അപകടമേറ്റ് വഴിയില്‍ അര്‍ധ പ്രാണനായികിടക്കുന്ന കാണാതെപോകുന്നവരുടെ കഥകള്‍ നമുക്കറിയാം. മരിച്ചുകിടക്കുന്നവരുടെ പോക്കറ്റടിക്കുന്നവരെക്കുറിച്ചും കേട്ടിട്ടുണ്ട്. പ്രളയവും ഭൂകമ്പവും ഉണ്ടാകുമ്പോള്‍ മനുഷ്യനെ കൊള്ളയടിച്ചവരും ഉണ്ട്. ഇവര്‍ മനസ് മലിനീകരിക്കപ്പെട്ട എത്ര പിതൃശൂന്യരാണെന്ന് അപ്പോള്‍ നമ്മള് ശപിച്ചിട്ടുണ്ടാകും.
മനുഷ്യനെ കൊള്ളയടിക്കുന്നവര്‍ക്ക് പ്രളയമോ സര്‍വനാശമോ എന്നൊന്നില്ല. അത്തരം കെടുതിക്കാലം ഇത്തരക്കാര്‍ക്ക് ലാഭം ഉണ്ടാക്കാവുന്ന ഉത്സവക്കാലമാണ്. ഈ പ്രളയകാലത്ത് കൊച്ചിയില്‍ സംഭവിച്ചത് ഇത്തരം കൊള്ളയാണ്. ഈ കൊള്ള നടത്തിയത് കൊള്ളക്കാരല്ല വ്യാപാരികളാണ്. കൊളളക്കാരും കള്ളന്മാരും മനസലിഞ്ഞും അല്ലെങ്കില്‍ പ്രളയത്തില്‍ അകപ്പെട്ടും മര്യാദാരാമന്മാരായപ്പോള് ആ സ്ഥാനം വര്‍ധിത വീര്യത്തോടെ ഏറ്റെടുത്തത് കൊച്ചിയിലെ ചില കച്ചവടക്കാരാണ്. ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റുമായി ഓടിയെത്തിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ സാധനങ്ങള്‍ക്ക് ഇരുന്നൂറും മുന്നൂറും ഇരട്ടി വിലപറഞ്ഞ് ഈ കച്ചവടക്കൊള്ളക്കാര് വേദനയേയും വിശപ്പിനേയുംകുത്തിനോവിച്ച് വിലപേശുകയായിരുന്നു. വേറെ വഴിയില്ലാത്തതുകൊണ്ട് പലരും വാങ്ങിച്ചു. ചിലര്‍ തര്‍ക്കിച്ചു. സംഘര്‍ഷമായി.
കച്ചവടക്കാര്‍ ചോദ്യം ചെയ്തവരെ ചിലയിടങ്ങളില്‍ മര്‍ദിച്ചതായും വാര്‍ത്തയുണ്ട്.ബ്രെഡ് കമ്പനിക്കാര് സൗജന്യമായി വിതരണം ചെയ്ത ബ്രെഡ്ഡുകള്‍ കൊള്ളവിലയ്ക്കു വിറ്റ ചെറുകിട വ്യാപാരികളും സൂപ്പര്മാര്ക്കറ്റുകാരുംവരെയുണ്ട്. ഇതു മനസിലാക്കി നോട്ട് ഫോര്‍ സെയില്‍ എന്നു പ്രിന്റു ചെയ്തു വിതരണം ചെയ്തപ്പോള്‍ അതും വാങ്ങി നോട്ട് ഫോര്‍ സെയിലിനു മീതെ സ്റ്റിക്കറൊട്ടിച്ചു വില്‍ക്കുയായിരുന്നു ഇവര്‍! പ്രലയകാലവും വിറ്റ് കാശാക്കുന്നവര്‍.അധികൃതര്‍ ചില വ്യാപാരികളെ അറസ്റ്റു ചെയ്തു. ചില സ്ഥാപനങ്ങള്‍ പൂട്ടിച്ചു.
ഇത്തരക്കാരെ നിയന്ത്രിക്കാനോ നിയമംമൂലം ശിക്ഷിക്കാനോ ഭരിച്ചവര്‍ക്കും ഭരിക്കുന്നവര്‍ക്കും കഴിയില്ല. രാഷ്ട്രീയവും മുഖവുംനോക്കിയും മാത്രം ഭരിക്കുന്നവര്‍ എന്തു നടപടിയെടുക്കാന്‍. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്കുകൊണ്ടുപോകാന് സംഘര്‍ഷമുണ്ടാക്കിയ നേതാവിനേയും അനുയായികളേയും കേരളം കണ്ടു. മറ്റുള്ളവര്‍ നേതാവിനെ പൂശും എന്നുകണ്ടപ്പോഴാണ് കക്ഷി ശാന്തനായത്. ഇങ്ങനേയും ഒരു പാര്‍ട്ടിയും പാര്‍ട്ടിക്കാരും. അതും പ്രളയകാലത്ത്. കഷ്ടം!
കേരളംകണ്ട മഹാപ്രളയത്തിന് സമാനതകളില്ല. മരിച്ചവര്‍, രോഗികളായവര്‍, പരിക്കേറ്റവര്‍, എല്ലാം നശിച്ചവര്‍…പ്രളയം അവശേഷിപ്പിക്കുന്നത് തീരാ വേദനകളാണ്. കേരളം എല്ലാംമറന്ന് ഒന്നിച്ചുനിന്നപ്പോള്‍ ഇത്തരം സാമൂഹ്യ ദ്രോഹികള്‍ കാട്ടിയത് മനുഷ്യ വിരുദ്ധമായ കടുത്ത അനീതിയാണ്. ഇതും മലയാളിയാണ്്. അവര്‍ പ്രളയത്തില്പെടാത്തതുകൊണ്ടാണോ പിടിച്ചുപറിക്കാരായത്. കേരളം പുനര്‍നിര്‍മിക്കണം. ഭാവിയിലെ ആ കേരളത്തില്‍ വീണ്ടും മാറിയ മലയാളിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: