സുരക്ഷിത ഭാരതം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്ക് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരടികൂടി വച്ചിരിക്കുന്നു. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന ഉറച്ച പ്രഖ്യാപനമാണ് ആശാ, അങ്കണവാടി വര്‍ക്കര്‍മാരുടെ ശമ്പളവര്‍ധനവോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. വരുമാനത്തിന്റെ പടിയില്‍ താഴേത്തട്ടില്‍ നില്ക്കുന്ന മുപ്പത്തിമൂന്നര ലക്ഷത്തിലേറെപ്പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിനു സമാനമായ നടപടി സംസ്ഥാനങ്ങളില്‍ നിന്നു കൂടി ഉണ്ടാവുമ്പോഴാണ് ഇതിന്റെ പൂര്‍ണമായ ഗുണഫലം ജീവനക്കാര്‍ക്കു ലഭിക്കുക. ഇവര്‍ക്കുള്ള ശമ്പളത്തിന്റെ അറുപതുശതമാനമാണു കേന്ദ്ര ഫണ്ടില്‍ നിന്നു നല്‍കുന്നത്. ബാക്കി നാല്പതു ശതമാനം സംസ്ഥാന ഫണ്ടില്‍ നിന്നും. കേന്ദ്രത്തിന്റെ വിഹിതത്തിലുള്ള വര്‍ധനവാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പത്തേകാല് ലക്ഷത്തോളം വരുന്ന ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലത്തിന്റെ കേന്ദ്ര വിഹിതം ഇതോടെ ഇരട്ടിയായി. അങ്കണവാടി വര്‍ക്കര്‍മാരുടേത് അന്‍പതു ശതമാനം വര്‍ധിക്കും. 13 ലക്ഷത്തോളം അങ്കണവാടി വര്‍ക്കര്‍മാരും പത്തര ലക്ഷത്തോളം ഹെല്‍പര്‍മാരുമാണുള്ളത്. സമാനമായ വര്‍ധന സംസ്ഥാനതലത്തിലും വേണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേവലമൊരു ശമ്പള പരിഷ്കരണത്തിനപ്പുറമുള്ള പ്രസക്തി ഈ നടപടിക്കു കൈവരുന്നുണ്ട്. എല്ലാ മേഖലകളിലും രാജ്യത്തിന്റെ അടിത്തറ ഉറപ്പിക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ തുടര്‍ച്ചയായി ഇതിനെ കാണാം. നാളത്തെ പൗരന്മാരാകേണ്ടവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയും ആരോഗ്യവും അങ്കണവാടി പോലുള്ള ബാല-ശിശു സംരക്ഷണ കേന്ദ്രങ്ങളുടെ തണലിലാണ് രൂപപ്പെടേണ്ടത്. ആ മേഖലയിലെ പ്രവര്‍ത്തകരുടെ സുരക്ഷാബോധം സ്വാഭാവികമായും അവരിലൂടെ വളരുന്ന ബാല്യങ്ങള്‍ക്കും ഗുണം ചെയ്യും. അതുകൊണ്ടുതന്നെ ആ മേഖലയ്ക്കു ശക്തിപകരേണ്ടത് രാഷ്ട്രത്തിന്റെ ഉറച്ച ഭാവിക്ക് അത്യന്താപേക്ഷിതവുമാണ്. സുരക്ഷിത ബാല്യം ഉറപ്പാക്കാനുള്ള അത്തരം ദീര്‍ഘവീക്ഷണത്തോടെയുള്ള പരിഷ്കാരങ്ങളുടേയും ആസൂത്രണത്തിന്റെയും ഭാഗമായി വേണം ഈ ശമ്പള പരിഷ്കാരത്തെ കാണാന്‍. ബിജെപിയുടേയും ബിഎംഎസിന്റെയും ആവശ്യങ്ങളുടെ പരിണത ഫലംകൂടിയാണ് ഈ നടപടി. വര്‍ധിപ്പിച്ച വേതനം അടുത്ത മാസം മുതല്‍ ലഭിക്കും. പുറമെ ജോലിയിലെ മികവിന്റെ അടിസ്ഥാനത്തില്‍ 250 മുതല്‍ 500 രൂപ വരെ ഓണറേറിയവും ലഭിക്കും. എല്ലാ ആശാ പ്രവര്‍ത്തകരേയും സഹായികളേയും പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമ യോജന, സുരക്ഷാ യോജനകളുടെ പരിരക്ഷയില്‍ കൊണ്ടുവന്നിട്ടുമുണ്ട്. ഈ സേവനം സൗജന്യമായി ലഭിക്കും.
അരക്ഷിതരെ സുരക്ഷയുടെ കരങ്ങള്‍കൊണ്ടു ചേര്‍ത്തു പിടിക്കുന്ന ആയുഷ്മാന്‍ ഭാരത് എന്ന അഭിമാന പദ്ധതിയുടെ പ്രഖ്യാപനവും പ്രധാനമന്ത്രി ഇതിനൊപ്പം നടത്തി. പത്തുകോടി കുടുംബങ്ങളിലെ അന്‍പതു കോടി ജനങ്ങളെ ഇന്‍ഷുറന്‍സ് സുരക്ഷാപരിധിയില്‍ കൊണ്ടുവരുന്ന ഈ പദ്ധതി തികച്ചും സൗജന്യമാണ്. ഈ മാസം 23നു ഝാര്‍ഖണ്ഡില്‍ അതിനു തുടക്കംകുറിക്കും. സുരക്ഷിത ബോധത്തില്‍ നിന്നുള്ള ആത്മധൈര്യമാണു രാഷ്ട്രത്തിന്റെ ശക്തി. അത് അടിത്തറയില്‍ നിന്നു തന്നെ തുടങ്ങണം. അതിലേയ്ക്കുള്ള കാല്വയ്പുകളാണിത്. ജീവിതം തുടങ്ങാന്‍ പോകുന്ന കുരുന്നുകളേയും അവരെ പരിചരിക്കേണ്ടവരേയും വരുമാനത്തില്‍ താഴേപ്പടിയില്‍ നില്‍ക്കുന്നവരേയും മുന്നില്‍ക്കണ്ടുള്ള നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: