മികവനുസരിച്ച് ലഭിച്ചിരുന്ന പ്രോത്സാഹന തുക 1,000 എന്നത് 2,000 ആക്കി. ഇതിനുപുറമെ ഈ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ക്ക് മൂന്നുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണമൊരുക്കുന്നവര്ക്ക് കുട്ടിയൊന്നിന് ദിവസംതോറും ലഭിക്കുന്ന തുകയില്‍ രണ്ട് രൂപയുടെ വര്‍ധനവും വരുത്തി. കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന തപാല്‍ വകുപ്പിലെ അവഗണിക്കപ്പെട്ടുകിടക്കുന്ന ഗ്രാമീണ പോസ്റ്റുമാന്മാരുടെ വളരെക്കാലമായുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുപ്രകാരം ഇവരുടെ വേതനത്തില്‍ നാലിരട്ടി വരെ വര്‍ധനയുണ്ടാവും. ഇതോടൊപ്പം എക്സ്ഗ്രേഷ്യ-ഗ്രാറ്റുവിറ്റി 60,000 രൂപയില്‍നിന്ന് അഞ്ച് ലക്ഷമാക്കി. ഇവരുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ 50,000 രൂപയില്‍നിന്ന് അഞ്ച് ലക്ഷവുമാക്കി.
യൂണിയന് രജിസ്ട്രേഷനും ലേബര്‍ കോഡും
തൊഴിലാളി യൂണിയനുകളുടെ സംയുക്തമായ ഒരു പ്രധാനപരാതി, കേന്ദ്ര-സംസ്ഥാന തൊഴില്‍ വകുപ്പുകള്‍ യൂണിയനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുന്നു എന്നതായിരുന്നു. ഇപ്പോള്‍ അപേക്ഷിച്ച് 45 ദിവസത്തിനകം തൊഴിലാളി യൂണിയനുകള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിജ്ഞാപനത്തിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 14 വയസ്സില്‍ കുറവുള്ളവരെ ജോലി ചെയ്യിപ്പിക്കുന്നതും, 18 വയസ്സില്‍ താഴെയുള്ളവരെക്കൊണ്ട് അപകടകരമായ തൊഴില്‍ ചെയ്യിപ്പിക്കുന്നതും നിരോധിക്കാന്‍ സര്‍ക്കാര്‍ ബാലവേല നിയമഭേദഗതി കൊണ്ടുവന്നു. വളരെക്കാലത്തിനുശേഷം ഇതുമായി ബന്ധപ്പെട്ട ഐഎല്‍ഒ കണ്‍വെന്‍ഷനും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. ജനീവയിലെ ഐഎല്‍ഒ കോണ്‍ഫറന്‍സ് മോദി സര്‍ക്കാരിനെ തുറന്ന് അഭിനന്ദിക്കുകയുണ്ടായി. തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നത് ബാങ്ക് അകൗണ്ട് വഴിയാക്കിയത് അവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.
ഇപ്പോഴത്തെ അവസ്ഥയില്‍ രാജ്യത്തെ 50 കോടി വരുന്ന തൊഴിലാളികളില്‍ ഏഴ് ശതമാനത്തിന് മാത്രമാണ് കുറഞ്ഞ വേതന നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്. തൊഴിലാളി യൂണിയനുകളേയും നയംരൂപീകരിക്കുന്നവരേയും വല്ലാതെ വിഷമിപ്പിക്കുന്ന കാര്യമാണിത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ‘വേതന ലേബര്‍ കോഡ്’ ചരിത്രപരവും വിപ്ലവകരവുമാണ്. ഇതുപ്രകാരം രാജ്യത്തെ അവസാനത്തെ തൊഴിലാളിക്കും മിനിമം വേതനം ലഭിക്കുന്നതിനുള്ള അവകാശമുണ്ട്. ഇത് ശരിയായി നടപ്പാക്കിയാല്‍ രാജ്യത്തെ തൊഴിലാളി സമൂഹത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് മാത്രമല്ല, ജനസംഖ്യയിലെ ഗണ്യമായ വിഭാഗത്തെ ദാരിദ്ര്യരേഖയില്‍നിന്ന് കൈപിടിച്ച് ഉയര്‍ത്താനും കഴിയും.
ഇതുപോലെ സാമൂഹ്യസുരക്ഷയുമായി ബന്ധപ്പെട്ട ലേബര്‍ കോഡും ചരിത്രപരവും വിപ്ലവകരവുമായ നിയമനിര്‍മാണമാണ്. രാജ്യത്തെ അവസാനത്തെ തൊഴിലാളിക്കും 14 ആനുകൂല്യങ്ങള്‍ ഇത് ഉറപ്പുവരുത്തുന്നു. എന്നാല്‍ ഈ നിയമനിര്‍മാണം വൈകുകയാണ്. ദുഃഖകരമെന്നു പറയട്ടെ, ചില വിവാദവ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സര്‍ക്കാരിന്റെ മുന്നേറ്റത്തില്‍ മറ്റൊരു നാഴികക്കല്ല് നിര്‍മിക്കാനുള്ള സുവര്‍ണാവസരമാണ് അതിനാല്‍ നഷ്ടപ്പെടുത്തിയത്. വേഗത്തില്‍ മുന്നേറാനുള്ള മികച്ച നയവും ഭരണപരമായ സംവിധാനവും ഇതിന് ആവശ്യമാണ്. അടുത്തകാലത്ത് സര്‍ക്കാര്‍ ബിഎംഎസിനെ വിശ്വാസത്തിലെടുക്കുകവഴി ഇതുവരെ ഉദാസീനമായിരുന്ന നിയമനിര്‍മാണങ്ങള്‍ക്ക് ഗതിവേഗം കിട്ടിയിട്ടുണ്ട്.
ബിഎംഎസ് വഹിക്കുന്ന ക്രിയാത്മക പങ്ക്
തൊഴിലാളികള്‍ക്ക് അനുകൂലമായ ഇത്തരം പരിഷ്കരണങ്ങള്‍ രാജ്യത്തിന്റെ സമീപകാല ചരിത്രത്തില്‍ അന്യാദൃശമാണെന്നു പറയാം; ഒരുപക്ഷേ ഡോ. അംബേദ്കറുടെ കാലത്തിനുശേഷം. ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ഇതില്‍ എന്തുകൊണ്ടും അഭിമാനിക്കാം. ഇതോടെ ഇടതുപക്ഷ യൂണിയനുകള്‍ വല്ലാത്തൊരു കുടുക്കിലകപ്പെട്ടിരിക്കുകയാണ്. ഇതിന് മറയിടുന്നതിനുവേണ്ടിയാണ് അവര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്. പുതിയ ആവശ്യങ്ങള്‍ കണ്ടുപിടിക്കേണ്ട ഗതികേടിലെത്തിയിരിക്കുന്നു അവര്‍.
പക്ഷേ, വിരോധാഭാസമെന്തെന്നാല്‍ തുടക്കത്തില്‍ സൃഷ്ടിച്ച തൊഴിലാളിവിരുദ്ധമെന്ന പ്രതിച്ഛായ കേന്ദ്രസര്‍ക്കാരിനെ ഇപ്പോഴും വേട്ടയാടുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് വേണ്ടത്ര പ്രചാരം കൊടുക്കാത്തതും ഇതിന് കാരണമാണ്. തൊഴിലാളികള്‍ക്ക് അനുകൂലമായ പരിഷ്കരണങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിന്റെ പ്രചാരണ സംവിധാനം ശക്തിപ്പെടേണ്ടതുണ്ട്. സര്‍ക്കാരിനോട് സ്വീകരിച്ച ‘സംഘര്‍ഷവും സംവാദവും’ എന്ന നയത്തിന്റെ വിജയമായാണ് തൊഴിലാളികള്‍ക്കിടയില്‍ വന്ന മാറ്റത്തെ ബിഎംഎസ് കാണുന്നത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് യൂണിയനുകള്‍ സ്വന്തം സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ കഴിയാതെ നില്‍ക്കുകയാണ്. കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ തൊഴിലാളി യൂണിയനുകളുമായി കൂടിയാലോചിക്കാതെ ഓര്‍ഡിനന്‍സിറക്കി ചുമട്ടുതൊഴിലാളി നിയമഭേദഗതി കൊണ്ടുവന്നു. പുതിയ ഷോപ്പ് നിയമ ഓര്‍ഡിനന്‍സ് വനിതകളുടെ തൊഴില്‍ സമയം വര്‍ധിപ്പിക്കുകയും, യാതൊരു സംരക്ഷണവും ഉറപ്പുവരുത്താതെ ജോലിക്ക് കാലപരിധി നിശ്ചയിച്ചിരിക്കുകയുമാണ്. യാതൊരു നിയമ പരിരക്ഷയുമില്ലാതെ വിവാദമായ നിശ്ചിത കാലാവധി തൊഴില്‍ നടപ്പാക്കിയിരിക്കുന്നു. തൊഴിലാളി യൂണിയനുകള്‍ക്ക് 45 ദിവസത്തിനകം രജിസ്ട്രേഷന് നല്‍കണമെന്ന കേന്ദ്രനിര്‍ദ്ദേശം ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. ഇത്തരം നീക്കങ്ങളെ നിസ്സഹായമായി പിന്തുണയ്ക്കുകയാണ് കമ്മ്യൂണിസ്റ്റ് തൊഴിലാളി യൂണിയനുകള്‍.
സ്വന്തം സുഹൃത്തുക്കള്‍ സര്‍ക്കാരില്‍ ഭരണത്തിലിരിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് നേട്ടമുണ്ടാക്കുന്നതിനായി മറ്റൊരു തൊഴിലാളി യൂണിയനും ബിഎംഎസിനെപ്പോലെ ക്രിയാത്മക പങ്ക് വഹിച്ചിട്ടില്ല. എന്നാല്‍ ഇത് ചരിത്രത്തിന്റെ അവസാനമല്ല, ഒരുപാട് കാര്യങ്ങള്‍ ഇനിയും നേടേണ്ടതായുണ്ട്. ട്രേഡ് യൂണിയന് പ്രസ്ഥാനത്തിന്റെ ജീവനാഡി നിരന്തരസമരമാണ്. ഇതുകൊണ്ടുതന്നെ ഈ ദശകം ബിഎംഎസിന് സമരങ്ങളുടെ ദശകം തന്നെയായിരിക്കും.
(ബിഎംഎസ് ദേശീയാദ്ധ്യക്ഷനാണ്
ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: