എഴുതുക. വീണ്ടും എഴുതുക. നിരന്തരമായി എഴുതുക. എഴുത്തിനുവേണ്ടിമാത്രം സമര്‍പ്പിക്കപ്പെട്ട ബെന്യാമിന് ജെസിബിയുടെ ആദ്യ സാഹിത്യപുരസ്ക്കാരം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തുക അടങ്ങിയ പുരസ്ക്കാരം മലയാളി എഴുത്തുകാരനു നല്കി ഉദ്ഘാടനം ചെയ്യപ്പെട്ടത് നമ്മുടെ സാഹിത്യത്തിന് അഭിമാനിക്കാം.
ബെന്യാമിന്റെ വിഖ്യാത നോവല്‍ മുല്ലപ്പൂനിറമുള്ള പകലുകളുടെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്ക്കാരം. ജാസ്മിന് ഡേയ്സ് എന്നപേരില്‍ ഷഹനാസ് ഹബീബാണ് ആണ് നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. അവര്‍ക്ക് അഞ്ചുലക്ഷം രൂപ വേറെ ലഭിക്കും. ഇംഗ്ളീഷില്‍ എഴുതിയതും ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍നിന്ന് ഇംഗ്ളീഷിലേക്കു പരിഭാഷ ചെയ്തതുമായ പുസ്തകങ്ങളാണ് പരിഗണിച്ചത്. ജെസിബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് പുരസ്ക്കാരം ഏര്‍പ്പെടുത്തിയത്. ഈ നൂറ്റാണ്ടിലെ വലിയ വിപിളവമെന്നപേരില് പ്രസിദ്ധമായ മുല്ലപ്പൂ വിപ്ളവം അല്ലെങ്കില്‍ അറബ് വസന്തത്തെ അടിസ്ഥാനമാക്കിയുള്ള രചനയാണിത്.
യാഥാര്‍ഥ്യവും ഫാന്റസിയും കൂട്ടിക്കലര്‍ത്തിയ രചനകളാണ് ബെന്യാമിന്റേത്. നോവല്‍, കഥ അനുഭവങ്ങള്‍ എന്നീവിഭാഗങ്ങളിലായി മുപ്പതിലധികം പുസ്തകങ്ങള്‍ എഴുതിയ ഈ എഴുത്തുകാരന്റെ മാസ്റ്റര്‍ പീസെന്നു പറയാവുന്ന നോവലാണ് ആടുജീവിതം. മലയാളത്തില്‍ വായനാവസന്തം തീര്‍ത്തതും കൂടുതല്‍ വിറ്റഴിഞ്ഞതുമാണ് ഈ നോവല്‍.
ഏതാനും വര്‍ഷങ്ങള്‍കൊണ്ട് നൂറിലധികം പതിപ്പുകളും ഒരു ലക്ഷത്തിലധികം കോപ്പികളും വിറ്റുപോയിട്ടുണ്ട്. ഗള്‍ഫുജീവിതത്തിന്റെ തീവ്രത ഇത്രയേറെ തുറന്നുകാട്ടിയ മറ്റൊരു കൃതി മലയാളത്തിലില്ല. ഈ നോവലിലെ പ്രധാനകഥാപാത്രം ഇന്നും ജീവിച്ചിരിക്കുന്നവ്യക്തിയാണ്. ആടുജീവിതം സിനിമയായും വരുന്നുണ്ട്. കുറെ ഭാഗത്തിന്റെ ചിത്രീകരണം നടന്നുകഴിഞ്ഞുവെന്നാണ് കേള്‍ക്കുന്നത്.
അബീശഗീന്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, മഞ്ഞവെയില്‍ മരണങ്ങള്, അല്‍-അറേബ്യന്‍ നോവല്‍ ഫാക്റ്ററി, മരീചിക, പെണ്മാറാട്ടം. ഇഎംഎസും പെണ്‍കുട്ടിയും തുടങ്ങിയവയാണ് ഇതര കൃതികള്‍. നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: