കൊച്ചി: കാലിക്കറ്റിന്റെ ചെമ്പടയ്ക്ക് പ്രോ വോളി ലീഗില്‍ സര്‍വാധിപത്യം. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ ഒന്നിനെതിരെ നാല് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കാലിക്കറ്റ് ഹീറോസ് തുടര്‍ച്ചയായ അഞ്ചാം വിജയം ആഘോഷിച്ചു. ഇതോടെ പോയിന്റ് പട്ടികയുടെ തലപ്പത്ത് സ്ഥാനം ഉറപ്പിച്ചു കോഴിക്കോടിന്റെ നായകന്മാര്. സ്കോര്‍: 15-14,11-15,15-11, 15-9, 15-8.
ആദ്യ സെറ്റില്‍തന്നെ ഇരു ടീമും കരുത്ത് കാട്ടി തുടങ്ങി. കാലിക്കറ്റിനായി നായകന് ജെറോം വിനീത് തുടക്കത്തിലേ ആഞ്ഞടിച്ചു. മറു നിരയില്‍ സെര്‍ബിയന്‍ താരം നൊവീക്ക ഒബ്ജലിക്കയും മികച്ച ഫോമില്‍ തുടക്കമിട്ടപ്പോള്‍ സ്കോര്‍ ഒപ്പത്തിനൊപ്പം. അജിത്ത് ലാലെന്ന കാലിക്കറ്റിന്റെ സൂപ്പര്‍ താരം സൂപ്പര്‍ സ്മാഷുകളിലൂടെ സെറ്റിന് ചൂടേകി. ഒടുവില്‍ ആര്‍ക്കും മുന്‍തൂക്കമില്ലാത്ത ആദ്യ സെറ്റ് കോഴിക്കോടിന്റെ സ്വന്തം പോളേട്ടന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ ഹീറോസിന്റെ കൈയ്യില്‍.
രണ്ടാം സെറ്റിലും തീപാറുന്ന ഷോട്ടുകള്‍ കോര്‍ട്ടിനെ പ്രകമ്പനം കൊള്ളിച്ചു. നായകന്റെ കളി പുറത്തെടുത്ത ജെറോം വിനീത് ഇടയ്ക്കിടെ എതിര്കോര്ട്ടിനെ നിശബ്ദമാക്കി. അറ്റാക്കര്‍ അജിത്ത് ലാല്‍ പേരിനൊത്ത പ്രകടനം രണ്ടാം സെറ്റിലും തുടര്‍ന്നു. അഹമ്മദാബാദ് താരങ്ങള്‍ നായകന് രഞ്ജിത്തിന്റെ കൈപ്പിടിച്ച് എതിര്‍കോര്‍ട്ടില്‍ ഉറച്ച് നിന്നതോടെ കളി മാറി. മിന്നും താരങ്ങളല്ലെങ്കിലും ഗുരീന്ദറും മന്ദീപുമെല്ലാം ഒറ്റക്കെട്ടായി ഒന്നിച്ചെപ്പോള് രണ്ടാം സെറ്റ് അഹമ്മദാബാദ് പോക്കറ്റില്‍ .
പോയിന്റിനായി ആര്‍ത്തിപൂണ്ട രണ്ട് ടീമുകളെയാണ് മൂന്നാം സെറ്റില്‍ കളത്തില്‍ കണ്ടത്. കൈയ്യും മെയ്യും മറന്ന് ഇരു ടീമും പോരടിച്ചു. സ്കോര്‍ 7-6ല്‍ നില്‍ക്കെ റഫറിയോട് തട്ടിക്കയറിയതിന് അഹമ്മദാബാദ് സൂപ്പര്‍ താരം ഒബ്ജലിക്കയ്ക്ക് മഞ്ഞ കാര്‍ഡ് നല്‍കുന്നതിനും കൊച്ചി സ്റ്റേഡിയം സാക്ഷിയായി. സ്കോര്‍ 10-11ല്‍ നില്‍ക്കെ ലോട്മാന് സൂപ്പര്‍ പോയിന്റ് ഹീറോസിന്റെ പേരില്‍ ചാര്‍ത്തിയതോടെ ഗ്യാലറി ആവേശ ലഹരിയിലായി. അവസാന നിമിഷങ്ങളില്‍ ലോട്മാനൊപ്പം അജിത്ത് ലാലും എണ്ണം പറഞ്ഞ സ്മാഷുകളോടെ കളം നിറഞ്ഞപ്പോള്‍ മൂന്നാം സെറ്റ് കാലിക്കറ്റിന്റെ പേരിനൊപ്പം.
ഹീറോസ് തനി ഹീറോസാവുകയായിരുന്നു നാലാം സെറ്റില്‍. എതിരാളികളെ മലര്‍ത്തിയടിച്ച് മറുപടിയില്ലാത്ത മുന്നേറ്റം. സ്കോര്‍ 5-0. ലോട്മാനെന്ന അതികായന് നാലാം സെറ്റിലും നിറം മങ്ങാതെ ജ്വലിച്ചു. കളത്തിലിറങ്ങിയ എല്ലാ താരങ്ങളും അമ്പരപ്പിക്കുന്ന ഫോമില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു ഹീറോസിനായി. ഗാനങ്ങള്‍ക്കൊപ്പം ഗ്യാലറിയില്‍ നടനമാടിയ കാണികള്‍ക്ക് അകമ്പടിയെന്നോണം കളത്തില്‍ നിറഞ്ഞാടി ചെമ്പട. പതിവുപ്പോലെ ലോട്മാനും അജിത്ലാലും ഹീറോസിന്റെ വീരനായകന്മാരായപ്പോള് നാലാം സെറ്റും ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ അഞ്ചാം വിജയവും ആഘോഷമാക്കി ഹീറോസ്.
അവസാന സെറ്റിലും തൊട്ടതെല്ലാം പൊന്നാക്കി ഹീറോസ്. അഹമ്മദാബാദ് താരങ്ങള്‍ അഞ്ചാം സെറ്റിലും താളം കണ്ടെത്താന്‍ വിഷമിച്ചതോടെ ഹീറോസിന് കാര്യങ്ങള്‍ അനായാസം. വിജയം ഉറപ്പിച്ച ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ഹീറോസ് അവസാന സെറ്റിലും എതിരാളികളെ നിഷ്പ്രഭമാക്കി. മത്സരിച്ച എല്ലാ ടീമുകളെയും പരാജയപ്പെടുത്തിയാണ് ഹീറോസ് സെമിയിലേക്ക് പറന്നുകയറിയത്. അവസാന മത്സരത്തില്‍ അതിമാനുഷന്റെ രൂപം പൂണ്ട ലോട്മാന് കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: