പ്രളയത്തില്‍ ദുരിതത്തിലായ കേരളത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ എല്ലാവരും ഒന്നിച്ച് പരിശ്രമിക്കുന്ന കാലമാണിത്. സഹായങ്ങള്‍ പലവഴികളില്‍ കൂടി കേരളത്തിലേക്ക് പ്രവഹിക്കുന്നു. കേരള ജനത അനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതത്തില്‍ ദുഃഖിക്കുകയും തങ്ങളാലാവത് സഹായിക്കുകയും ചെയ്യുന്നവരാണ് ലോകമെങ്ങുമുള്ളവര്‍. രക്ഷാപ്രവര്‍ത്തനത്തിലും പിന്നീട് ദുരിതാശ്വാസത്തിലും പങ്കെടുത്തവര്‍ ഇപ്പോള്‍ കേരളത്തിന്റെ പുനരുജ്ജീവനത്തിനുള്ള പണം കണ്ടെത്തുകയാണ്. കൈമെയ് മറന്നുള്ള സഹായമാണ് എല്ലാവരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറച്ചെങ്കിലും സംശയത്തോടെയല്ലാതെ കാണാനാകുന്നില്ല. പ്രളയത്തിന്റെ പേരില്‍ ഖജനാവ് നിറയ്ക്കല്‍ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. ഇതൊരവസരമായി കണ്ട് എല്ലാ ദിക്കിലും കൈനീട്ടുകയാണ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്യാന്‍ മുന്നില്‍ തന്നെയുണ്ട്. പുനര്‍നിര്‍മ്മിതിക്ക് കേന്ദ്ര ഏജന്‍സികള്‍ സജ്ജരാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ 30,000 കോടിയുണ്ടെങ്കിലേ കേരളത്തെ പുനരുജ്ജീവിപ്പിക്കാനാകൂ എന്ന പല്ലവി ആവര്‍ത്തിക്കുകയാണ് സംസ്ഥാന ധനമന്ത്രിയും കൂട്ടരും.
രക്ഷാപ്രവര്‍ത്തനത്തിനു ശേഷം സര്‍ക്കാര്‍ ഇപ്പോള്‍ പണം പിരിക്കലില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പ്രളയം തകര്‍ത്ത പ്രദേശങ്ങളിലെ ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നന്വേഷിക്കാന്‍ ആരുമില്ലാത്ത സ്ഥിതി. പലരും തകര്‍ന്നുപോയ തങ്ങളുടെ വീടുകള്‍ സ്വന്തം നിലയ്ക്ക് പുനര്‍നിര്‍മ്മിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. സര്‍ക്കാരിന്റെ സഹായങ്ങള്‍ ഇനിയും അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനുമെല്ലാം പിടിച്ചുവാങ്ങുകയാണ് സര്‍ക്കാര്‍. ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലാത്തവര്‍ ശമ്പളം നല്കാന് തയ്യാറാകാതെ വരുമ്പോള്‍ അവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നു. വിദേശത്തടക്കം പോയി കൈനീട്ടി പണം പിരിക്കാനാണ് തീരുമാനം. അതിന്റെ തുടക്കം കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്നുകഴിഞ്ഞു.
സഹസ്രകോടികള്‍ നികുതി കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളപ്പോഴാണ് സര്‍ക്കാരിന്റെ ഈ കൊള്ളയെന്നതാണ് വിചിത്രം. നികുതി കുടിശ്ശിക പിരിച്ചെടുത്താല്‍ തന്നെ കേരളത്തിന്റെ പുനര്‍നിര്‍മ്മിതി സാധ്യമാകുമെന്നിരിക്കെ സര്‍ക്കാര്‍ അതിനു ശ്രമിക്കാത്തത് ദുരൂഹമാണ്. ഈ ഘട്ടത്തില്‍ നികുതി കുടിശ്ശികയെ കുറിച്ച് ഉരിയാടാത്ത ധനമന്ത്രിയുടെ നിലപാടും സംശയാസ്പദമാണ്. ലാന്‍ഡ് റവന്യൂ, റവന്യൂ റിക്കവറി ഇനങ്ങളിലായി നാലായിരത്തോളം കോടി രൂപയാണ് കുടിശ്ശികയായുള്ളത്. ഇതിന്റെ പകുതിയെങ്കിലും പിരിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കൈനീട്ടലും നിര്‍ബന്ധിത പിരിവും ഒഴിവാക്കാം.
റവന്യൂ റിക്കവറി ഇനത്തില്‍ മാത്രം 678.36 കോടിയിലേറെ രൂപയാണ് തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ സര്‍ക്കാരിന് പിരിച്ചെടുക്കാനാവുന്നത്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ 99.44 കോടി രൂപയും പിരിച്ചെടുക്കാനുണ്ട്. റവന്യൂ റിക്കവറി ഇനത്തില്‍ സര്‍ക്കാര്‍ സ്റ്റേ മാറ്റിയാല്‍ പിരിച്ചെടുക്കാവുന്നത് 762 കോടിയിലേറെ. അപ്പലറ്റ് സ്റ്റേയില്‍ തീരുമാനമെടുത്താല്‍ റവന്യൂ റിക്കവറി ഇനത്തില്‍ 772 കോടിയോളം രൂപ ഖജനാവിലെത്തും. ലാന്‍ഡ് റവന്യൂ ഇനത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് അപ്പലേറ്റ് സ്റ്റേയും സര്‍ക്കാര്‍ സ്റ്റേയും ഒഴിവാക്കിയാല്‍ ഖജനാവിലെത്തുക 66 കോടിയിലേറെ രൂപ.
കോടതിയുടെ പരിഗണനയിലുള്ളത് ഒഴിച്ച് മറ്റ് കുടിശിക സ്റ്റേകളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയും പിരിച്ചെടുക്കുവാനുള്ള ആര്‍ജ്ജവം കാണിക്കുകയും ചെയ്താല്‍ 2378 കോടി രൂപ സര്‍ക്കാരിന് മുതല്‍ക്കൂട്ടാകും. അപ്പോള്‍ പിന്നെ പട്ടിണിപ്പാവങ്ങളുടെ കുത്തിന് പിടിച്ച് പണമുണ്ടാക്കുന്നത് അവസാനിപ്പിക്കാനുമാകും. അതു വേണ്ടെന്നുവെച്ച് കൈനീട്ടി ഖജനാവ് നിറയ്ക്കുന്ന സമീപനം സംശയാസ്പദമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാക്കാനുള്ള അവസരമായി പ്രളയദുരിതാശ്വാസത്തെ കാണുന്ന ക്രൂരത നല്ലതല്ല. കിട്ടാന്‍ കോടികള്‍ പുറത്തുള്ളപ്പോള്‍ അതുവാങ്ങിയെടുക്കുന്നതല്ലേ അഭിമാനം. മറ്റുള്ളവര്‍ക്കു മുന്നില്‍ കൈനീട്ടുന്നത് പിന്നീടാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: