യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച മറ്റൊരു ചിത്രംകൂടി ബോളിവുഡിൽ വിജയരഥമേറുന്നു. 2016-ൽ ഭാരതം പാക്കിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ ആധാരമാക്കി ഒരുക്കിയ ‘ഉറി’എന്ന ഹിന്ദിചിത്രമാണ് ബോക്സോഫീസ് റെക്കോർഡുകൾ മറികടക്കുന്നത്. ആദിത്യ ധർ ആദ്യമായി സംവിധാനം ചെയ്ത ഈ പുതുമുഖ ചിത്രം സൂപ്പർതാര ചിത്രങ്ങളെ മറികടന്നും മുന്നേറുകയാണ്.
ജൂൺ 4, 2015 മണിപ്പൂരിൽ കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തുന്ന ഒളിപ്പോരിൽനിന്ന് ചിത്രം ആരംഭിക്കുന്നു. ഒളിയാക്രമണത്തിനുശേഷം മ്യാൻമറിലേക്ക് കടന്ന കമ്മ്യൂണിസ്റ്റ് ഭീകരരെ അവിടെച്ചെന്ന് വകവരുത്തുന്നു. ഇതിന് നേതൃത്വം നൽകുന്നത് മേജർ വിഹാൻ സിങ് ഷെർഗിലാണ്. ആക്രമണത്തിനു ശേഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ വിരമിക്കാൻ ആഗ്രഹിക്കുന്നതായി വിഹാൻ അറിയിക്കുന്നു. കാരണം തിരക്കുന്ന പ്രധാനമന്ത്രിയോട്, ”അമ്മയുടെ ഓർമ്മക്കുറവ്, അമ്മയെ സംരക്ഷിക്കണം”. എന്നാൽ രാജ്യവും അമ്മതന്നെയെന്ന് ഓർമ്മിപ്പിക്കുന്ന പ്രധാനമന്ത്രി, വിരമിക്കാതെതന്നെ അമ്മയെ സംരക്ഷിക്കുന്നതിന് ഉതകുന്നതരത്തിൽ സ്ഥലം മാറ്റം നൽകാൻ നിർദ്ദേശിക്കുന്നു.
ഓർമ്മക്കുറവുള്ള അമ്മയും അവരെ ശുശ്രൂഷിക്കാനെത്തുന്ന നഴ്സും സഹോദരിയും സഹോദരീ ഭർത്താവും മറ്റുസുഹൃത്തുക്കളുമായുള്ള ജീവിതം. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മുഹൂർത്തങ്ങളിലൂടെ ചിത്രം പുരോഗമിക്കുമ്പോൾ അമ്മയെ കാണാതാകുന്നു. സംശയം ശുശ്രൂഷിക്കാനെത്തിയ നഴ്സിലേക്ക്. മ്യാൻമർ ആക്രമണത്തിനുശേഷം അതിൽ പങ്കെടുത്ത ഓരോ ഉദ്യോഗസ്ഥനും രാജ്യത്തിന്റെ സുരക്ഷയിലും നിരീക്ഷണത്തിലുമായിരുന്നുവെന്ന് ചിത്രം പറയുന്നു. അതിനായി നിയോഗിക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥയായിരുന്നു അമ്മയെ ശുശ്രൂഷിക്കാനെത്തിയ നഴ്സ്.
2016 സെപ്തംബർ 18 രാജ്യത്തെ ഞെട്ടിച്ച് ഉറിയിലെ സൈനിക ക്യാമ്പിൽ പാക്കിസ്ഥാൻ ഭീകരരുടെ ആക്രമണം. ആക്രമണത്തിനെത്തിയ ഭീകരരെയെല്ലാം സൈന്യം വധിക്കുന്നുണ്ടെങ്കിലും അവരുടെ കൈവശമുള്ള ആയുധങ്ങൾ പിടിച്ചെടുക്കുമ്പോൾ ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമാകുന്നു. അതിൽ മേജർ വിഹാന്റെ സഹോദരീ ഭർത്താവും ഉൾപ്പെടുന്നു.
ഭരണതലത്തിൽ കൂടിയാലോചനകൾ. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് ഇതിനുള്ള പ്രതിവിധി നിർദ്ദേശിക്കുന്നു- സർജിക്കൽ സ്ട്രൈക്ക്. ”രാജ്യത്ത് ഇതിനുമുമ്പും ഇങ്ങനെ പലവട്ടം നടന്നിട്ടുണ്ട്. അന്നൊന്നും നമ്മൾ ഒന്നും ചെയ്തില്ല. അവർ അറിയട്ടെ ഭാരതം മാറിയെന്ന്” ഈ വാക്കുകൾ എല്ലാവരെയും സർജിക്കൽ സ്ട്രൈക്കിലേക്ക് എത്തിക്കുന്നു. അതിനുള്ള പൂർണ്ണ ചുമതല സുരക്ഷാ ഉപദേഷ്ടാവിന് പ്രധാനമന്ത്രി നൽകുന്നു.
സർജിക്കൽ സ്ട്രൈക്കിന്റെ സൈനിക ചുമതല മേജർ വിഹാനിലേക്കും. പദ്ധതി രൂപപ്പെടുത്താൻ ഡിആർഡിഎയുടെ സഹായവും. ഡിആർഡിഎ ഓഫീസ് സന്ദർശിക്കുന്ന സുരക്ഷാ ഉപദേഷ്ടാവ് അവിടെ സമയം കളയാനായി പക്ഷിയെ ഉണ്ടാക്കി പറത്തുന്ന ഒരു ജൂനിയർ ഉദ്യോഗസ്ഥനെ കണ്ടെത്തുന്നു. ഉദ്യോഗസ്ഥൻ നിർമ്മിച്ച പക്ഷിയുടെ ശക്തികൂട്ടുന്നതിനായി പണവും സഹജീവനക്കാരെയും നൽകുന്നു. പാക്കധീന കശ്മീരിലെ ഭീകരവാദ ക്യാമ്പുകളുടെ ചിത്രങ്ങൾ ഒപ്പിയെടുക്കുന്നു ഈ പക്ഷി. ഭാരതത്തിന്റെ അഭിമാനമുയർത്തി പാക് മണ്ണിൽ ഭാരത സൈനികരുടെ സംഹാരതാണ്ഡവം. സൈനികരുടെ ജീവന് ഭീകരരുടെ ചോരകൊണ്ട് ഒരു ബാഷ്പാഞ്ജലി.
2014നുശേഷം ഭാരതത്തിലുണ്ടായ രാഷ്ട്രീയ മാറ്റത്തെ ചിത്രം വ്യക്തമാക്കുന്നുണ്ട്. പാക്ക് ഉദ്യോഗസ്ഥരുടെ പരിഹാസം ഇതിന് ഉദാഹരണമായി ചിത്രം കാണിക്കുന്നു. ഭാരതത്തിൽ എന്ത് ചെയ്താലും പേടിക്കേണ്ടതില്ല, ഏറ്റവും കൂടിയാൽ അവർ നമ്മുടെ നടന്മാരെയോ പാട്ടുകാരെയോ ഉപരോധിക്കും. അതിൽക്കൂടുതൽ ഒന്നും ഇന്ത്യ ചെയ്യില്ലെന്നാണ് അവരുടെ പരിഹാസം. ഇതിനുള്ള മറുപടികൂടിയാണ് സർജിക്കൽ സ്ട്രൈക്കെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. പോരുകൾ ഉപയോഗിക്കുന്നില്ലെങ്കിലും, പ്രധാനമന്ത്രി, അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ, സുഷമ സ്വരാജ്, രാജ്നാഥ് സിങ് എന്നിവരെ രൂപസാദൃശ്യംകൊണ്ട് വ്യക്തമാക്കുന്നുണ്ട് കഥാപാത്രങ്ങൾ. ഒരുപക്ഷേ സർജിക്കൽ സ്ട്രൈക്ക് പരാജയപ്പെട്ടിരുന്നെങ്കിൽ പ്രധാനമന്ത്രി രാജിവയ്ക്കുമായിരുന്നുവെന്ന് ചിത്രം പറയുന്നു. രാജ്യത്തിന്റെ യശസ്സുയർത്തിയ സർജിക്കൽ സ്ട്രൈക്ക് തിരശ്ശീലയിലെത്തുമ്പോൾ അത് ഒരു ആവേശംതന്നെയാവുകയാണ്.
ചിത്രം റെക്കോർഡുകൾ കടന്ന് മുന്നേറുമ്പോഴും കേരളത്തിൽ മാത്രം ഇതിന് ആവശ്യത്തിന് തീയേറ്ററുകൾ കിട്ടിയിട്ടില്ല. കമ്മ്യൂണിസ്റ്റ്, ഇസ്ലാമിക ഭീകരരെ രാജ്യം നേരിടുന്നത് പ്രമേയമായതാകാം ഇതിന് കാരണം. ഭാരതത്തിന്റെ മുഖ്യധാരയിൽനിന്ന് കേരളം മുഖംതിരിഞ്ഞു നിൽക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ‘ഉറി’ക്ക് തീയേറ്റർ നിഷേധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: