യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ അതിവേഗ സര്‍വീസിന്റെ പേര് മിന്നല്‍ എന്നാണ്. പക്ഷേ കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ അപ്രതീഷിത സമരത്തിന്റെ പേരും മിന്നല്‍ എന്നായിരുന്നു. യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതിനു പകരം വഴിയിലിറക്കി വിടുന്ന മിന്നല്‍.
ബസ് സ്റ്റാന്റുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീക്ക് കൈമാറുന്നതിന്റെ പേരിലായിരുന്നു മിന്നല്‍ പണിമുടക്ക്. സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു കുടുംബശ്രീയെ ചുമതലപ്പെടുത്തല്‍. തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് ഇതിനായി പരിശീലനവും നല്കി. ഇടത്വലത് യൂണിയനുകള്‍ ഉള്‍പ്പെടുന്ന ട്രേഡ് യൂണിയന് സംയുക്ത സമിതി തുടക്കം മുതല്‍ ഇതിനെതിരെ രംഗത്തു വന്നെങ്കിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോയി.
കുടുംബശ്രീക്കാര് കൗണ്ടര്‍ തുറക്കാനെത്തിയതോടെ ജീവനക്കാര്‍ പ്രത്യക്ഷ സമരവുമായി രംഗത്തു വന്നു. കൗണ്ടര്‍ ഉപരോധിച്ച ജീവനക്കാരെ തടയാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി. തുടര്‍ന്ന് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിക്കുകയുമായിരുന്നു. ബസ്സില്‍ ഇരുന്ന യാത്രക്കാരെ ഇറക്കിവിട്ടു. മിന്നല്‍ സമരത്തിന്റെ സന്ദേശം പ്രചരിച്ചതൊടെ ഓടിക്കൊണ്ടിരുന്ന ബസ്സുകള്‍ നിര്‍ത്തിയിട്ടു. നൂറ് കണക്കിന് യാത്രക്കാര്‍ പെരുവഴിയിലുമായി.
പ്രശ്നം രൂക്ഷമാകുന്നതിനിടെ മാനേജ്മെന്റ് പ്രതിനിധിയെത്തി, കൗണ്ടറുകള്‍ കുടുംബശ്രീക്ക് നല്‍കാനുള്ള തീരുമാനം താത്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചെങ്കിലും യൂണിയന് നേതാക്കള്‍ വഴങ്ങിയില്ല. രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നായിരുന്നു ആവശ്യം. ഇതിനിടെ മറ്റ് ഡിപ്പോകളിലേക്കും പണിമുടക്ക് വ്യാപിച്ചു. തുടര്‍ന്ന് രാവിലെ 11 ഓടെ മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് കുടുംബശ്രീക്കാരെ പിന്‍വലിക്കുമെന്ന് എംഡി അറിയിച്ചതോടെയാണ് പണിമുടക്കില്‍ നിന്ന് യൂണിയനുകള്‍ പിന്‍വാങ്ങിയത്.
സമരത്തിന്റെ കാരണം എന്തായാലും തികച്ചും നിയമവിരുദ്ധമാണ്. ജനവിരുദ്ധവുമാണ്. ബസ് സര്‍വീസിനെ അടിയന്തര സര്‍വീസായിട്ടാണ് കണക്കാക്കുന്നത്. ബന്ദും ഹര്‍ത്താലും ഉള്‍പ്പെടെയുള്ള സമരം നടക്കുമ്പോള്‍ പോലും പോലീസ് സംരക്ഷണയില്‍ ബസ് ഓടിക്കുന്നതും ഇതിനാലാണ്. മാത്രമല്ല കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം നടത്തണമെങ്കില്‍ 15 ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം.
സര്‍ക്കാറിന്റെ തലതിരിഞ്ഞ നടപടികളും കെഎസ്ആര്‍ടിസി മേധാവിയുടെ തുഗ്ളക്ക് തീരുമാനങ്ങളുമാണ് നാള്‍ക്കുനാള്‍ നടക്കുന്നത്. നഷ്ടത്തിന്റെ കയത്തില്‍ മുങ്ങിത്താഴുകയാണ് കെഎസ്ആര്‍ടിസി. പരിഷ്ക്കരണ നടപടികളൊന്നും ഫലവത്താകുന്നില്ല. അധികപറ്റ് എന്ന നിലയില്‍ നിരവധി ജീവനക്കാരെ ഇതിനകം പുറത്താക്കികഴിഞ്ഞു. ഈ സര്‍ക്കാറിന്റെ കാലത്തല്ലാതെ ഇത് നടക്കുമോ. ജനങ്ങളുടെ നികുതിപണം കൊണ്ട് കുറെപ്പേര് അമ്മാനമാടുകയാണ്. അതിനിടയിലാണ് യാത്രക്കാരെ വലയ്ക്കുന്ന മിന്നല്‍ സമരം. ഇത് ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: