മഹത്തായ മനുഷ്യസ്നേഹം നിലനില്ക്കാനായി ചരിത്രത്തില്‍ എക്കാലവും ത്യാഗവും സഹനവും ഉണ്ടായിട്ടുണ്ട്. അത്തരം സഹനങ്ങളുടെ മുറിപ്പാടുകളില്‍ ജീവിച്ചവരുടെ ഓര്‍മകള്‍ ആവേശഭരിതമാക്കിയ ലോകത്താണ് പ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസവുമായി മനുഷ്യന് മുന്നേറുന്നത്. ഇത്തരം സഹനങ്ങളുടെ മുന്നേറ്റ കഥകള്‍ എന്നും ഏതുരംഗത്തും ഉണ്ടായിട്ടുണ്ട്.
ഒര്‍ഥത്തില്‍ വായനയ്ക്കും ചിന്തയ്ക്കും കൂടുതല്‍ വഴിതെളിക്കുന്നതും ഇത്തരം കഥകളാണ്. ഏതവസ്ഥയിലും മനുഷ്യ സ്നേഹത്തെ വിളിച്ചു പറയുന്ന ത്യാഗസുരഭിലമായ കഥകളായിരുന്നു മലയാള നോവല്‍ സാഹിത്യത്തിന്റെ തുടക്കക്കാലത്ത് പ്രമേയത്തിന്റെ കേന്ദ്രസ്ഥായിയായി ഉണ്ടായിരുന്നത്. ഇത്തരം പ്രമേയങ്ങളില്‍ ഒറ്റപ്പെട്ടു നില്ക്കുന്നൊരു നോവലാണ് പി. കേശവദേവിന്റെ ഓടയില്‍നിന്ന്. 1942 ല്‍ ഇറങ്ങിയ ഈ നോവലിനിപ്പോള് 75 വയസാകുന്നു. ഓടയില്‍നിന്ന് രചനാകാലത്ത് നിലനിന്നിരുന്ന സാമൂഹ്യ ചുറ്റുപാടുകളും അവയോട് മനുഷ്യന് എങ്ങനെ പ്രതികരിക്കുമെന്നുകൂടിയുള്ള കാലഘട്ടത്തിന്റെ കണ്ണാടിയായിക്കൂടിത്തന്നെ ഇൗ പ്രമേയത്തെ കാണണം.
ഇല്ലവല്ലായ്മക്കാരനാണെങ്കിലും ആരുടേയും മുന്നില്‍ തലകുനിക്കാത്ത പ്രകൃതമായിരുന്നു ബാലനായ പപ്പുവിന്റേത്. അതുകൊണ്ടുതന്നെ സ്ക്കൂളില്‍നിന്നും ഉറ്റവരില്‍നിന്നും അവന് പിന്തള്ളപ്പെട്ടു. റെയില്‍വേ സ്റ്റേഷനില്‍ അവിടത്തെ പഴമക്കാരോട് ഏറ്റുമുട്ടി പപ്പു കൂലിവേലചെയ്തു. കാലമാറ്റത്തില്‍ പപ്പു റിക്ഷാവലിക്കാരനായി. ആരേയും കൂസാതെ അയാള്‍ നെഞ്ചുവിരിച്ച് റിക്ഷാവലിച്ചു. അതിലൂടെ നല്ലവരുമാനവും സുഖവുമായി ജീവിച്ചു. ഒരിക്കല്‍ തന്റെ റിക്ഷാവണ്ടി മുട്ടി ഓടയില്‍ വീണ ലക്ഷ്മി എന്ന ബാലികയെ പപ്പു രക്ഷിച്ച് അവളുടെ എല്ലാമായി.
അച്ഛന് മരിച്ച അവള്‍ക്കയാള്‍ രക്ഷകനായി. ലക്ഷ്മിയും അവളുടെ അമ്മയുംകൂടി പപ്പുവിന്റെ പലശീലങ്ങളും മാറ്റിയെടുത്തു. അയാള്‍ ലക്ഷ്മിയെ പഠിപ്പിക്കാനായി കൂടുതല്‍ അധ്വാനിച്ചു. അവളെ നല്ലൊരു പണക്കാരന് വിവാഹം ചെയ്തുകൊടുത്തു. നാളുകള്‍ ചെന്നപ്പോള്‍ അധ്വാനഭാരത്താല്‍ പപ്പുവിന് കലശലായ ക്ഷീണവും നിരന്തമായ ചുമയും പിടിപെട്ടു. നല്ലനിലയില്‍ കഴിയുന്ന, പപ്പുവിന്റെ എല്ലാമായ ലക്ഷ്മിക്ക് അയാളുടെ ചുമ അലോസരമായി. അവിടെ പപ്പു തകര്‍ന്നുപോകുകയായിരുന്നു.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലത്തിന്റേയും പോരാട്ടത്തിന്റേയും സാമൂഹ്യചുറ്റുവട്ടമുള്ള അന്നത്തെക്കാലത്ത് എഴുത്തുകാര്‍ക്കും വാത്സല്യം പൊതുവെ ഉണ്ടായിരുന്നത് ഇത്തരം പ്രമേയങ്ങളാണ്. അസമത്വങ്ങള്‍ക്കെതിരെ സ്വതവെ വിപ്ളവ വീര്യം ഉള്‍ക്കൊണ്ട പി. കേശവദേവില്‍ നിന്നും ഇത്തരമൊരു നോവലേ അക്കാലത്ത് പ്രതീക്ഷിക്കേണ്ടതുള്ളുവെന്നത് സ്വാഭാവികം മാത്രം. അധ്വാനത്തിന്റെ മഹത്വവും ആദര്‍ശത്തിന്റെ തോല്‍ക്കാത്ത തന്റേടവുമുള്ള പൗരുഷം ഉയര്‍ത്തിപ്പിടിക്കുന്ന ചിന്തയായിരുന്നു ദേവിന്റേത്.
അതുകൊണ്ടാണ് ഭാവനയെ മാറ്റിനിര്‍ത്തി അന്നത്തെ ജീവിതത്തോട് നേരെ ചൊവ്വേയുള്ള യഥാതഥ രീതി സാഹിത്യരചനയില്‍ ദേവ് കൊണ്ടുവന്നത്. സാമൂഹ്യ പ്രസക്തിയുള്ള ഇത്തരം വിഷങ്ങളായിരുന്നു അന്നത്തെക്കാലത്തെ സാഹിത്യത്തിന്റെ ഈടുവെപ്പ്. ദേവിന്റെ നിരവധി കൃതികളില്‍ ഏറെ മികച്ചു നില്ക്കുന്നതും ഇന്നും വായനക്കാരെ പ്രലോഭിപ്പിക്കുന്നതുമായ നോവലാണ് ഓടയില്‍ നിന്ന്. എതിര്‍പ്പിന്റെ നിഷേധ സൗന്ദര്യവും ജീവിത സുഗന്ധവും ഒന്നിച്ചു ചേര്‍ന്ന ഓടയില്‍ നിന്ന് 1965 ല്‍ സിനിമയായി.
സത്യന്, പ്രേംനസീര്‍, അടൂര്‍ഭാസി, കോട്ടയം ചെല്ലപ്പന്, കവിയൂര്‍ പൊന്നമ്മ, കെ. ആര്.വിജയ തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച ചിത്രം വിജയമായിരുന്നു. പി.കേശവദേവ് തിരക്കഥയും സംഭാഷണവും രചിച്ച് കെ.എസ്.സേതുമാധവന് സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും പ്രസിദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: