ആരോപണങ്ങളും നുണ പ്രചാരണങ്ങളും ചുറ്റും അരങ്ങു തകര്‍ക്കുമ്പോഴും പാവങ്ങളുടേയും സാധാരണക്കാരുടേയും വേദന കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദിയുടെ മറ്റൊരു വമ്പന്‍ ജനസേവന പദ്ധതിയാണ് കഴിഞ്ഞദിവസം പിറവിയെടുത്ത ആയുഷ്മാന്‍ ഭാരത്. സര്‍ക്കാര്‍ തലത്തില്‍ ലോകരാജ്യങ്ങളില്‍ ഒരിടത്തുമില്ലാത്തത്ര ബൃഹത്തായ ഈ സൗജന്യ ചികിത്സാ പദ്ധതിയുടെ ഗുണഫലം ചെന്നെത്തുന്നത് അന്‍പതു കോടി ജനങ്ങളിലേയ്ക്കാണ്. ആരോഗ്യപൂര്‍ണ്ണമായ രാഷ്ട്രഭാവിയിലേയ്ക്കുള്ള ചുവടുവയ്പ്പാണ് ചികിത്സയോടൊപ്പം രോഗ പ്രതിരോധവും ലക്ഷ്യമിടുന്ന പദ്ധതി. ശിശു പരിപാലനവും സുരക്ഷിത ബാല്യവും ലക്ഷ്യംവച്ചുകൊണ്ട് അങ്കണവാടി അധ്യാപികമാര്‍ക്കായുള്ള ശമ്പള വര്‍ധന അടക്കമുള്ള പദ്ധതികള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഗ്രാമീണ കുടിവെള്ള, പാര്‍പ്പിട, ശൗചാലയ, വൈദ്യുതീകരണ പദ്ധതികളുടെ തുടര്‍ച്ചയാണിത്. ആരോഗ്യമുള്ള ജനതയിലൂടെ ആരോഗ്യപൂര്‍ണ്ണമായ രാഷ്ട്രം എന്ന സങ്കല്പ്പത്തിലേയ്ക്കുള്ള ചുവടുവയ്പ്പുകളാണു മോദിയുടേത്. കരുത്തുറ്റ അടിത്തറയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പദ്ധതികളുടെ ഗുണഫലങ്ങളധികവും ഗ്രാമങ്ങളിലേയ്ക്കും പാവപ്പെട്ടവരിലേയ്ക്കും എത്തുന്നില്ല എന്ന കണ്ടെത്തലില്‍ നിന്നാണ് മോദി സര്‍ക്കാരിന്റെ ഈ പുതിയ പദ്ധതിയുടെ തുടക്കം. നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും 80 ശതമാനത്തിലധികം കുടുംബങ്ങള്‍ക്കും യാതൊരു വിധ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുന്നില്ലെന്ന കണ്ടെത്തല്‍ ദേശീയ സാമ്പിള്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ്. പുതിയ പദ്ധതി പ്രകാരം വര്‍ഷം അഞ്ചു ലക്ഷം രൂപവരെയുള്ള ചികിത്സാ ചെലവ് ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും വഴി ചികിത്സ ലഭ്യമാക്കും. വന്‍ സാമ്പത്തിക ബാധ്യത വരുന്ന ഹൃദയ ശസ്ത്രക്രിയ അടക്കമുള്ളവയ്ക്ക് സഹായം ലഭിക്കും. പത്തുകോടിയിലേറെ കുടുംബങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒന്‍പതിനായിരത്തോളം സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഹെല്‍പ്പ് ഡസ്കുകള്‍ തുടങ്ങിക്കഴിഞ്ഞു.
ലോകത്തിലെ പല രാഷ്ട്രങ്ങളും സംഘടനകളും ഈ പദ്ധതിയെ താല്‍പ്പര്യത്തോടെ ഉറ്റുനോക്കുകയും അതേക്കുറിച്ചു പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, മോദിയെ ആരോപണങ്ങളിലൂടെ ആക്രമിക്കാനും രാഷ്ട്രത്തിന്റെ ഭരണ സ്ഥിരത തകര്‍ക്കാനുമുള്ള തിടുക്കത്തിലാണ് ഇന്ത്യയിലെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ പോഷക സംഘടനകളും. ജനപ്രിയ പദ്ധതികളില്‍ നിന്നു ജനശ്രദ്ധതിരിക്കുകയും അവരുടെ ലക്ഷ്യമായിരിക്കാം. വിചിത്രമായ കാരണങ്ങള്‍ നിരത്തി കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണ്. റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു പ്രതിപക്ഷം നടത്തിവരുന്ന ആരോപണങ്ങളുടേയും നുണപ്രചാരണങ്ങളുടേയും നടുവിലാണ് മോദി പാവങ്ങളുടെ മനസ്സറിഞ്ഞു സഞ്ചരിക്കുന്നത്. പ്രധാനമന്ത്രിക്കസേര കിട്ടിയില്ലെങ്കിലും വേണ്ടില്ല നരേന്ദ്ര മോദിയെ താഴെയിറക്കിയാല് മതിയെന്നു രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് അധിക നാളായില്ല. മോഹം സാധിച്ചാല്‍ ആരേയും പ്രധാനമന്ത്രിയാക്കാമെന്ന നിലപാടിലാണിപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ്.
ആ തന്ത്രം രാജ്യാതിര്‍ത്തിക്കപ്പുറവും പയറ്റാനൊരുങ്ങി ഇറങ്ങിയിരിക്കുകയാണ് രാഹുലും കോണ്‍ഗ്രസും. രാജ്യത്തെ ഭരണം പിടിക്കാന്‍ വിദേശ രാജ്യങ്ങളുമായി കൂട്ടുകൂടുന്ന ശൈലിയിലേയ്ക്കാണു പോക്ക്. റഫാല്‍ വിമാന ഇടപാടു സംബന്ധിച്ച് ഇന്ത്യയിലേയും ഫ്രാന്‍സിലേയും പ്രതിപക്ഷങ്ങള്‍ ഒരേ ശബ്ദത്തിലാണു സംസാരിക്കുന്നത് എന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞതിന് അര്‍ഥം അതു തന്നെയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രങ്കോ ഒലാങ്ങിന്റെ പ്രസ്താവന വരാന്‍ പോകുന്നു എന്നു രാഹുല്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണമെങ്കില്‍ ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ ധാരണയുണ്ടായിരുന്നു എന്നു തന്നെയാണല്ലോ അര്‍ഥം. ഫ്രാന്‍സിലെ നിലവിലെ പ്രതിപക്ഷ നേതാവാണ് ഒലാങ്. ബോംബ് എന്നു രാഹുല്‍ വിശേഷിപ്പിച്ച പ്രസ്താവന ഒരു ചലനവുമുണ്ടാക്കിയില്ലെങ്കിലും ആ പ്രസ്താവനയ്ക്കു പിന്നിലെ ഗൂഢധാരണ നിസ്സാരമല്ല.
മോദിയെ താഴെയിറക്കാന്‍ സഹായിക്കണമെന്ന് പാക്കിസ്ഥാനില്‍ പോയി അഭ്യര്‍ഥിച്ച മണിശങ്കര്‍ അയ്യര്‍ എന്നൊരു മുന്‍ കേന്ദ്രമന്ത്രിയുടെ നാടാണിത്. ആ മുന്‍മന്ത്രിയുടെ പാര്‍ട്ടിയാണു കോണ്‍ഗ്രസ്. ഗുജറാത്തില്‍ മുസ്ലിം വോട്ടുകള്‍ കിട്ടാന്‍ സഹായിച്ചാല്‍ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാമെന്നു പാക്കിസ്ഥാന് പരോക്ഷ സന്ദേശം നല്കിയതു രാഹുല്‍ തന്നെയായിരുന്നു.
നുണ പറയല്‍ ശീലമാക്കിയാല്‍പ്പിന്നെ പറയുന്നതൊക്കെ നുണയാകും. കേള്‍ക്കുന്നതും അങ്ങനെയെന്നു തോന്നും. രാഹുല്‍ ഗാന്ധി ആ വഴിക്കു നീങ്ങിത്തുടങ്ങിയിട്ടു കുറെ നാളായി. ഇപ്പോള്‍ രാഹുലില്‍ നിന്ന് അതു മറ്റു കോണ്‍ഗ്രസ് നേതാക്കളിലേയ്ക്കും മറ്റു പ്രതിപക്ഷ പാര്‍ട്ടികളിലേയ്ക്കും പടര്‍ന്നുകൊണ്ടിരിക്കുന്നു. റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റിലും പുറത്തും വ്യക്തമായ രേഖകള്‍ സഹിതം വിശദീകരിച്ചതിനെ മറികടന്നുള്ള പ്രചാരണം രാജ്യതാല്‍പ്പര്യമോ ജനതാല്‍പ്പര്യമോ കണക്കിലെടുത്തല്ലെന്നു വ്യക്തം. ഒരു ഭാഗം ജനങ്ങള്‍ക്കൊപ്പവും മറുഭാഗം നുണകള്‍ക്കൊപ്പവും നില്ക്കുന്നു. അതാണ് ഇന്ത്യയിലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വ്യത്യാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: