പവനായി ശവമായി മലയാളത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന ആഘോഷമായൊരു വാക്കാണ് ഇത്. അതിനുപിന്നിലെ നര്‍മം പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പെട്ടെന്നുമനസിലാകും. ക്യാപ്റ്റന്‍ രാജുവെന്ന നടനെ എക്കാലവും കാണികള്‍ ഓര്‍ക്കുന്ന സത്യന് അന്തിക്കാടിന്റെ നാടോടിക്കാറ്റിലെ കഥാപാത്രമാണ് പവനായി. വലിയ കൊമ്പും കുഴലുമായി വരുന്നപവനായി എന്ന സീരിയസ് കില്ലറുടെ പോഴത്തത്തിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന പരിണതി അതിഗംഭീരമായി അവതരിപ്പിച്ചുകൊണ്ട് തന്റെ വില്ലന്‍വേഷത്തിനുമേല്‍ ഹാസ്യനടന്റെ വലിയ കസേര എടുത്തിട്ടിരിക്കുകയായിരുന്നു ക്യാപ്റ്റന്‍ രാജു.
വ്യത്യസ്തമായ പേരുകൊണ്ടും വേഷങ്ങള്‍കൊണ്ടും വേറിട്ടുനിന്ന ക്യാപ്റ്റന്‍ രാജുവെന്ന നടന് യാത്രയാകുമ്പോള്‍ മലയാള സിനിമയ്ക്കു നഷ്ടമാകുന്നത് ചമയങ്ങളുടെ നാട്യങ്ങളൊന്നുമില്ലാതെ ജീവിച്ച നല്ലൊരു മനുഷ്യനെയുമാണ്.വില്ലനായിവന്ന് ഹാസ്യതാരമായി തിളങ്ങി സ്വഭാവനടനായി മാറിയ രാജുവിന്റെ ചലച്ചിത്ര ജീവിതം ഒരുതരത്തിലും വിവാദങ്ങളുടെ ഭാരമില്ലാതെ സ്നേഹമസൃണമായൊരു തൂവല്സ്പര്ശമായി കടന്നു പോകുകയായിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച രാജു 500 സിനിമകളാണ് പൂര്‍ത്തിയാക്കിയത്. തമിഴില്‍മാത്രം 60 ചിത്രങ്ങള്‍ അദ്ദേഹം ചെയ്തു. ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയില്ല.
1981 ല്‍ ജോഷി സംവിധാനംചെയ്ത രക്തത്തിലൂടെ അരങ്ങേറ്റംകുറിച്ച സുന്ദരനും ഒത്തപുരുഷനുമായ ക്യാപ്റ്റന്‍ രാജുവിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.83ല്‍ പി.ചന്ദ്രകുമാറിന്റെ രതിലയത്തില്‍ പ്രതിനായക സ്വഭാവമുള്ള വേഷത്തില്‍ രാജുവിന്റെ ആദ്യനായകവേഷം തന്നെ പുതുമയുല്ളതായിരുന്നു. സ്ത്രീകളോട് പ്രതികാരം ചെയ്യുന്ന ഈ നായകവേഷം ഒരേസമയം വില്ലന്റേയും നായകന്റേയും ആയിരുന്നു. ജയനുഷേഷം മലയാള സിനിമയില്‍ പൗരുഷ ആകാരംകൊണ്ടും സാഹസികതയാലും രാജുവിനെ ഇഷ്ടപ്പെട്ട കാണികള്‍ രതിലയം വമ്പന്‍ഹിറ്റാക്കി. മറ്റു നടന്മാര് ചെയ്യാന്‍ മടിക്കുന്ന സാഹസിക സ്റ്റണ്ട് രംഗങ്ങള്‍ പലപ്പോഴും ഡ്യൂപ്പില്ലാതെ രാജു ആവേശത്തോടെ ചെയ്യുമായിരുന്നു. തെലുങ്കില്‍ അന്നത്തെ വന്‍കിട നായകന്മാരുടെ സൂപ്പര്‍ വില്ലനായി തിളങ്ങിയ അദ്ദേഹം പെട്ടെന്നാണ് അന്നാട്ടിലെ കാണികളുടെ അരുമയായത്.
നാടോടിക്കാറ്റിലെ നിഷ്ക്കളങ്ക വില്ലനും ആഗസ്റ്റ് ഒന്നിലെ കൊടുംവില്ലനും നടനെന്ന നിലയില്‍ ക്യാപ്റ്റന്‍ രാജു ഇരുമുഖ വ്യക്തിത്വമാണ് പ്രകടമാക്കിയത്. ഒരു വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരാകട്ടെ പക്വമാര്‍ന്ന സ്വഭാവനടന്റേയും ഭാവം ശുദ്ധമാക്കി.സിനിമാക്കാര്‍ക്ക് തന്റെ സഹപ്രവര്‍ത്തകനെക്കുറിച്ചു പറയാനുള്ളത് അദ്ദേഹത്തില്‍ ഉണ്ടായിരുന്ന സ്നേഹക്കരുതലാണ്. രാജു സംവിധാനം ചെയ്ത ആദ്യ സിനിമ ഇതാ ഒരു സ്നേഹഗാഥ പരാജയമായിരുന്നെങ്കിലും വലിയൊരു സന്ദേശം അതിലുണ്ടായിരുന്നു, ജാതി മതങ്ങളെക്കാള്‍ വലുതാണ് മനുഷ്യസ്നേഹമെന്ന്്. ഒരുപക്ഷേ ഈ സന്ദേശത്തിനുവേണ്ടി എടുത്തതാണ് ആ സിനിമ പരാജയപ്പെടാന്‍ കാരണമെന്നുതോന്നുന്നു.സിനിമാക്കാരന്റെ ആളോഹരി അഹന്തയെക്കാളും പൊങ്ങച്ചത്തെക്കാളും ക്യാപ്റ്റന്‍ രാജു മനസിലാക്കിയത് കൂടുതല്‍ മനുഷ്യനന്മ എങ്ങനെ ആര്‍ജിക്കാം എന്നാണ്. അതുകൊണ്ട് നടനൊപ്പം ആള്‍പൊക്കമുണ്ട് ആ മനസിലെ നന്മയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: