രാജ്യത്തെ ജനങ്ങളെ ഏകീകൃതമായ ഒരു തിരിച്ചറിയല്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തുകയെന്ന തികച്ചും ക്രിയാത്മകവും ഗുണപ്രദവുമായ സംവിധാനമാണ് ആധാര്‍കാര്‍ഡ്. ഈ സംവിധാനത്തിലൂടെ വിഭാവനം ചെയ്യപ്പെട്ടതൊക്കെയും കരുത്തുറ്റ ഭരണകൂടത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ആകെത്തുകയാണ്. അത് അറിഞ്ഞ് ആദരിക്കുന്നതിന്റെ സൂചകമായി വേണം കഴിഞ്ഞ ദിവസം ഉന്നതന്യായാലയത്തില് നിന്നുണ്ടായ വിധിയെ കാണാന്‍. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് മാത്രമല്ല ഒരു രാജ്യത്തിന്റെ വ്യക്തിത്വം നിലനിര്‍ത്താന്‍ ആവശ്യമായ സുപ്രധാന രേഖയാണ് ആധാര്‍കാര്‍ഡ് എന്ന കാഴ്ചപ്പാടിലേക്ക് സ്ഥിതിഗതികള്‍ എത്തുകയാണുണ്ടായത്. രാജ്യത്തിന്റെ സുരക്ഷിതത്വവും വ്യക്തിത്വവും അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ വിലയിരുത്തുന്ന ഒരു ഭരണകൂടം ഇതല്ലാതെ മറ്റെന്താണ് വിഭാവനം ചെയ്യുക?
എന്നാല്‍ അജണ്ടാധിഷ്ഠിത നിലപാടുമായി രംഗത്തുവന്ന പ്രതിപക്ഷ കക്ഷികളും കേന്ദ്രഭരണകൂട രാഷ്ട്രീയത്തെ ഏതു തരത്തിലും എതിര്‍ക്കുകയാണ് തങ്ങളുടെ ജോലി എന്ന് കരുതുന്നവരും ആധാര്‍ കാര്‍ഡിനെതിരെ രംഗത്തുവന്നു. അത് സ്വാഭാവികമാണുതാനും. ഇത്തരമൊരു സംവിധാനം വേണമെന്ന് തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്തത് കോണ്‍ഗ്രസ് ആണെങ്കിലും അവരാണ് ഇതിനെതിരെ അതിരൂക്ഷമായി ചാടിവീണതെന്നതാണ് ഇതിലെ ആശ്ചര്യകരമായ വശം. കോണ്‍ഗ്രസ് കൊണ്ടുവന്ന സംവിധാനത്തിലെ പോരായ്മകള്‍ ഒന്നൊന്നായി ഇല്ലാതാക്കിക്കൊണ്ട് തികച്ചും കുറ്റമറ്റ രീതിയിലാണ് എന്‍ഡിഎ സര്‍ക്കാര്‍ ആധാര്‍ നടപ്പാക്കിയത്.
മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്തശേഷം ആധാര്‍കാര്‍ഡ് കുറച്ചുപേരെ കൈപ്പറ്റിയിരുന്നുള്ളൂ. ആദ്യവര്‍ഷം വെറും 3.74 കോടി പേര്. എന്നാല്‍ 2018 ആഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് 119.5 കോടി ജനങ്ങളും ആധാര്‍ സംവിധാനത്തില്‍ ഉള്‍പ്പെട്ടു കഴിഞ്ഞു. അതിന്റെ സ്വീകാര്യതയും വിശ്വാസ്യതയും പതിന്മടങ്ങു വര്‍ദ്ധിച്ചു എന്നതിന് മറ്റ് തെളിവുകള്‍ തേടി പോകേണ്ടതില്ല എന്നു സാരം. എന്നാല്‍ ഏതിലും രാഷ്ട്രീയ ദുഷ്ടലാക്ക് കാണുന്നവര്‍ ആധാറിനെതിരെയും പ്രചണ്ഡമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. അതിനാല്‍ തന്നെ അത് പരമോന്നത ന്യായാലയത്തിലുമെത്തി.
കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ആധാറിന്റെ ഭരണഘടനാസാധുതയും മറ്റും വിലയിരുത്തി സുപ്രധാന വിധി പ്രസ്താവിക്കുകയും ചെയ്തു. താരതമ്യേന ചെറിയ ചില നിബന്ധനകള്‍ ആധാറില്‍ നിന്ന് ഒഴിവാക്കുകയും ശക്തവും യുക്തിപൂര്‍വ്വവുമായ ഒരു തിരിച്ചറിയല്‍ സംവിധാനമായി അത് നിലനിര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സബ്സിഡി ഉള്‍പ്പെടെയുള്ള ചില സാമൂഹികസുരക്ഷാ സഹായങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം ലഭ്യമാവാന്‍ ആധാര്‍ ഇടയാക്കിയിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഗ്യാസ് സബ്സിഡി വഴി ഒരു വര്‍ഷം ചോര്‍ന്നുപോയിരുന്ന 90,000 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമാണെന്ന് കണ്ടെത്തുകയുണ്ടായി. രാജ്യത്തെ 22.42 കോടി ഗ്യാസ് കണക്ഷന് വഴിയായിരുന്നു സബ്സിഡി ചോര്‍ന്നുകൊണ്ടിരുന്നത്.
ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുനീക്കം തുടങ്ങിയവയ്ക്ക് ഒരു പരിധിവരെ തടയിടാന്‍ ആധാര്‍കൊണ്ട് കഴിഞ്ഞിട്ടുണ്ട്. സാമൂഹികദ്രോഹ നടപടികളുമായി മുന്നേറുന്നവര്‍ക്ക് പക്ഷേ, ഇത് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. അത്തരക്കാര്‍ ഒത്താശക്കാരായ രാഷ്ട്രീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ആധാര്വിരുദ്ധ തരംഗം സൃഷ്ടിക്കാനായിരുന്നു ശ്രമിച്ചത്.
എല്ലാ ക്ഷുദ്രതാല്പര്യങ്ങളേയും കടപുഴക്കിയെറിഞ്ഞ സുപ്രീംകോടതിയുടെ നാലംഗബെഞ്ച് ആധാറില്‍ ഉള്‍പ്പെടുത്തിയ ചില മേഖലകളെ ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. സാധാരണക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത, തികച്ചും ശാസ്ത്രീയമായ സംവിധാനമാണ് ആധാര്‍ എന്നാണ് മൂന്ന് ജഡ്ജിമാരും വിലയിരുത്തിയത്. എതിര്‍പ്പുള്ളവര്‍ക്ക് ആശ്വാസം പകരുന്ന ഒരഭിപ്രായം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ചരിത്രപരമായ സുപ്രീംകോടതിയുടെ വിധിയോടെ ഏറെക്കാലമായി വിവാദമുയര്ത്തിക്കൊണ്ടിരുന്ന ഒരു വിഷയം ഇവിടെ അവസാനിച്ചിരിക്കുകയാണ്. ആധാറിന്റെ ഉള്ളറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആ സംവിധാനത്തെ കരുത്തുറ്റ ഒരു രേഖയാക്കി മാറ്റാന്‍ എല്ലാ പരിശ്രമങ്ങളും നടത്തിയ കേന്ദ്രഭരണകൂടത്തിനും ആത്മവിശ്വാസമുണ്ടാക്കുന്ന വിധിയാണിത്.
ഏതെങ്കിലും തരത്തിലുള്ള അപാകതകളുണ്ടെങ്കില്‍ കുറ്റമറ്റതാക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുകൊടുത്തിട്ടുമുണ്ട്. രാജ്യത്തിന്റെ ക്ഷേമത്തില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ആഹ്ലാദിക്കാനുള്ള വകയാണ് ആധാര്‍കാര്‍ഡിന്റെ സാധുത അരക്കിട്ടുറപ്പിക്കുന്ന വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: