കൊലപാതകം നടന്ന വീടുകളില്‍ പോയിട്ടുണ്ടോ? കരഞ്ഞ് പോകും. ‘ജന്മഭൂമി’യില്‍ കോഴിക്കോട് ലേഖകനായിരിക്കെ, സിപിഎമ്മുകാര്‍ അമ്മയുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ പയ്യോളിയിലെ മനോജിന്റെ വീട്ടില്‍ ആഴ്ചകള്‍ക്ക് ശേഷം പോയപ്പോഴും ആ അമ്മയുടെ കണ്ണീരിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല.
ഒന്നും ചോദിക്കാനാകാതെ, കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ് അന്ന് മടങ്ങിയത്. കാസര്‍കോട്ട് സിപിഎം ക്രിമിനലുകള്‍ അരുംകൊല ചെയ്ത ശരത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പൊട്ടിക്കരയുന്ന ചിത്രം ആദ്യം മനസിലേക്കെത്തിച്ചത് പയ്യോളിയിലെ അമ്മയുടെ മുഖമാണ്. മനുഷ്യസഹജമായ വികാരങ്ങളുള്ളവര് പൊട്ടിക്കരയും. പച്ചമാംസത്തില്‍ കത്തി കുത്തിയിറക്കി രസിക്കുന്ന സിപിഎമ്മുകാര്‍ക്ക് അത് അഭിനയമെന്നും തോന്നും.
ശരത്തിന്റെയും കൃപേഷിന്റെയും വീട്ടുകാര്‍ക്കും മുല്ലപ്പള്ളിക്കും കരയേണ്ടി വന്നത് എന്തുകൊണ്ടാണ്? അതിനുത്തരവാദികള്‍ ‘വെള്ളക്കോളര്‍ മാവോയിസ്റ്റുക’ളായ സിപിഎമ്മുകാര്‍ മാത്രമാണോ? അല്ല എന്ന് തന്നെയാണ് ഉത്തരം. അതിലൊരു പങ്ക് മുല്ലപ്പള്ളിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അവകാശപ്പെട്ടതാണ്.
ഭരണമുള്ളപ്പോള്‍ എപ്പോഴെങ്കിലും കൊലയാളികളായ സിപിഎം നേതാക്കളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടോ? അവരുമായി ഒത്തുതീര്‍പ്പുണ്ടാക്കി കേസുകള്‍ പകല്‍വെളിച്ചത്തില്‍ അട്ടിമറിച്ച ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ടി.പി. ചന്ദ്രശേഖരന് വധം.
ഒരു കാലത്ത് സിപിഎമ്മിന്റെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നെങ്കിലും ടിപി അതേ ആശയത്തിന്റെ ആളുകളാല്‍ കൊല്ലപ്പെട്ടപ്പോള്‍ അക്രമരാഷ്ട്രീയത്തിനെതിരെ അതുവരെയില്ലാത്ത ജനരോഷം പൊതുസമൂഹത്തില്‍ ഉയര്‍ന്നുവന്നിരുന്നു.
കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടിക്കുമെന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാക്കുകള്‍ ജനാധിപത്യവിശ്വാസികളായ ഏതൊരു പൗരനും ആവേശവും ആത്മവിശ്വാസവും പകരുന്നത് തന്നെയായിരുന്നു. പിണറായി വിജയനും പി. ജയരാജനുമായിരുന്നു കൊല്ലിച്ചതെന്നാണ് ടിപിയുടെ ഭാര്യ രമയും ആര്‍എംപിയും ആരോപിച്ചത്. എന്നാല്‍, സോളാര്‍ അഴിമതിക്കെതിരായ സിപിഎമ്മിന്റെ സമരം ഒഴിവാക്കുന്നതിന്റെ ഭാഗമായി ടിപി കേസിലെ അന്വേഷണം അട്ടിമറിച്ച് കോണ്‍ഗ്രസ് ഇരുവരെയും സംരക്ഷിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സിപിഎമ്മുമായി സഹകരിക്കാന്‍ തയാറാണെന്ന് മുല്ലപ്പള്ളി തുറന്നുപറഞ്ഞത്. ശരത്തിന്റെ വീട്ടില്‍നിന്നു കരഞ്ഞിറങ്ങിയ മുല്ലപ്പള്ളി ഏതാനും ദിവസം കഴിയുമ്പോള്‍ എകെജി സെന്ററിലെത്തി കൊലയാളികള്‍ക്ക് കൈ കൊടുക്കില്ലെന്ന് വ്യക്തമാക്കണം. കൊലപാതകം നടന്ന കാസര്‍കോട് ജില്ലയിലെ പഞ്ചായത്തുകളിലെ സിപിഎം സഖ്യമെങ്കിലും അവസാനിപ്പിച്ച് കുടുംബത്തോട് നീതിപുലര്‍ത്തണം. കൊന്നത് സിപിഎമ്മാണെന്ന് പറയാന്‍ പോലും തയാറാകാത്ത ദേശീയ പ്രസിഡന്റ് രാഹുലിനെ തിരുത്തണം.
സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായി കണ്ണീര്‍വാര്‍ത്ത നൂറുകണക്കിന് കുടുംബങ്ങളെ കാണാന്‍ കോണ്‍ഗ്രസ് തയാറാകാതിരുന്നതു കൊണ്ടാണ് മുല്ലപ്പള്ളിക്ക് ഇപ്പോള്‍ കരയേണ്ടിവന്നത്. കൊലകള്‍ ദേശീയതലത്തില്‍ ചര്‍ച്ചയായപ്പോള്‍ കേരളത്തെ അപമാനിക്കുന്നുവെന്ന് സിപിഎമ്മുകാര്‍ക്കൊപ്പം ചേര്‍ന്ന് നിലവിളിക്കുകയാണ് കോണ്‍ഗ്രസും ചെയ്തത്. ഇത് തിരുത്തി, കുടുംബങ്ങളില്‍ കണ്ണീര് വീഴ്ത്തുന്ന സിപിഎമ്മിനെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ ഇരകള്‍ക്കുമൊപ്പം പോരാടുകയാണ് മുല്ലപ്പള്ളിയും കോണ്‍ഗ്രസും ചെയ്യേണ്ടത്. എങ്കില്‍ മാത്രമാണ് ഈ കണ്ണീരിന് അര്‍ഥമുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: