അഞ്ചല്‍: ആചാരപരിഷ്കരണത്തിനായി വാളെടുത്തുറഞ്ഞുതുള്ളുന്നവര് ബാലകനയ്യന് കുടിയിരിക്കുന്ന കുളത്തൂപ്പുഴയിലേക്ക് വരണം. സമസ്തജാതിവിഭാഗങ്ങള്ക്ക് മാത്രമല്ല സര്‍വജീവജാലങ്ങള്‍ക്കും അയ്യപ്പന്റെ സന്നിധാനം നല്കുന്ന സമത്വം അനുഭവിച്ചറിയാം.
ആറ്റില്‍ മരിക്കുന്ന മത്സ്യത്തിനും മനുഷ്യനെപ്പോലെ സംസ്കാരകര്‍മങ്ങള്‍ വിധിക്കുകയാണ് ഇവിടെ. കുളത്തൂപ്പുഴ ധര്‍മശാസ്താ ക്ഷേത്രത്തിലാണ് ഈ അപൂര്‍വ ആചാരമുള്ളത്. അതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ത്തന്നെ. കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു സംസ്കാരച്ചടങ്ങിന് ഭക്തര്‍ സാക്ഷികളായി. മരിച്ച മത്സ്യത്തെ പട്ടില്‍ പൊതിഞ്ഞ്, മാലചാര്‍ത്തി ഭക്തര്‍ കണ്ടുതൊഴുത് പുഷ്പാര്‍ച്ചന നടത്തി നാമജപത്തോടെ ആചാരപ്രകാരം കുഴിയെടുത്താണ് സംസ്കാരം. സ്വയം പ്രഖ്യാപിത പുരോഗമനവാദികള്‍ പ്രാകൃതമെന്ന് അധിക്ഷേപിക്കുന്ന ഹിന്ദുദര്‍ശനത്തിന്റെ മഹത്വമാണിതെന്ന് ആചാര്യന്മാരും ചൂണ്ടിക്കാണിക്കുന്നു.
കുളത്തൂപ്പുഴ ശെന്തരുണി വനത്തില്‍ നിന്നുത്ഭവിക്കുന്ന കുളത്തൂപ്പുഴയാറില്‍ അമ്പലക്കടവില്‍ അപൂര്‍വയിനം കൂറ്റന്‍ വര്‍ണ മത്സ്യങ്ങളുണ്ട്. ഇവയെ ഭഗവാന്റെ ‘തിരുമക്കള്‍’ എന്നാണ് ഭക്തര്‍ വിളിക്കുന്നത്. ഇവ ഭഗവാന്റെ മക്കളെന്നാണ് സങ്കല്പം. ഇവയ്ക്ക് ഭക്ഷണമായി അരിമണി വിതറുന്നത് അരിമ്പാറ പോലുള്ള ത്വക് രോഗങ്ങള്‍ക്ക് വിമുക്തി നല്‍കുമെന്നാണ് വിശ്വാസം. ഇവയെ സംരക്ഷിക്കുന്നതിനായി പുരാവസ്തു വകുപ്പ് സംരക്ഷണമേറ്റെടുത്തിട്ടുമുണ്ട്. ദേവസ്വം ബോര്‍ഡില്‍ ആകെയുള്ള ‘മീന്‍ വാച്ചര്‍’ തസ്തികയുമിവിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: