അമ്പത്തിയഞ്ച് വര്‍ഷംകൊണ്ട് കോണ്‍ഗ്രസ് ഉണ്ടാക്കിയതിന്റെ ഇരട്ടി ആഭ്യന്തര വളര്‍ച്ചയാണ് അഞ്ച് വര്‍ഷംകൊണ്ട് മോദിസര്‍ക്കാര്‍ ഇന്ത്യയില്‍ ഉണ്ടാക്കിയത്. പണപ്പെരുപ്പം 11.8% ല്‍ നിന്ന് 4.5% ആയി താഴ്ന്നു. ഒരുകാലത്ത് നമ്മെ അടക്കിഭരിച്ചിരുന്ന ഇംഗ്ലണ്ടിനെ പുറകിലാക്കി മോദിസര്‍ക്കാര്‍ ഇന്ത്യയുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുമ്പോള്‍ പുതിയ കര്‍ഷക തൊഴിലാളി സൗഹൃദസമൂഹം സൃഷ്ടിക്കുവാനുള്ള അശ്രാന്തപരിശ്രമം പിയൂഷ് ഗോയല്‍ എന്ന ഇടക്കാല ധനമന്ത്രിയുടെ ഇടക്കാല ബജറ്റില്‍ കാണാന്‍ കഴിഞ്ഞു. വിലവര്‍ദ്ധന ഉണ്ടാവില്ലെന്ന വാഗ്ദാനവുമായി പാവപ്പെട്ടവന്റെ പേരില്‍ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായിസര്‍ക്കാര്‍ കേരള ബജറ്റിലൂടെ പാവങ്ങളെ ഞെക്കിപ്പിഴിയുമ്പോള്‍ സമഗ്രവികസനത്തില് പാവപ്പെട്ടവന്റെ കണ്ണീര് തുടയ്ക്കാനും തൊഴിലാളികളുടെയും കര്‍ഷകരുടെയും ഇടത്തരക്കാരുടെയും ആവശ്യങ്ങള്‍ അറിഞ്ഞ് ശാശ്വതമായ പരിഹാരം സൃഷ്ടിക്കാനാണ് മോദി സര്‍ക്കാര്‍ കേന്ദ്രബജറ്റിലൂടെ ശ്രമിച്ചത്.
കേന്ദ്രബജറ്റ് ഇടക്കാലബജറ്റാണെങ്കിലും പൊതുസമൂഹം ഇരുകൈയും നീട്ടി അതിനെ സ്വീകരിച്ചു. ജനക്ഷേമകരമായ പദ്ധതികള്‍ കൊണ്ട് പ്രതിപക്ഷ വിമര്‍ശനങ്ങളുടെ മുന ഒടിച്ച ബജറ്റില്‍ പദ്ധതി നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു എന്നതാണു ശ്രദ്ധേയം. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ്. ഈ കാലയളവിലും തൊഴിലാളികള്‍ക്ക് നേരിട്ട് ഗുണകരമാകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുകയോ നടപ്പിലാക്കുകയോ ചെയ്യാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും ശ്രമിച്ചിട്ടില്ല. മോദി സര്‍ക്കാര്‍ ഓട്ടോറിക്ഷ തൊഴിലാളികളെ ഇഎസ്ഐ പരിധിയില്‍ കൊണ്ടുവരുകയും 1965ലെ ബോണസ്സ് ആക്ട് പരിഷ്കരിക്കുകയും ചെയ്തു. ബോണസ് കണക്കാക്കുന്നത് 3500 രൂപയില്‍നിന്നും 7000/ രൂപയായി ഉയര്‍ത്തുകയും അംഗത്വ ശമ്പളപരിധി 10000/ രൂപയില്‍നിന്നും 20000/ രൂപയാക്കുകയും ചെയ്തു. 1972 ലെ ഗ്രാറ്റുവിറ്റി ആക്ടില്‍ ഭേദഗതി വരുത്തി പരമാവധി ഗ്രാറ്റിവിറ്റി 10 ലക്ഷത്തിന്റെ പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി. ഇന്ത്യയിലെ തൊഴിലാളി സംഘടന നിരന്തരം ആവശ്യപ്പെട്ടിരുന്ന മിനിമം വേതനം 42% ഉയര്‍ത്തുകയും വേതനം ഏതാണ്ട് ഇരട്ടിയാക്കുകയും ചെയ്തതോടെ കാര്‍ഷിക, നിര്‍മ്മാണരംഗത്തെ തൊഴിലാളികള്‍ക്ക് വേതനവര്‍ദ്ധന 47% കൂടി. 1961 ലെ നിയമത്തില്‍ പ്രസവസംബന്ധമായി സ്ത്രീകള്‍ക്ക് ലഭിച്ച അവധി കേന്ദ്രസര്‍ക്കാര്‍ 12 ആഴ്ചയില്‍നിന്നും 26 ആഴ്ചയാക്കി മാറ്റി. ഇഎസ്ഐ അംഗത്വത്തിനുള്ള അടിസ്ഥാന ശമ്പളപരിധി 15000 രൂപയില്‍നിന്ന് 21000 രൂപയാക്കി ഉയര്‍ത്തി. ഇതോടെ നാളിതുവരെ ഇഎസ്ഐ ആനുകൂല്യം കിട്ടാതിരുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഇഎസ്ഐയുടെ പ്രയോജനം ലഭിച്ചു.
അംഗന്‍വാടി ആശ തൊഴിലാളികള്‍ക്ക് ശമ്പളം ഇരട്ടിയാക്കിയതും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3000 രൂപ പെന്ഷന് പ്രഖ്യാപിച്ചതും വിപ്ലവകരമായ മാറ്റത്തിന് സംഭാവനകളാണ്. ഇന്‍കംടാക്സിന്റെ അടിസ്ഥാനപരിധി 5 ലക്ഷമാക്കി ഉയര്‍ത്തിയതോടെ വാര്‍ഷികവരുമാനം 9 ലക്ഷം വരെയുള്ള ശരാശരി ഇന്ത്യക്കാര്‍ക്ക് ആശ്വാസവും പ്രയോജനകരവുമായി.
മോദി സര്‍ക്കാരിനെതിരെ ഏറ്റവും രൂക്ഷമായ വിമര്‍ശനം ഉണ്ടായത് കര്‍ഷകരുടെ കാര്യത്തിലാണ്. കേന്ദ്രബജറ്റില്‍ പ്രതിപക്ഷങ്ങളുടെ എല്ലാ വിമര്‍ശനങ്ങളേയും വിഫലമാക്കി കര്‍ഷകര്‍ക്ക് താങ്ങായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് മാര്‍ച്ച് മാസം മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് വിപ്ലവകരമായ തീരുമാനമാണ്. ഈ പദ്ധതിയിലൂടെ പ്രതിവര്‍ഷം 6000/ രൂപ സൗജന്യമായി കര്‍ഷകര്‍ക്ക് മിനിമംവേതനം ലഭിക്കും. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ വിളകള്‍ക്കും ഉല്‍പ്പാദനചിലവിന്റെ ഒന്നര ഇരട്ടി താങ്ങുവിലയായി പ്രഖ്യാപിച്ച് നടപ്പിലാക്കിയതോടെ കേന്ദ്രബജറ്റ് കര്കസൗഹൃദ ബജറ്റായി. 2018-19 കാലയളവിലെ പുതുക്കിയ കണക്ക് പ്രകാരം അനുവദിച്ച 20000 കോടി രൂപയ്ക്കു പുറമെ 2019-20ല്‍ കര്ഷകമേഖലയ്ക്കായി 75000 കോടി രൂപയാണ് കേന്ദ്രബജറ്റില്‍ അനുവദിച്ചത്. യുപിഎയുടെ കാലത്ത് ഇത് കേവലം 51000 കോടി രൂപ മാത്രമായിരുന്നു. ദുരന്തവേളകളില്‍ കര്‍ഷകര്‍ക്ക് കുറവുനല്കിയ 2% പലിശ ഇനി മുഴുവന്‍ വിളവ് സമയത്തും അനുവദിച്ചതും ജലസേചനത്തിന് കൂടുതല്‍ തുക വകയിരുത്തിയതും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കും പുനര്‍സൃഷ്ടിക്കും സഹായകമായി. പരിണിത പ്രജ്ഞനായ എംഎസ് സ്വാമിനാഥന് കാര്‍ഷികമേഖലയ്ക്കുള്ള ബജറ്റിലെ പദ്ധതികളെയും വകയിരുത്തിയ തുകയേയും പ്രകീര്‍ത്തിക്കുക മാത്രമല്ല സ്വതന്ത്രഭാരതത്തില്‍ കാര്‍ഷികമേഖലയ്ക്ക് അനുഗുണമായ നയങ്ങളും നടപടികളും ആദ്യമായി സ്വീകരിച്ചത് നരേന്ദ്രമോദി ഗവര്‍മെന്റാണെന്നു ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതുകയും ചെയ്തു. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ആയ ആയുഷ്മാന്‍ പദ്ധതിക്കും മഹാത്മാഗാന്ധി ഗ്രാമവികസന പദ്ധതിക്കും കൂടുതല്‍ തുക നീക്കിവെയ്ക്കുകയും പട്ടിക ജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള വിഹിതത്തില്‍ 35.6% വര്‍ദ്ധനവ് നല്‍കുകയും ചെയ്തു.
(ബിജെപി സംസ്ഥാന വക്താവാണു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: