മുട്ടസ്സു നമ്പൂതിരി ഒരിക്കല്‍ യാത്രയ്ക്കിടെ ഒരു പിശുക്കന് നമ്പൂതിരിയുടെ ഇല്ലത്ത് ഊണു കഴിക്കാന്‍ കയറി. വഴിപോക്കര്‍ക്ക് പച്ചവെള്ളം പോ
ലും കൊടുക്കാത്ത ലുബ്ധനായിരുന്നു വീട്ടുകാരന് എന്ന് മുട്ടസ്സുനമ്പൂതിരിക്ക് അറിയാമായിരുന്നു. ഉപാ
യത്തിലൂടെ മാത്രമേ അവിടെ നിന്ന് ഊണു കിട്ടൂ എന്നും അദ്ദേഹത്തിന് ബോധ്യമായി.
വന്നതെന്തിനെന്ന്, ദുര്‍മുഖത്തോടെയാണ് ഗൃഹസ്ഥന് നമ്പൂതിരി ചോദിച്ചത്. കുറച്ച് ദൂരെനിന്ന് വരികയാണെന്നും തന്റെ അമ്മയുടെ ശ്രാദ്ധം ഇന്നാണെന്നും കര്‍മം ചെയ്യാനുള്ള സൗകര്യങ്ങള്‍ ചെയ്തുതരണമെന്നും മുട്ടസ്സു നമ്പൂതിരി പറഞ്ഞു. പണം എത്ര ചെലവഴിക്കാനും തയാറാണെന്നതു കൂടി കേട്ടതോടെ ദക്ഷിണയും സമ്മാനവും കൈനിറയെ കിട്ടുമെന്ന അത്യാഗ്രഹത്താല്‍, ശ്രാദ്ധം ചതുര്‍വിധമായിട്ടു വേണോ എന്ന് ഗൃഹസ്ഥന് ചോദിച്ചു.
ഇതുവരെ അമ്മയുടെ ശ്രാദ്ധം നടന്നത് അങ്ങനെയാണെന്നും ഇത്തവണയും അതുപോലെ വേണമെന്നാണ് ആഗ്രഹമെന്നും മുട്ടസ്സു നമ്പൂതിരി പറഞ്ഞു. എണ്ണതേച്ചു കുളിക്കാനുള്ള സൗകര്യം കൂടി ചെയ്തു തരണമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാം അങ്ങനെ തന്നെയാവാമെന്ന് സമ്മതിച്ച് ഗൃഹസ്ഥന് നമ്പൂതിരി അകത്തു ചെന്ന് വെച്ചുണ്ടാക്കുന്നതിന് ഏര്‍പ്പാടാക്കി. പിന്നീട് രണ്ടുപേരും കൂടി കുളിക്കാന്‍ പോയി. മുട്ടസ്സു നമ്പൂതിരി പെട്ടെന്ന് കുളിച്ചു കയറി. ശ്രാദ്ധത്തിനുള്ളതെല്ലാം ഒരുക്കട്ടെ, അങ്ങ് വേഗം വന്നോളൂ എന്ന് പറഞ്ഞ് ഇല്ലത്തേക്ക് പോയി. ഇല്ലത്തെത്തിയപ്പോള്‍ അവിടുത്തെ അന്തര്‍ജനം ബലിക്കുള്ളതെല്ലാം വെച്ചുണ്ടാക്കി, നാലുകെട്ടില്‍ എടുത്തു വെച്ചിരുന്നു. അവര്‍ വാതിലും ചാരി അടുക്കളയിലേക്ക് പോയി.
മുട്ടസ്സു നമ്പൂതിരി നാലുകെട്ടില്‍ കയറി എല്ലാ വാതിലുകളും സാക്ഷയിട്ട ശേഷം മൂക്കുമുട്ടെ ഊണുകഴിച്ചു. കുറച്ചു കഴിഞ്ഞ് ഗൃഹസ്ഥന് നമ്പൂതിരിയെത്തി. ഊണുകഴിഞ്ഞ് എഴുന്നേറ്റുവരുന്ന മുട്ടസ്സു നമ്പൂതിരിയോട്, തനിക്ക് ശ്രാദ്ധമൂട്ടണമെന്ന് പറഞ്ഞിട്ട് ഇങ്ങനെയാണോ എന്ന് ഗൃഹസ്ഥന് നമ്പൂതിരി ചോദിച്ചു.
അങ്ങ് ദേഷ്യപ്പെടരുത്, സത്യത്തില്‍ എനിക്ക് തെറ്റുപറ്റിയതാണ്, ഇന്ന് അമ്മയുടെ ശ്രാദ്ധമല്ല, എന്റെ പിറന്നാളാണ്, ഇപ്പോഴാണ് ഓര്‍ത്തത്, ഏതായാലും ഭക്ഷണമെല്ലാം കേമമായി എന്നായിരുന്നു മുട്ടസ്സു നമ്പൂതിരിയുടെ മറുപടി.
കോപം കൊണ്ട് ജ്വലിച്ച് ഒന്നും മിണ്ടാനാവാതെ നിന്ന ഗൃഹസ്ഥന് നമ്പൂതിരിക്കു മുമ്പിലൂടെ യാതൊരു ഭാവമാറ്റവും കൂടാതെ മുട്ടസ്സു നമ്പൂതിരി ഇറങ്ങിപ്പോയി.
മുട്ടസ്സു നമ്പൂതിരി ഒരിക്കല്‍ ആറാട്ടുപുഴ പൂരം കാണാന്‍ പോകുകയുണ്ടായി. സര്‍വാഭരണ വിഭൂഷിതരായാണ് എല്ലാവരും പൂരത്തിന് പോകാറുള്ളത്. എന്നാല്‍ അദ്ദേഹം പോയയത് തന്റെ തറവാട്ടു വകയായുള്ള സകല ആധാരപ്രമാണങ്ങളും ഒരു പെട്ടിയിലാക്കിയിട്ടായിരുന്നു. പെട്ടിയും തലയില്‍ വെച്ച് പൂ
രം കാണാനെത്തിയ മുട്ടസ്സു നമ്പൂതിരിയെ കണ്ട് ആളുകള്‍ അത്ഭുതപ്പെട്ടു. എന്തിനാണ് ഇത്രയും പ്രമാണങ്ങള്‍ ചുമന്നുകൊണ്ട്് വന്നിരിക്കുന്നതെന്ന് ചിലര്‍ നമ്പൂതിരിയോട് ചോദിച്ചു. അതിനു മറുപടിയായി, തങ്ങള്‍ക്കെത്രത്തോളം സമ്പാദ്യമുണ്ടെന്ന് കാണിക്കാനാണല്ലോ എല്ലാവരും ഇത്രയും സ്വര്‍ണവും ചുമന്ന് വരുന്നത്. എനിക്ക് സ്വര്‍ണമൊന്നും സമ്പാദ്യമായില്ല. അതുകൊണ്ടാണ് സ്ഥലത്തിന്റെ ആധാര പ്രമാണങ്ങള്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതുകേട്ട് സ്വര്‍ണാഭരണങ്ങളണിഞ്ഞു വന്ന യോഗ്യന്മാരെല്ലാം ഇളിഭ്യരായി.
നമ്പൂതിരി ഒരിക്കല്‍ തിരുവനന്തപുരത്ത് എത്തി. അവിടെ മഹാരാജാവിന്റെ കോവിലെഴുന്നള്ളിപ്പു നേരമായിരുന്നു. ഇതറിഞ്ഞ മുട്ടസ്സു നമ്പൂതിരി മുണ്ടു കൊണ്ട് തല മൂടിക്കെട്ടി മുഖം മാത്രം പുറത്തേക്ക് കാണിച്ച് ശീവേലിപ്പുരയിലെ ഒരു വലിയ കല്‍ത്തൊട്ടിയില്‍ ഇറങ്ങിയിരുന്നു. തിരുമനസ്സ് അതുവഴിയെത്തിയപ്പോള്‍ ആരാണ് കല്‍ത്തൊട്ടിയില്‍ ഇറങ്ങിയിരിക്കുന്നതെന്ന് ചോദിച്ചു. അയാളെ ഹാജരാക്കാന്‍ സേവകനോട് പറഞ്ഞു.
മഹാരാജാവിനു മുമ്പിലെത്തിയ നമ്പൂതിരിയോട് മുഖം മറച്ച് ഇരിക്കുന്നത് എന്തിനെന്ന് ചോദിച്ചപ്പോള്‍, ഇവിടെ എത്തിയാല്‍ മുഖം കാണിക്കണമെന്ന് കേട്ടിട്ടുണ്ട്, കല്‍ത്തൊട്ടിയിലിരിക്കാഞ്ഞാല്‍ മുഖം മാത്രമായിയിട്ടു കാണിക്കുക പ്രയാസമാണെന്ന് നമ്പൂതിരി മറുപടി നല്കി. ഈ ഫലിതം കേട്ട് സന്തോഷിച്ച രാജാവ് അദ്ദേഹത്തിന് ധാരാളം സമ്മാനങ്ങള്‍ നല്കി.
തൃപ്പൂണിത്തുറ ഉത്സവത്തിന് മുടങ്ങാതെ പോകാറുണ്ടായിരുന്നു മുട്ടസ്സു നമ്പൂതിരി. ആട്ടം, ഓട്ടം തുള്ളല്‍, ഞാണിന്മേല് കളി, വാളേറ് ചെപ്പടി വിദ്യ തുടങ്ങിയവയെല്ലാം അദ്ദേഹവും അവിടെ ചെയ്യിക്കുന്ന പതിവുണ്ടായിരുന്നു. മറ്റുള്ള ചാര്‍ത്തുകാരെക്കൊണ്ട് തന്റെ പേര്‍ക്ക് ഇതെല്ലാം കളിപ്പിക്കും. അതിന്റെ പണമെല്ലാം വാങ്ങി ശേഷം ആ വകയ്ക്കുള്ള അരിയും മറ്റു സാധങ്ങളും അവര്‍ക്ക് നല്‍കും.
പാഠകം പക്ഷേ പകരക്കാരെക്കൊണ്ട് ചെയ്യിക്കാനാവാത്തതിനാല്‍ അത് അദ്ദേഹം സ്വയം നടത്തും. വേഷം കെട്ടി നില്‍ക്കുകയല്ലാതെ അദ്ദേഹത്തിന് ഒന്നും പറയാനറിയില്ലായിരുന്നു. ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തു വരാതെ മറ്റ് ശ്രേഷ്ഠരായ പാഠകക്കാരെ തേടി പോകും.
ഒരിക്കല്‍, ആളുകളെയെല്ലാം തന്റെയടുത്ത് വരുത്തണമെന്ന് നിശ്ചയിച്ച് നമ്പൂതിരി തലയില്‍ കൈവെച്ച് ‘അയ്യോ പാവേ’ എന്ന് ഉറക്കെ നിലവിളിച്ചു. ആളുകളെല്ലാം ഓടിയെത്തി. ഇതു കണ്ട നമ്പൂതിരി ‘ഇങ്ങനെ നിലവിളിച്ചു കൊണ്ട് ആ ശൂര്‍പ്പണഖരന്റെ അടുക്കലേക്ക് ചെന്നു’ എന്നു പറഞ്ഞു കൊണ്ട് പാഠകവും നിര്‍ത്തി.
ഒരിക്കല്‍ പണ്ഡിതനായ ഒരാള്‍ നമ്പൂതിരിയുടെ പാഠകം കേള്‍ക്കാനെത്തി. അയാളെ കണ്ട നമ്പൂതിരി ‘ ഘടാ പടാ ഘടാപടാ’ എന്നു തുടങ്ങുന്ന അര്‍ഥമില്ലാത്ത വരികള്‍ ശ്ലോകം പോലെ ചൊല്ലി വായില്‍ തോന്നിയതെല്ലാം അര്‍ഥമായി പറഞ്ഞു. ഇതു കേട്ട പണ്ഡിതന് ഇത് ഏതു പ്രബന്ധത്തിലുള്ളതാണെന്നു ചോദിച്ചു. നീയൊക്കെ ചോദിക്കുമ്പോള്‍ അര്‍ഥം പറയാനിരിക്കുകയാണോ ഞാന്‍, പോയി മറ്റു വല്ലവരോടും ചോദിക്കെന്ന് പറഞ്ഞ് നമ്പൂതിരി അയാളെ ആക്ഷേപിച്ച് അയച്ചു.
ഇങ്ങനെയൊക്കെയെങ്കിലും മുട്ടസ്സു നമ്പൂതിരി ധാരാളം ശ്ലോകങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, പലതും സഭ്യങ്ങളല്ല. പല വേഷങ്ങളണിഞ്ഞ് സദസ്സിലെത്തുന്ന പതിവും മുട്ടസ്സു നമ്പൂതിരിക്കുണ്ടായിരുന്നു. കൂടുതലും കാണികളെ മതിമറന്നു ചിരിപ്പിക്കുന്ന വേഷങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: