പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ നിരന്തരം കുറ്റപ്പെടുത്തുന്ന കേരളം, കേന്ദ്രം തരുന്ന സഹായങ്ങളോടു കാണിക്കുന്ന അവഗണനയിലൂടെ സ്വന്തം നിലപാട് വ്യക്തമാക്കുകയാണ്. ദുരന്തകാലത്തേയ്ക്ക് അധികമായി അനുവദിച്ച ടണ്‍ കണക്കിന് അരി ഏറ്റെടുക്കാതെ പാഴാക്കുന്ന വിചിത്രമായ സമീപനമാണ് ഇന്ന് കാണുന്നത്. കേരളത്തിന്റെ ആവശ്യപ്രകാരം അയച്ച 89,540 ടണ്‍ അരി എഫ്സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ടു മൂന്നാഴ്ചയോളമായി. ഇതുവരെ ഏറ്റെടുത്തത് അഞ്ചോ ആറോ ശതമാനം അരി മാത്രം. പല ഗോഡൗണുകളിലേയും അരി ഒട്ടുംതന്നെ എടുത്തിട്ടില്ല.
സൂക്ഷിക്കാന്‍ ഇടമില്ലാത്തതാണ് ഏറ്റെടുക്കാത്തതിനു കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്ത് മനസ്സില്‍ കണ്ടാണ് ആവശ്യപ്പെട്ടത് എന്ന ചോദ്യം ബാക്കി നില്ക്കുന്നു. പ്രളയക്കെടുതിയില്‍ അടിയന്തരമായ ആവശ്യം എന്നു കാണിച്ചാണു കേരളം അരി ആവശ്യപ്പെട്ടത്. അടിയന്തര പ്രാധാന്യം നല്കി കേന്ദ്രം അതു പരിഗണിക്കുകയും ചെയ്തു. അരി വരാന്‍ പോകുന്നു എന്ന് അന്നേ അറിയാവുന്നതാണല്ലോ. അതോ തരില്ല എന്ന മുന്‍വിധിയോടെയാണോ ആവശ്യപ്പെട്ടത്? ആവശ്യപ്പെട്ടാല്‍ത്തന്നെ അരി കേരളത്തിലെത്താന്‍ ദിവസങ്ങളെടുക്കും. അതിനിടെ സൂക്ഷിക്കാനുള്ള സംവിധാനത്തേക്കുറിച്ച് ചിന്തിക്കാമായിരുന്നല്ലോ.
അതു നടന്നില്ലെന്നു മാത്രമല്ല, അരിവന്നു മൂന്നാഴ്ച കഴിഞ്ഞിട്ടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏറ്റെടുക്കുന്ന അരി സൂക്ഷിക്കാന്‍ വേണ്ട സംവിധാനത്തേക്കുറിച്ച് ചിന്തിച്ചില്ല എന്നത് മനസ്സിലാക്കാന്‍ വിഷമമുള്ള കാര്യം തന്നെ. ആസൂത്രണം എന്നതും ദീര്‍ഘ വീക്ഷണം എന്നതും കേരളത്തിന്റെ ഭരണ സംവിധാനത്തില്‍ ഇല്ലെന്നാണോ ധരിക്കേണ്ടത്? ബുധനാഴ്ചയ്ക്ക് മുന്‍പെങ്കിലും ഏറ്റെടുത്തില്ലെങ്കില്‍ അരി നഷ്ടമാകും. പിന്നീടുള്ള ലഭ്യതയേയും അത് ബാധിച്ചെന്നും വരാം. കേന്ദ്ര അവഗണനയേക്കുറിച്ച് പിന്നീട് വിവാദങ്ങളുണ്ടാക്കിയതുകൊണ്ടു രാഷ്ട്രീയ നേട്ടം ലക്ഷ്യമിടാം. പക്ഷേ, നഷ്ടപ്പെടുന്നത് സാധാരണ ജനങ്ങള്‍ക്കായിരിക്കും. അതിലുപരി പ്രളയദുരിത ബാധിതര്‍ക്ക്.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പുനരധിവാസ പ്രവര്‍ത്തനത്തിലും നവനിര്‍മാണ പ്രവര്‍ത്തനത്തിലും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് സ്വയം പ്രഖ്യാപിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. അതിന്റെ പേരില്‍ നിര്‍ബന്ധിത പിരിവുപോലും നടത്തിവരുന്നുമുണ്ട്. അതൊക്കെ ഒരു വശത്തു നടക്കുമ്പോഴാണ് കിട്ടുന്ന സഹായം തന്നെ മറ്റൊരു വശത്ത് പാഴാക്കുന്നതും സഹായത്തിനായുള്ള അപേക്ഷ കേന്ദ്രത്തിനു സമര്‍പ്പിക്കാന്‍ പോലും മറന്നു പോകുന്നതും. തങ്ങളുടെ ആവശ്യത്തിനനുസരിച്ചും സാഹചര്യങ്ങള്ക്കനുസരിച്ചുമുള്ള പരിഗണന കേന്ദ്രത്തില്‍ നിന്നു കിട്ടുന്നില്ലെന്നു മാധ്യമങ്ങളിലൂടെ വിളിച്ചു കൂവുന്നവര്‍ തന്നെയാണ് സഹായങ്ങളോടു നിസ്സംഗതയോടെ പ്രതികരിക്കുന്നതും.
സംസ്ഥാനത്തിന്റെ പ്രളയ ശേഷമുള്ള അവസ്ഥയേക്കുറിച്ചോ ഭാവിയേക്കുറിച്ചോ ആവശ്യങ്ങളേക്കുറിച്ചോ വ്യക്തമായ ധാരണയില്ലാത്ത ഭരണ സംവിധാനമാണിവിടെയുള്ളതെന്ന് കുറ്റപ്പെടുത്തുന്നവരെ അടച്ചാക്ഷേപിക്കും മുന്‍പ് ബന്ധപ്പെട്ടവര്‍ ഒന്ന് ഇരുന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കണക്കുകള്‍ മാറിമാറി പറയും മുന്‍പ് നമുക്കു വേണ്ടത് എന്തൊക്കെ എന്ന് തിട്ടപ്പെടുത്താന്‍ മിനക്കെടാത്തത് എന്തേ? ദല്‍ഹിയില്‍ കേരളസംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നല്‍കിയില്ല എന്ന് പരാതി പറയുമ്പോള്‍, കിട്ടിയിട്ടും ഉപയോഗിക്കാത്ത ഇത്തരം സഹായത്തേക്കുറിച്ച് ഒന്നു ചിന്തിക്കാമായിരുന്നു. സഹായമല്ല സഹായനിഷേധം വഴി വിവാദത്തിനുള്ള അവസരമാണ് പ്രതീക്ഷിക്കുന്നത് എന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ കുറ്റപ്പെടുത്താനാകുമോ?
മഹാദുരന്തത്തെ ഒരുമിച്ചു നിന്നു നേരിട്ട കേരള ജനതയോട്, അവര്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് ചില ഉത്തരവാദിത്തങ്ങളൊക്കെയുണ്ട്. കേന്ദ്രത്തിനോട് വാക്പോരു നടത്തുന്നതില്‍ ഒതുങ്ങുന്നതല്ല അത്. ജനഹിതവും ജനകീയ ആവശ്യങ്ങളും അറിഞ്ഞു ഭരിക്കുക എന്നതുകൂടി അതില്‍പ്പെടും. ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനമാണ് അന്നം. അതാണ് ഊഴം കാത്ത് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത്. അവഗണിക്കരുത് സര്‍ക്കാരേ..!
പ്രതികരിക്കാൻ ഇവിടെ എഴുതുക: