നാലുവര്‍ഷം പിന്നിട്ട നരേന്ദ്രമോദി സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണ് റഫാല്‍ വിവാദം. യുപിഎ ഭരണത്തിലെ പകല്‍ക്കൊള്ള കണ്ടുമടുത്ത ജനങ്ങളാണ് എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത്. ഏറെ കരുതലോടെയും കാര്യക്ഷമതയോടെയും പെരുമാറുന്ന സര്‍ക്കാരിനെ നാറ്റിക്കാന്‍ പല പഴുതുകളും നോക്കിയെങ്കിലും ഒന്നുപോലും ഫലം കണ്ടില്ല. ഒടുവിലാണ് റഫാല്‍ യുദ്ധ വിമാനത്തില്‍ കയറിപിടിച്ചത്. ഓരോ ദിവസവും പുതിയ നുണകള്‍ ചമച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ശ്രമിക്കുന്നത്. സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയ റഫാല്‍ ഇടപാട് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പൊതുതാല്പര്യ ഹര്‍ജികള്‍ പഠിച്ച സുപ്രീംകോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. നാല് മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ഹര്‍ജി വിധി പറയുന്നതിന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് മാറ്റിയത്. വ്യോമസേനയിലെ ഉന്നതര്‍ സുപ്രീംകോടതിയില്‍ ഹാജരായി വിമാനത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് വിവരിച്ചു. അതേസമയം റഫാല്‍ വിമാന ഇടപാടില്‍ വിലയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. വില വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാല്‍ മാത്രം ഇക്കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് സുപ്രീംകോടിതയുടെ നിലപാട്.
ഇടപാടില്‍ പ്രതിരോധ സംഭരണ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. യുപിഎ സര്‍ക്കാരുണ്ടാക്കിയ ചട്ടങ്ങള്‍ പിന്തുടരുക മാത്രമാണ് ചെയ്തത്. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകാരം നല്‍കിയിരുന്നു. ഒരു വര്‍ഷത്തോളം ഫ്രാന്‍സുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. റഫാല്‍ ഇടപാട് സുതാര്യവും ശുദ്ധവുമാണെന്നും ഈ കാര്യത്തില്‍ തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ലെന്നും ദസോള്‍ട്ട് സിഇഒ എറിക്ക് ട്രാപ്പിയര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എറിക്കിന്റെ വെളിപ്പെടുത്തലിലൂടെ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് തെളിയുകയാണ്.
യുപിഎ സര്‍ക്കാര്‍ മുന്നോട്ടു വച്ച കരാറില്‍ നിന്ന് 9 ശതമാനം വിലകുറവാണ് പുതിയ കരാറില്‍ ഉള്ളതെന്നതാണ് വസ്തുത. സര്‍ക്കാരുകള്‍ തമ്മില്‍ ഇടപാട് ഉറപ്പിച്ചതുകൊണ്ടാണ് ഇത് സാധ്യമായത്. നേരത്തെ ഇടപാടില്‍ റിലയന്‍സിനെ തെരഞ്ഞെടുത്തത് കേന്ദ്രസര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. റഫാല്‍ വിമാനങ്ങളുടെ വില യുപിഎ സര്‍ക്കാര്‍ മുന്നോട്ടു വച്ച കരാറിനേക്കാള്‍ കൂടുതലാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ദസോ മേധാവിയുടെ വെളിപ്പെടുത്തലിലൂടെ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
സൈന്യത്തിന് 126 യുദ്ധവിമാനങ്ങള്‍ വേണം. ഫ്രാന്‍സുമായി കരാറിന് കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാര്‍ ഒരുങ്ങി. 18 എണ്ണം നേരിട്ട് വാങ്ങാം. ബാക്കി 108 എണ്ണം സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യയില്‍ നിര്‍മിക്കും. ഇന്ത്യയിലെ നിര്‍മാണച്ചുമതല പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിന്. ഇതായിരുന്നു യുപിഎ ഭരണകാലത്തെ ധാരണ. 1,72,185 കോടി രൂപയുടെ ഇടപാടാണ് ലക്ഷ്യമിട്ടത്. മെല്ലെപ്പോക്കില്‍ കുടുങ്ങി കരാര്‍ യഥാര്‍ഥ്യമായില്ല. നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറി. 2016 സെപ്റ്റംബര്‍ 23ന് റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടു. 36 വിമാനങ്ങള്‍ വാങ്ങാനായിരുന്നു മോദി സര്‍ക്കാരിന്റെ തീരുമാനം. 59,000 കോടി രൂപയുടെ ഇടപാട്. ലാഭം മോദിയുണ്ടാക്കിയ കരാറിലാണ്. ആയുധങ്ങളുടെ വില, അറ്റകുറ്റപ്പണി, സാങ്കേതിക സഹായം എന്നിവയെല്ലാം കൂടി ഒരു വിമാനത്തിന് 1,646 കോടി രൂപയായി. യുപിഎ സര്‍ക്കാരിന്റെ കരാര്‍ പ്രകാരം 1,705 കോടി രൂപയാകുമായിരുന്നു. പ്രതിരോധമന്ത്രാലയവും വ്യോമസേനയും തയ്യാറാക്കിയ രേഖയിലെ കണക്കാണിത്. ആരോപണം ബോധപൂര്‍വം ഉന്നയിക്കുന്നവര്‍ക്ക് ഇതൊന്നും കണക്കിലെടുക്കേണ്ടതില്ല. ഏറ്റവും ഒടുവില്‍ സിഎജിയെ വരുതിയിലാക്കാനും നോക്കുകയാണ്. ഏതായാലും കേന്ദ്രസര്‍ക്കാരിനെതിരായ ഈ യുദ്ധം തോല്‍ക്കുമെന്നുറപ്പാണ്. അത് കാണാന്‍ പോകുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: