മലയാള ഭാഷയുടെയും കേരളത്തിന്റെ കലാവൈവിധ്യങ്ങളുടെയും ചരിത്രത്തോടൊപ്പം കൂട്ടിവായിക്കാവുന്ന തപസ്യ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം 43 വര്‍ഷം പിന്നിടുകയാണ്. അനേകം രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളിലൂടെ കടന്നുപോയ ഈ നാടിന്റെ മണ്ണിനും മനസ്സിനും തപസ്യ ഇന്ന് ഏറെ പരിചിതമായ പ്രസ്ഥാനമായി മാറിയിരിക്കുന്നു. അനിവാര്യമായ സാമൂഹ്യ പരിണാമഘട്ടങ്ങളില്‍ ഒരു സാംസ്കാരിക സംഘടനയ്ക്ക് സംഭവിക്കാവുന്ന മാറ്റങ്ങളൊക്കെ തപസ്യയ്ക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ സ്വതന്ത്രചിന്തകള്‍ക്കും തുറന്ന പ്രവര്‍ത്തനത്തിനും വിലക്കുകള്‍ വന്ന കാലഘട്ടത്തില്‍ ഏത് ആദര്‍ശത്തിന്റെ സാക്ഷാത്കാരത്തിനാണോ ജന്മംകൊണ്ടത്, ആ പ്രവര്‍ത്തനം തുടരാന്‍ തപസ്യയ്ക്ക് സാധിക്കുന്നുവെന്നത് ചെറിയകാര്യമല്ല.
ശ്രേഷ്ഠമായ ഒരു സാംസ്കാരിക പാരമ്പര്യത്തെ അറിഞ്ഞും ആരാധിച്ചും, ‘മാനവരാശിയുടെ ഭാവിയുടെ താക്കോല്‍ ഭാരതത്തിന്റെ ഭൂതകാല’ത്തിലാണ് എന്ന അരവിന്ദ മഹര്‍ഷിയുടെ ചിന്ത ഉള്‍ക്കൊണ്ടുമാണ് തപസ്യ പ്രവര്‍ത്തനമാരംഭിച്ചത്. കൂട്ടിന് ജ്ഞാന താപസന്മാരായി അനേകം പേരുണ്ടായിരുന്നു. അവര്‍ തെളിയിച്ചുതന്ന തിരിയുടെ പ്രകാശത്തില്‍ ദൃശ്യമായ വിശാല സംസ്കാരവീഥികളായിരുന്നു തപസ്യയുടെ സഞ്ചാരപഥം. വ്യക്തമായ ലക്ഷ്യബോധത്തോടെ തപസ്യ ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ ഊന്നിയത് ഈ നാടിന്റെ കലാസാഹിത്യ ദര്‍ശനങ്ങളെ ആധാരമാക്കിയുള്ള പ്രവര്‍ത്തനത്തിലായിരുന്നു. ഭാരതീയ സംസ്കൃതിയുടെയും ജീവിതദര്‍ശനത്തിന്റെയും സംരക്ഷണവും പരിപോഷണവും യജ്ഞതുല്യമായ പരിശുദ്ധിയോടെയുള്ള കര്‍മ്മമായി തപസ്യ ഏറ്റെടുത്തു.
എന്തുകൊണ്ട് ഈ സംസ്കൃതി സംരക്ഷിക്കപ്പെടണം എന്നതിനും നേതൃത്വത്തിന് വ്യക്തമായ കാഴ്ചപ്പാടും അതിനുള്ള പ്രേരണയുമുണ്ടായിരുന്നു. മനുഷ്യമനസ്സിന് ഉല്‍ക്കര്‍ഷമുണ്ടാക്കുന്നതാണ് ഈ ദര്‍ശനം എന്നും, അതിലൂടെ സാമൂഹ്യവും രാഷ്ട്രീയവുമായ പരിണാമങ്ങള്‍ സംഭവിക്കുമെന്നും, സമസ്ത മാനവരാശിയുടെയും വിളക്കായി അത് തുടരുമെന്നുമുള്ള വിശ്വാസം ശക്തമായിരുന്നു. ഒരു സംസ്കൃതി സനാതനമാകുന്നത് അത് തലമുറകളുടെ മനസ്സുകളിലൂടെ സംക്രമിക്കപ്പെടുമ്പോഴാണല്ലോ. തപസ്യയുടെ പ്രഖ്യാപിത ദൗത്യവും ഇതുതന്നെയായിരുന്നു. ഒരു സംസ്കാരത്തിന് ജനജീവിതത്തിന്റെ ഭാഗമായി മുന്നോട്ടുപോകാനുള്ള സര്‍ഗ്ഗാത്മക പരിസരം സൃഷ്ടിക്കുക എന്നതുതന്നെയാണ് തപസ്യ ലക്ഷ്യമാക്കിയത്. അത് മനസ്സിന് ആനന്ദവും സമൂഹത്തിന് പുരോഗമനവും ഉറപ്പാക്കി. വിശാലമായ അര്‍ത്ഥത്തില്‍ മനുഷ്യനിലെ നിര്‍മാണ പ്രവര്‍ത്തനമായി പരിണമിക്കുകയും ചെയ്യും. ഈ കാഴ്ചപ്പാടോടെയാണ് തപസ്യ നടത്തുന്ന കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത്.
ജീര്‍ണമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാംസ്കാരികാന്തരീക്ഷത്തില്‍ തപസ്യയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടായിരുന്നവരുടെ അസാന്നിദ്ധ്യം മനോവേദനയുണ്ടാക്കുന്നുണ്ട്. നിര്‍മമായ സ്നേഹാതിരേകത്തോടെ പ്രവര്‍ത്തകരുടെ മനസ്സുകളില്‍ ഇടംനേടിയ വി.എം.കൊറാത്ത്, വേദേതിഹാസങ്ങളുടെ ഉള്ളറകളിലേക്ക് കടക്കാനും അത്ഭുതകരമായ വിജ്ഞാന പ്രപഞ്ചത്തിന്റെ വിശുദ്ധി അറിഞ്ഞനുഭവിക്കാനും സഹായിച്ച പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, തപസ്യയുടെ വേദികളെ സാന്നിദ്ധ്യം കൊണ്ടലങ്കരിക്കുകയും അറിവുകൊണ്ടു സമ്പന്നമാക്കുകയും ചെയ്ത സാഹിത്യരംഗത്തെ അതികായന്മാര്, കലാരംഗത്തെ അതിശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ തപസ്യയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ സഹായിച്ചത് അനുസ്മരിക്കേണ്ടതുണ്ട്.
കമ്പോള കൗശലംകൊണ്ട് അരങ്ങുവാഴുന്ന കവികളും, മറ്റുള്ളവരുടെ മൗലിക ചിന്തകള്‍ സ്വന്തമാക്കി അവതരിപ്പിക്കുന്ന ‘വിദഗ്ദ്ധ’രായ സാഹിത്യചോരന്മാരും, ബൗദ്ധിക മാന്യത എന്തെന്നറിയാത്ത ‘ബുദ്ധിജീവി’കളും വര്‍ത്തമാനകാലത്തെ ദുസ്സഹമാക്കുമ്പോള്‍ നമുക്ക് ആശ്വാസം തരുന്നത് അക്കിത്തത്തിനെപ്പോലുള്ളവരുടെ ധര്‍മ്മശുദ്ധിയും, എം.എ. കൃഷ്ണന് എന്ന എംഎ സാറിനെപ്പോലുള്ളവരുടെ കര്‍മ്മശുദ്ധിയുമാണ്. ഋഷി അല്ലാത്തവന് കവിയല്ല എന്നത് ഭാരതീയ സങ്കല്‍പ്പമാണ്. ഋഷി സത്യം അറിയുന്നവനും, അത് ലോകത്തോട് വിളിച്ചുപറയുന്നവനാണ് എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തിയ കവിയാണ് അക്കിത്തം.
എംഎ സാറാകട്ടെ തന്റെ ഉദാത്തമായ കര്‍മ്മംകൊണ്ട് ഈ സംഘടനയെ ഓരോ ദശാസന്ധികളിലൂടെയും കൈപിടിച്ചു നടത്തി. ഹൈന്ദവതയുടെ ‘അനന്തസ്ഥലികള്‍ തേടിയ’ ഒ.വി. വിജയന്റെ അന്വേഷണ ഫലങ്ങള്‍ അദ്ദേഹത്തിന് തന്റെ രചനകളിലൂടെ കാട്ടിത്തരാനായെങ്കില്‍ എം.എ. കൃഷ്ണന് എന്ന കര്‍മ്മയോഗി രണ്ടു പ്രസ്ഥാനങ്ങളുടെ ആത്മാവിനെ ത്രസിപ്പിച്ച് നടത്തിയ സംഘടനാപരമായ ജൈത്രയാത്രയിലൂടെ മലയാളികളുടെ മനസ്സിനെ ഭാരതീയ ദര്‍ശന ഗംഗയില്‍ ആറാടിച്ചു.
കര്‍മ്മകുശലനായ എം.എ. സാര്‍ മലയാളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കുക എന്നത് ജീവിത വൃതമാക്കിയ വ്യക്തിയാണ്. തപസ്യ നടത്തിയ സാംസ്കാരിക തീര്‍ത്ഥാടനങ്ങളിലൂടെ അദ്ദേഹം മുന്നോട്ടുവച്ച എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്കാരം എന്ന ധ്യേയവാക്യം കുറച്ചൊന്നുമല്ല ഇന്നാട്ടിലെ ദേശസ്നേഹികളെ സ്വാധീനിച്ചത്. അവ ഈ നാടിന്റെ സംസ്കാരത്തിന്റെ ഔന്നത്യം ആവാഹിച്ച് അനവധിയായ മനസ്സുകളിലേക്ക് പകരുന്ന അത്ഭുതവിദ്യയായി പരിണമിക്കുകയായിരുന്നു.
നാലരപ്പതിറ്റാണ്ടോളം നീളുന്ന തപസ്യയുടെ ചരിത്രത്തിന് ചാരുത പകര്‍ന്നുകൊണ്ട് അതിന്റെ 43-ാം വാര്‍ഷികാഘോഷവേളയില്‍ എം.എ. സാറിന്റെ നവതി ആഘോഷത്തിന്റെ സമാപനവും, വേദിയില്‍ അദ്ദേഹത്തിന്റെ സമാദരണവും നടക്കുകയാണ്. തപസ്യയുടെ സാംസ്കാരിക നിലയത്തിനാവശ്യമായ ധനശേഖരണത്തിന് തുടക്കംകുറിച്ച് അതിന്റെ ആദ്യസമര്‍പ്പണം ഈയവസരത്തില്‍ എം.എ. സാറിന് സമര്‍പ്പിക്കുകയും ചെയ്യുന്നു.
(തപസ്യ സംസ്ഥാന വര്‍ക്കിങ്
പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: