കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ പ്രളയത്തെ നേരിടാന്‍ മലയാളികള്‍ മാത്രമല്ല രാജ്യമൊന്നാകെ ഒറ്റക്കെട്ടാണ്. അതനുസരിച്ചുള്ള സഹായവും സഹകരണവും ഉറപ്പുനല്‍കുകയും ചെയ്യുന്നു. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സഹായങ്ങളെ നന്ദിപൂര്‍വ്വം സ്വാഗതം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തോട് ആര്‍ക്കും വിയോജിപ്പുണ്ടാവുകയില്ല. കേരളം പ്രളയത്തില്‍ അന്ധാളിച്ചു നില്ക്കുമ്പോള് കേന്ദ്ര ഉദ്യോഗസ്ഥസംഘം നാശം തിട്ടപ്പെടുത്താന്‍ കേരളത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവിനേയും ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും കേരളത്തിലേക്കയച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് നേരിട്ടെത്തി. പ്രളയപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന്റെ തലേന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് ഹെലികോപ്റ്ററില്‍ വ്യോമനിരീക്ഷണം നടത്തി. അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇരുസംഘവും പ്രധാനമന്ത്രിയും ഇടക്കാലാശ്വാസമായി പ്രഖ്യാപിച്ചത് 680 കോടിയാണ്.
കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ എന്ത് സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പ് പ്രധാനമന്ത്രി നല്കി. അതിനായി പാക്കേജ് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. എത്ര കിട്ടിയാലും മതിയാകാത്ത നാശനഷ്ടമാണ് സംഭവിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. നഷ്ടം നികത്തുന്നതിനു സഹായിക്കാന്‍ രാജ്യമാകെ സന്നദ്ധമായി നില്‍ക്കെ അനാവശ്യ വിവാദങ്ങളുണ്ടാക്കാനുള്ള ശ്രമം ഭരണകക്ഷിയില്‍ നിന്നുതന്നെ ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ്. കോടിക്കണക്കിന് സാധനസാമഗ്രികള്‍ കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നയച്ചിട്ടുണ്ട്. അവ പലതും റെയില്‍വേ സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുകയാണ്. അത് പല സ്റ്റേഷനുകളിലും റെയില്‍വേയ്ക്കും യാത്രക്കാര്‍ക്കും വലിയ അസൗകര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. ചില ക്യാമ്പുകള്‍ ധൃതികൂട്ടി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതും മാറിത്താമസത്തിന് സൗകര്യം ഒരുക്കാത്തതും കടുത്ത പ്രതിഷേധത്തിന് വഴിവച്ചു. സഹായംചെയ്യാന്‍ സാധനവുമായി എത്തിയവരെ മുഖ്യമന്ത്രിയുടെ പാര്ട്ടിക്കാര് വിരട്ടിയോടിച്ച സംഭവവുമുണ്ടായി. ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഒത്താശയോടെയാണിതൊക്കെ ചെയ്തത്. ദുരിതബാധിതര്‍ക്കായി ക്യാമ്പുകളിലെത്തിച്ച ഗുണമേന്മയുള്ള സാധനങ്ങള്‍ രായ്ക്ക്രാമാനം കടത്തിക്കൊണ്ടുപോയി എന്ന ആരോപണവുമുണ്ട്.
പത്തുമാസം കൊണ്ട് ഒരുമാസത്തെ ശമ്പളം നല്‍കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പരക്കെ സ്വാഗതംചെയ്യപ്പെടുകയും സംഭാവനാ വാഗ്ദാനങ്ങള്‍ തുടരുകയും ചെയ്യുകയാണ്. സംഭാവന കൊണ്ടുമാത്രം കേരളം കെട്ടിപ്പടുക്കുക സാധ്യമാകുമെന്ന് തോന്നുന്നില്ല. സര്‍വജനങ്ങളുടെയും സേവനവും പങ്കാളിത്തവും അതിന് അനിവാര്യമാണ്. അങ്ങനെ ഒന്നിച്ചിറങ്ങിയതുകൊണ്ടാണ് ദുരന്തത്തിന്റെ കാഠിന്യം കുറയ്ക്കാനായത്. കലിതുള്ളിയ കാലവര്‍ഷത്തിന്റെ നടുവിലേക്ക്, കിട്ടാവുന്ന വള്ളങ്ങളുമായി ഇറങ്ങിയത് ഏതെങ്കിലും ഒരു മതവിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളല്ല. കടലിലിറങ്ങുന്ന എല്ലാവരും സേവനത്തിനിറങ്ങി. അത്തരക്കാരെ ഭിന്നിപ്പിച്ച് ചിലരെ മാത്രം ആദരിക്കുന്ന സ്ഥിതി, കരകയറാനല്ല കയത്തിലേക്ക് തള്ളിവിടാനാണ് വഴിവയ്ക്കുക.
സേവനത്തില്‍ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ നൂറുകണക്കിനാളുകള്‍ ജീവന്‍പോലും കൊടുത്ത് പങ്കാളികളായിട്ടുണ്ട്. പക്ഷെ തിരുവനന്തപുരത്ത് ഔദ്യോഗിക ആദരവ് ചടങ്ങില്‍ മത്സ്യപ്രവര്‍ത്തക സംഘത്തെ കയറ്റിയില്ല. ആയിരക്കണക്കിന് സേവാഭാരതി പ്രവര്‍ത്തകര്‍ ദുരന്തനിവാരണത്തിലും പുനരധിവാസപ്രവര്‍ത്തനങ്ങളിലും പങ്കാളികളായി. അവരെ അവഹേളിക്കുംവിധമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പെരുമാറിയത്. എല്ലാവരോടും നന്ദിപറയുന്ന മുഖ്യമന്ത്രി ഇത്തരം നെറികേടുകള്‍ കാണാതിരിക്കരുത്. കോഴിക്കോടുനിന്നെത്തിയ 45ഓളം മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരത്തെ സ്വീകരണത്തില്‍ നിന്ന് ഇറക്കിവിട്ടത് എന്തിനെന്ന് വ്യക്തമാക്കണം. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: