2012 മെയ് നാലിന് രാത്രി 10 മണിക്കാണ് ടി.പി. ചന്ദ്രശേഖരനെന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ അദ്ദേഹം പ്രവര്‍ത്തിച്ച പ്രസ്ഥാനത്തിലുള്ളവര്‍ തന്നെ ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘം മൃഗീയമായി വെട്ടിക്കൊന്നത്. ഇക്കഴിഞ്ഞ 17ന് രാത്രി 7.45നാണ് യൂത്ത് കോണ്‍ഗ്രസ്സുകാരായ കൃപേഷ്, ശരത്ലാല് എന്നീ രണ്ട് ചെറുപ്പക്കാരെ കാസര്‍കോട്ട് വെട്ടിക്കൊന്നത്. രണ്ടും നിഷ്ഠൂരമായ കൊലകള്‍. മനുഷ്യത്വമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത തരത്തില്‍ ക്രൂരമായ വെട്ടിക്കൊലകള്‍.
കൊലയാളികള്‍ ശിക്ഷ നടപ്പിലാക്കുകയായിരുന്നു. ഏറെനാള്‍ സ്വന്തം കരളിനെപ്പോലെ കാത്തുസൂക്ഷിച്ച് ഒപ്പംനടന്ന പ്രസ്ഥാനത്തെ വിട്ട് മറ്റൊരു പ്രസ്ഥാനം രൂപീകരിച്ച് പ്രവര്‍ത്തിച്ചു എന്നതായിരുന്നു ടി.പി. ചന്ദ്രശേഖരന് ചെയ്ത തെറ്റ്. കൃപേഷും ശരത്ലാലും യൂത്ത് കോണ്‍ഗ്രസ്സുകാരായിരുന്നു. സിപിഎമ്മെന്ന രാഷ്ട്രീയപ്രസ്ഥാനത്തിന് അത് രണ്ടും വലിയ തെറ്റായി. അവര്‍ ശിക്ഷിച്ചു, ക്രൂരമായി തന്നെ. ചന്ദ്രശേഖരനെ വധിക്കുന്നത് ആഴത്തിലുള്ള അന്‍പത്തിയൊന്ന് വെട്ടുകള്‍ ശരീരത്തിലേല്‍പ്പിച്ചാണ്. ഒറ്റവെട്ടിനു തറയില്‍ വീണുപോയ ആ മനുഷ്യശരീരത്തില്‍ നിന്ന് വാര്‍ന്നുപോയ ചോരമതിയായിരുന്നു ആ ജീവന് ഇല്ലാതാകാന്‍. പക്ഷേ, മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കൊതിതീരും വരെ അവര്‍ തലങ്ങും വിലങ്ങും വെട്ടി. കൊലയാളികളുടെ മുഖത്തേക്ക് ചീറ്റിത്തെറിച്ച ചോരയ്ക്കും ആ കൃത്യത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനായില്ല. ചന്ദ്രശേഖരന്റെ നിലവിളികള്‍ക്കോ, ദയയ്ക്കുവേണ്ടിയുള്ള യാചനകള്‍ക്കോ കൊലയാളികളുടെ ക്രൂര മനസ്സിനെ അലിയിക്കാനായില്ല.
രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകളായിരുന്നു, കാസര്‍കോട് പെരിയയിലെ കൃപേഷും ശരത്ലാലും. കുടുംബത്തിന്റെ ഉയര്‍ച്ചയ്ക്കായി കഷ്ടപ്പെട്ടവര്‍. കൊല്ലാന്‍ തീരുമാനിച്ചവര്‍ക്ക് അതില്‍ നിന്ന് പിന്തിരിയാന് അതൊന്നും കാരണമായില്ല. ഇനിയുമെത്രയോ കാലം കുടുംബത്തിനും സമൂഹത്തിനും നല്ലത് ചെയ്യാന്‍ കഴിയുമായിരുന്നതാണ് ആ രണ്ടു ജീവനുകളുമെന്ന ചിന്തയും കൊലയാളികള്‍ക്കുണ്ടായില്ല. മൂര്‍ച്ചയേറിയ ആയുധത്താല്‍ ആ ചെറുപ്പക്കാരുടെ തലവെട്ടിപ്പിളര്‍ന്നു. കഴുത്തില്‍ വെട്ടിവീഴ്ത്തിയശേഷമായിരുന്നു മറ്റ് വെട്ടുകള്‍. കഴുത്തിനേറ്റ ആ മുറിവുതന്നെ മരിക്കാന്‍ മതിയാകുമെന്നറിയാമായിരുന്നിട്ടും ആര്‍ത്തിയോടെ വീണ്ടും വീണ്ടും വെട്ടി. കൊലയാളികളുടെ മുഖത്തേക്ക് ചീറ്റിത്തെറിച്ച ചോരയുടെ മണം അവരെ ഹരം പിടിപ്പിക്കുന്നതായിരുന്നിരിക്കണം.
കണ്ണൂരിലെ കെ.ടി. ജയകൃഷ്ണന് എന്ന അധ്യാപകനെ കൊന്നത് ക്ലാസ് മുറിയില്‍ കൊച്ചുകുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ്. കുട്ടികളുടെ മുന്നിലിട്ട് വെട്ടിനുറുക്കി കൊന്നു. ചോര തളംകെട്ടിയൊഴുകിയ ക്ലാസ്മുറിയില്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന് പിടഞ്ഞുമരിക്കുന്നതുകണ്ട വിദ്യാര്‍ത്ഥികളുടെ മാനസിക നിലപോലും തകരാറിലായി. ജയകൃഷ്ണന് മാസ്റ്റര്‍ ചെയ്ത തെറ്റ് ബിജെപി പ്രവര്‍ത്തകനായിപ്പോയി എന്നതുമാത്രം. ക്ലാസ്മുറിയാണെന്ന
തോ, കൊച്ചുകുട്ടികളാണെന്നതോ ഒന്നും വെട്ടിക്കൊല നടത്താതിരിക്കാനുള്ള കാരണമായിരുന്നില്ല കൊലപാതകികള്‍ക്ക്. ഒരാളെ കൊലചെയ്യാന്‍ തീരുമാനിച്ചാല്‍ അതെവിടെവച്ചായാലും എങ്ങനെയായാലും നടപ്പിലാക്കുക എന്നതുമാത്രമാണ് ലക്ഷ്യം. കൊല്ലപ്പെടേണ്ടവരെന്ന് ‘സ്കെച്ച്’ ചെയ്യപ്പെടുന്നവര്‍ എവിടെവച്ചും വധിക്കപ്പെടും. പൊതുനിരത്തില്‍, മാര്‍ക്കറ്റില്‍, ബസ് യാത്രയില്‍, ആശുപത്രിയില്‍, സ്കൂളില്‍… എവിടെവച്ചും!. ഇരയുടെ വീട്ടില്‍, അമ്മയുടെയോ കുടുംബത്തിന്റെയോ മുന്നിലിട്ട് വെട്ടിനുറുക്കി കൊല്ലുന്നതിലാണ് കൂടുതല്‍ ഹരം. അമ്മയുടെയും കുഞ്ഞുങ്ങളുടെയുമെല്ലാം നിലവിളികള്‍ കേട്ടുകൊണ്ട് കൊലനടത്തുമ്പോള്‍ അനുഭവിക്കുന്ന ലഹരിയാണ് മുഖ്യം. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലുണ്ടായ കൊലപാതകങ്ങളുടെയെല്ലാം കണക്കെടുത്താല്‍ ഈ ശൈലി ബോധ്യമാകും.
ഈ രാഷ്ട്രീയ കൊലകളുടെയെല്ലാം പിന്നീല് സിപിഎമ്മാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മരിക്കുന്നവര്‍ ഏതുരാഷ്ട്രീയപ്പാര്‍ട്ടിക്കാരായാലും കൊല്ലുന്നവര്‍ അവരാണ്. കൊലപാതകം നടപ്പിലാക്കാനായി പ്രത്യേക സംഘത്തെതന്നെ പരിശീലനം നല്കി വളര്‍ത്തിയെടുത്തിരിക്കുന്നു. ഓരോ സ്ഥലത്തും അവര്‍ ശിക്ഷ നടപ്പിലാക്കും. പക്ഷേ, കേസില്‍ പ്രതികളാകുന്നത് പാര്‍ട്ടി നേരത്തെ നിശ്ചയിച്ചിട്ടുള്ളവരാണ്. യഥാര്‍ത്ഥ പ്രതികളിലേക്കെത്തിയ കേസുകളില്‍ ശിക്ഷകിട്ടിയാല്‍ അവര്‍ക്ക് ജയിലില്‍ കിടക്കേണ്ടിവരില്ല. ജയിലുകള്‍ ഭരിക്കുന്നതും പാര്‍ട്ടിയാണ്. കൊലചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കും. കാസര്‍കോട്ടെ പെരിയയില്‍ സിപിഎം നേതാവ് പീതാംബരന് ഇപ്പോള്‍ പ്രതിയായിരിക്കുന്നതും മറ്റൊരു കാരണത്താലല്ല. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം നടന്നപ്പോഴും അത് തങ്ങളറിഞ്ഞല്ല ചെയ്തതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. പക്ഷേ, പ്രതികള്‍ക്ക് എല്ലാ സഹായവും പാര്‍ട്ടി നല്കി. പെരിയയിലെ കൊലയെയും തള്ളിപ്പറഞ്ഞവര്‍ അതുതന്നെ ചെയ്യും. പീതാംബരനെന്ന പാര്‍ട്ടിയെ ജീവനായി കാണുന്ന നേതാവിന് മടിയില്ലാതെ കുറ്റമേല്‍ക്കാനുള്ള കഴിവുണ്ടാക്കിയതും സിപിഎമ്മിന്റെ ഈ സംരക്ഷണമല്ലാതെ മറ്റെന്താണ്.
ഇതൊന്നും നടക്കുന്നത് ഉത്തരേന്ത്യയിലെ ഗുണ്ടകള്‍ ഭരിക്കുന്ന ഗ്രാമങ്ങളിലോ, അധോലോക നഗരങ്ങളിലോ അല്ല. നവോത്ഥാന മൂല്യങ്ങളുടെ പേരില്‍ മേനി നടിക്കുന്ന കേരളത്തിലാണ്. നവോത്ഥാന സംരക്ഷകരായി രംഗത്തുവരുന്നവര്‍ തന്നെ എതിരാളികളെ വെട്ടിക്കൊല്ലുമ്പോള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് മാളത്തില്‍ തലപൂഴ്ത്തിക്കിടക്കുന്ന ഒരു വര്‍ഗ്ഗമിവിടെയുണ്ട്. സാംസ്കാരിക നായകര്‍! ടി.പി. ചന്ദ്രശേഖരന്റെ ക്രൂരമായ കൊലയിലും അത്തരക്കാര്‍ക്ക് മിണ്ടാട്ടമില്ലായിരുന്നു. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ചിലരൊക്കെ പ്രതികരിക്കാന്‍ തയ്യാറായി. ”ഒറ്റവെട്ടിന് കഴിയുമായിരുന്നല്ലോ, ടി.പി. ചന്ദ്രശേഖരന്, പിന്നെന്തിനായിരുന്നു ഇത്രയേറെ?” എന്ന് വെട്ടുവഴിക്കവിതയില്‍ കെ.ജി. ശങ്കരപ്പിള്ള ചോദിച്ചു. എന്നാല്‍ അന്ന് ജ്ഞാനപീഠാവരോധിതനായ മഹാകവി പറഞ്ഞത് കൊലപാതകത്തിന് സാക്ഷിപറയലല്ല കവി ധര്‍മ്മമെന്നായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജയിലില്‍ കിടന്ന നെല്‍സണ്‍മണ്ടേലയ്ക്കു വേണ്ടി കവിതയിലൂടെ വിലപിച്ച അദ്ദേഹത്തിന്, വിദ്യപകര്‍ന്നു നല്കിക്കൊണ്ടിരിക്കെ കുട്ടികളുടെ മുന്നിലിട്ട് കൊലചെയ്യപ്പെട്ട ജയകൃഷ്ണന് മാസ്റ്റര്‍ക്കു വേണ്ടി ഇറ്റ് കണ്ണീര്‍പൊഴിക്കാനുമായില്ല.
കണ്ണൂരിലും കാസര്‍കോട്ടും സിപിഎം കൊലക്കത്തി താഴെ വെക്കാതിരിക്കുമ്പോള്‍ കേരളത്തിലെ സാംസ്കാരിക നായകരെല്ലാം മൗനത്തിലാണ്. കൊല ചെയ്യുന്നത് സിപിഎമ്മാകുമ്പോള്‍ അവര്‍ക്ക് പ്രതികരിക്കാനാകില്ല. ഉത്തരേന്ത്യയിലെവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തില്‍ ഉറഞ്ഞുതുള്ളുന്ന സാംസ്കാരിക നായകര്‍, അട്ടപ്പാടിയില്‍ വിശന്നപ്പോള്‍ ഭക്ഷണം എടുത്തതിന് പാവം വനവാസിയെ കെട്ടിയിട്ട് തല്ലിക്കൊന്നതിനോട് മൗനം പാലിച്ചതും നമ്മള് കണ്ടതാണ്. സര്‍ക്കാരില്‍ നിന്ന് കിട്ടിയേക്കാവുന്ന പുരസ്കാരങ്ങളോടും പദവികളോടുമാണിവര്‍ക്ക് പ്രിയം. അതിനായി ഏതറ്റം വരെയും തരംതാഴാവുന്ന, വളയുന്ന നട്ടെല്ലുമായാണ് കേരളത്തിലെ സാംസ്കാരിക നായകര്‍ ജീവിക്കുന്നത്. വെട്ടിക്കൊല്ലുന്നവര്‍ക്കൊപ്പം തന്നെയാണ് ഇവരുടെയും സ്ഥാനം.
ടി.പി. ചന്ദ്രശേഖരനെ കൊലചെയ്തപ്പോള്‍ കെ.സി. ഉമേഷ്ബാബു ‘മനുഷ്യന്’ എന്ന കവിതയെഴുതി.
”സംസ്കാരത്തിലെ പുലയാടികളെ,
കാണുന്നുണ്ടോ,
അന്‍പത്തിയൊന്നുവെട്ടുകളാല്‍ പുതപ്പിക്കപ്പെട്ട
ഒരു ധീരന്റെ ശവം
മനുഷ്യസ്നേഹത്തിന്റെ ഉറവയ്ക്കരികില്‍
തീപടര്‍ത്തിക്കിടക്കുന്നത്?
……………………………………..
അനീതിയാണെന്നു പറയുന്നതിനിടയില്‍
പൊട്ടിപ്പോകുന്ന ഒരു ഹൃദയം കൊണ്ടെങ്കിലും
നിങ്ങള്‍ മനുഷ്യരാണെന്ന്
ലോകമറിയുമാറാകട്ടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: