കാലത്തോട് സര്‍ഗാത്മകമായി പ്രതികരിക്കുന്ന 29 മികച്ച കവിതകളുടെ സമാഹാരമാണ് ‘മഴ നനഞ്ഞുപോയ പെങ്ങള്.’ കേസരി മുഖ്യപത്രാധിപരും ആര്‍എസ്എസ് സഹപ്രാന്തപ്രചാര്‍ പ്രമുഖുമായ ഡോ. മധുമീനച്ചിലിന്റെ പ്രഥമകവിതാസമാഹാരമാണിത്. ആശയസൗന്ദര്യവും ആവിഷ്ക്കാരമികവുമൊത്തിണങ്ങിയ ഈ സമാഹാരത്തിലെ രചനകള്‍ ആത്മീയവും സാമൂഹികവും വൈയക്തികവുമായ ഭാവാവസ്ഥകളെ സാകല്യബോധത്തോടെ പ്രകാശിപ്പിക്കുന്നതില്‍ അനിതരസാധാരണമായ പാടവമാണ് പ്രദര്‍ശിപ്പിക്കുന്നത്.
ആര്‍ഷമെന്നു വ്യവഹരിക്കാവുന്ന ബൃഹദ്പാരമ്പര്യത്തിന്റെ തേജസ്സ് പ്രസരിക്കുന്ന കവിതകള്‍ ദേശാഭിമാനത്തിന്റെ ഉന്നതമായ ഭാവുകത്വത്തെ ആത്മസാത്കരിക്കുന്നു. കേരളീയമെന്നു വ്യവഹരിക്കാവുന്ന പ്രാദേശിക പാരമ്പര്യത്തിന്റെ വെളിച്ചം വിതറുന്ന കവിതകള്‍ ഐതിഹ്യനിഷ്ഠമായ ലോകബോധത്തിന്റെ ഉള്‍പ്പൊരുളിലേക്ക് അനുവാചകരെ കൊണ്ടുപോകുന്നു. ആത്മാംശത്തിന്റെ നിറവുള്‍ക്കൊള്ളുന്ന രചനകളിലും സാത്വികമായ ക്രിയാംശത്തെ സന്നിവേശിപ്പിക്കുന്നതില്‍ മധുമീനച്ചില്‍ എന്ന കവി ദത്തശ്രദ്ധനാണ്. ആര്‍ദ്രതയുടെ അര്‍ത്ഥം പൊലിപ്പിച്ചുകാട്ടുന്ന വികാരപ്രധാനങ്ങളായ കവിതകള്‍ കവിയുടെ ജീവിതദര്‍ശനത്തിന്റെ നേര്‍ക്കാഴ്ചകളാണ്.
മനുഷ്യജന്മത്തിന്റെ പ്രഹേളികാസമാനമായ അവസ്ഥാന്തരങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ വൈദികദര്‍ശനമാണ് ഈ കവിക്ക് വെളിച്ചമേകുന്നത്. ധ്വനിയുടെ കല ശരിയായി ഉള്‍ക്കൊണ്ടതിന്റെ അടയാളങ്ങളും ഈ കാവ്യസമാഹാരത്തിലെ രചനകളില്‍ പ്രകടമാവുന്നുണ്ട്. സുഗതകുമാരിയുടെ ഹ്രസ്വമെങ്കിലും മര്‍മ സ്പര്‍ശിയായ അവതാരിക മധുവിന്റെ കാവ്യലോകത്തിലേക്ക് പ്രവേശിക്കുവാനാഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയാണ്.
സുഗതകുമാരിയുടെ അളന്നുമുറിച്ച വാക്കുകള്‍ ശ്രദ്ധിക്കുക. ”കവിതയെ ആരാധിക്കുന്ന ഒരു മനസ്സാണ് ഡോ. മധുമീനച്ചിലിന്റേത്. ഒരു ദേവീവിഗ്രഹത്തിന്റെ മുന്നിലെന്ന പോലെ അദ്ദേഹം കവിതയുടെ മുന്നില്‍ കൈകൂപ്പി നില്ക്കുന്നു. സ്നേഹമാണ് അദ്ദേഹത്തിന്റെ നിവേദ്യം. പുരാതനവും ആര്‍ഷവുമായ സംസ്ക്കാരത്തില്‍ അടിയുറച്ചതാണ് അദ്ദേഹത്തിന്റെ വിശ്വാസങ്ങള്‍”. സുഗതകുമാരിയുടെ ഈ നിരീക്ഷണങ്ങളില്‍ നിന്നുതന്നെ മധുവിന്റെ കാവ്യലോകത്തിന്റെ പൊതുഭാവം വ്യക്തമായി തെളിയുന്നുണ്ട്.
ബഹുഭാഷാ പണ്ഡിതനും കവിയുമായ പി. നാരായണക്കുറുപ്പിന്റെ ആസ്വാദനവും മധു മീനച്ചിലിന്റെ കാവ്യപ്രപഞ്ചത്തിന് കരുത്തേകുന്നുണ്ട്. കാവ്യബിംബങ്ങളുടെ നിര്‍മിതിയില്‍ മധുമീനച്ചിലിനുള്ള സിദ്ധി സ്പഷ്ടമാകുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ഈ സമാഹാരത്തിലെ രചനകളിലുള്‍ച്ചേര്‍ന്നിട്ടുണ്ട്. കല്‍ക്കണ്ടമധുവൂറുന്ന രാമായണശീലുകൊണ്ട് നാവില്‍ കാവ്യോപാസനയുടെ ഹരിശ്രീ കുറിച്ച അച്ഛനും, കവിതയുടെ കനല് കരളില്‍ പകര്‍ന്നുതന്ന അവധൂതഗുരുവിനുമുള്ള ശ്രദ്ധാഞ്ജലിയാണ് ഈ കാവ്യസമാഹാരമെന്ന് ആമുഖത്തില്‍ കവി രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാരതത്തിന്റെ സനാതനത്വവും വിശ്വവന്ദ്യതയും ജ്ഞാനമഹിമയും ഉചിതമായ വാക്കുകളിലൂടെ അവതരിപ്പിക്കുവാന്‍ കവിക്ക് സാധിച്ചുവെന്ന വസ്തുത നിസ്തര്‍ക്കമാണ്. ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കവിതയേതെന്ന ചോദ്യത്തിന് എന്റെ ഉത്തരം ‘ചിന്നമ്മു’ എന്നാണ്. എവിടെ നിന്നോ താന്‍ പാര്‍ക്കുന്ന ഇടത്തിലേക്ക് അഭയം തേടി എത്തിയ ‘ചിന്നമ്മു’ എന്ന പൂച്ച ജന്മാന്തരബന്ധത്തിന്റെ പൊരുളാണെന്ന സത്യബോധത്തിലേക്ക് കവിചിത്തമുണരുന്നു.
ചിന്നമ്മുവിന്റെ മഴ നനഞ്ഞുള്ള ദയനീയമായ വരവും പിന്നീടവള്‍ സ്വാതന്ത്ര്യബോധത്തോടെ വീട്ടില്‍ പെരുമാറിപ്പോന്നതും ഒട്ടൊക്കെ വിസ്തരിച്ചു തന്നെ കവി വിവരിക്കുന്നുണ്ട്. തിര്യക്കുകളെ ശല്യമായി കാണുന്ന സഹൃത്തുക്കള്‍ കവി വീട്ടിലില്ലാതിരുന്ന സമയത്ത് ചിന്നമ്മുവിനെ ചാക്കിലാക്കി ദൂരെ കളയുകയാണ്. കവിമനസ്സില്‍ ചിന്നമ്മുവിന്റെ സ്ഥാനം മുന്തിയതത്രേ.
ദാര്‍ശനികമായ പ്രപഞ്ചവീക്ഷണം, അകൃത്രിമമായ ഭാഷാശൈലി, മഴയും നിലാവും ബാല്യകാലവും മിന്നലും മയില്‍പ്പീലിയും സന്ധ്യകളും സൂര്യചന്ദ്രന്മാരും പരല്‍മീനും ഉത്സവാഘോഷങ്ങളും ബിംബരൂപത്തില്‍ ആവിഷ്കരിക്കാനുള്ള കവിത്വസിദ്ധി എന്നിവ എടുത്തുപറയേണ്ടത് തന്നെയാണ്. പി.നാരായണക്കുറുപ്പിന്റെ ആസ്വാദനക്കുറിപ്പാകട്ടെ ഈ കാവ്യസമാഹാരത്തിന് കൈവന്ന മറ്റൊരു വരപ്രസാദവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: