കിറുകൃത്യമാണ് കേരളസര്‍ക്കാരിന്റെ കണക്ക്. അണ, പൈസ മാറ്റമില്ലാതെ കൃത്യമായി പറയും. പക്ഷേ, കൃത്യതയൊക്കെ പണം ഇങ്ങോട്ട് വാങ്ങാന്‍ നേരത്തേയുള്ളു. കിട്ടിക്കഴിഞ്ഞാല്പ്പിന്നെ കണക്കിനേക്കുറിച്ച് ചോദിച്ചുപോകരുത്. അതു ചെലവായി, അത്രമാത്രം. എവിടെ, എങ്ങനെ എന്നൊന്നും അന്വേഷിക്കരുത്. ചെലവിന്റെ കണക്ക് ആരോടും പറഞ്ഞ് ശീലവുമില്ല. പ്രളയദുരന്തത്തിന്റെ കെടുതി എങ്ങുമെത്തും മുന്‍പേ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കല്‍ റെഡി. 8,316 കോടി രൂപ. ഇത്ര പെട്ടെന്ന് എവിടെനിന്നുകിട്ടി കൃത്യമായ ഈ കണക്ക്? ആരാണീ കണക്കെടുത്തത്? അവര്‍ എവിടെയൊക്കെ സന്ദര്‍ശിച്ചു? ആര്‍ക്കും അറിയില്ല.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതേയുള്ളു. മഴതുടരുകയാണ്. തുറന്ന ഡാമുകള്‍ പലതും അടച്ചിട്ടില്ല. സംസ്ഥാനത്തിന്റെ പലഭാഗങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. വീടും കുടിയും അടക്കം എല്ലാം നഷ്ടപ്പെട്ടവര്‍ ആയിരക്കണക്കിനുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ത്തന്നെ. മിക്കവര്‍ക്കും വീട്ടിലേക്ക് എത്തിപ്പെടാന്‍ പോലും പറ്റുന്നില്ല. കാര്‍ഷിക മേഖലയാകെ തകര്‍ന്നടിഞ്ഞു കിടക്കുന്നു. ഇതിനിടയില്‍ എങ്ങനെയാണ് നഷ്ടം കണക്കാക്കുക? പക്ഷേ, സര്‍ക്കാരിന്റെ കണക്ക് കൃത്യം. ഇനി ആ പണം കേന്ദ്രം ഇങ്ങ് തന്നാല്‍മതി. ബാക്കിയെല്ലാം ഇവിടെ ചെയ്തുകൊള്ളും.
കണക്ക് കഴിവതും കൂട്ടിക്കാണിക്കുന്ന കുറുക്കന് ബുദ്ധി കേന്ദ്രത്തെ വെട്ടിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കിട്ടില്ലെന്ന് ഉറപ്പുള്ള തുക ചോദിക്കുക. കിട്ടിയത് അതില്‍ കുറഞ്ഞാല്‍, കേന്ദ്രം കേരളത്തെ അവഗണിച്ചു എന്നു വിലപിക്കുക. അതേ ശൈലിതന്നെയാണ് ഇത്തവണയും നടപ്പാക്കുന്നത്. ദുരന്തങ്ങളെ, കേന്ദ്രഫണ്ട് തരപ്പെടുത്താനുള്ള കുറുക്കുവഴിയായി കാണുന്ന ഈ മിടുക്കുകാണിക്കല്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇടയ്ക്കിടെ ഭരണകക്ഷികള്‍ മാറുമെന്നല്ലാതെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല. ഇന്നിപ്പോള്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ഒരുമിച്ചാണ് ആകാശത്ത് പറന്ന് കണക്കെടുക്കുന്നത്. നഷ്ടത്തിന്റെ വ്യക്തമായ കണക്കുലഭിക്കാന്‍ സാധാരണഗതിയില്‍ മാസങ്ങളെടുക്കാറുണ്ട്. ദുരന്തകാലം കഴിഞ്ഞേ അതു തുടങ്ങൂ. ദുരി ബാധിതരില്‍നിന്ന് അപേക്ഷ വാങ്ങി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച്, നഷ്ടം തിട്ടപ്പെടുത്തി, അതിന്റെ മൂല്യം കണക്കാക്കി വരുമ്പോഴേയ്ക്കും മാസങ്ങള്‍ കടന്നുപോകും. വൈകുന്നുവെന്ന പരാതിയാണ് അന്നൊക്കെ കേള്‍ക്കാറുള്ളത്. പലപ്പോഴും മഴ ദുരന്തത്തിന്റെ കണക്കെടുപ്പ് വരള്‍ച്ചയുടെ കാലത്തും വര്‍ള്‍ച്ചാദുരിതത്തിന്റെ കണക്കെടുപ്പ് അടുത്ത വര്‍ഷകാലത്തേക്ക് നീളാറുമുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ നേരത്തേയായി എന്നതു നല്ലകാര്യമായി കാണാം. പക്ഷേ, അതിനുപിന്നിലെ കൃത്യതയും ഉദ്ദേശ്യസുദ്ധിയുമാണ് സംശയം ജനിപ്പിക്കുന്നത്.
ഓഖി കൊടുങ്കാറ്റ് നാശംവിതച്ച കടലോരത്തിന് കേന്ദ്രം നല്കിയ തുകയുടെ മൂന്നിലൊന്നുപോലും സംസ്ഥാനം ദുരിതാശ്വാസത്തിന് വിനിയോഗിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. എല്ലാം നഷ്ടപ്പെട്ടവര്‍ പലരും ഒന്നും കിട്ടാതെ വിലപിക്കുന്നു. എവിടെ പോയി ആ കോടികള്‍? അതിന്റെ കണക്ക് ചോദിച്ചാല്‍ കേന്ദ്രം കേരളത്തോട് രാഷ്ട്രീയപ്പക തീര്‍ക്കുന്നു എന്ന ആരോപണം വരും.
എക്കാലവും ഈ ശൈലികൊണ്ടു രക്ഷപ്പെടാനാവില്ലല്ലോ. കണക്കുകള്‍ അത് ചെലവാക്കിയവര്‍ മാത്രം ബോധ്യപ്പെട്ടാല്‍ പോര. കൊടുത്തവര്‍ക്കും, കിട്ടാന്‍ അര്‍ഹതപ്പെട്ടവര്‍ക്കും ബോധ്യപ്പെടണം. കിട്ടിയ പണമെവിടെയെന്ന് ചോദിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അര്‍ത്ഥം. കേന്ദ്രത്തേ പഴിപറഞ്ഞ് തടിതപ്പുന്ന രീതി ഇനി തുടര്‍ന്നുകൊണ്ടുപോകാന്‍ വിഷമിക്കും.
പ്രളയദുരന്തത്തിന്റെ ഭീകരത ബോധ്യപ്പെട്ടപ്പോഴേ പറന്നെത്തിയ ആഭ്യന്തര മന്ത്രിയും സഹമന്ത്രിയുമുള്ള സര്‍ക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ജനങ്ങളോടുള്ള പ്രതിബദ്ധതയേക്കുറിച്ച് ബോധ്യമുള്ള സര്‍ക്കാര്‍. രണ്ടു ഘട്ടമായി 260 കോടിയിലേറെ രൂപ അടിയന്തര സഹായം അനുവദിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം 422 കോടിയില്‍ തുടങ്ങി ക്രമത്തില്‍ കയറി 8,316 കോടിയില്‍ എത്തിനില്‍ക്കുന്നു. ദുരിതം പഠിക്കാന്‍ പുതിയ കേന്ദ്രസംഘത്തെ അയയ്ക്കണം എന്നാണ് ഇപ്പോഴത്തെ ആവശ്യം. ആഭ്യന്തരമന്ത്രിയെ വിശ്വാസമില്ലാത്തവര്‍ ഏത് സംഘത്തേയാണ് വിശ്വസിക്കുക? ഏതുസംഘം വന്നാലും കേന്ദ്രം തരുന്നതിനു കേന്ദ്രംതന്നെ കണക്ക് ആവശ്യപ്പെടും. അതു കിട്ടേണ്ടവരില്‍ എത്തുന്നുണ്ടോ എന്ന് അന്വേഷിക്കും. എല്ലാം ബോധ്യപ്പെടുത്തേണ്ടിവരുകയും ചെയ്യും. ഇല്ലെങ്കില്‍ എല്ലാം കണക്കായിരിക്കും. പാര്‍ട്ടി യോഗത്തിന് പോകുമ്പോള്‍ ചായകുടിക്കാന്‍ കയറും പോലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കയറി വാങ്ങിക്കൊണ്ടു പോരാവുന്നതല്ലല്ലോ കേന്ദ്ര സഹായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: