മകള്‍ ആര്യനന്ദയെയും തന്നെയും തനിച്ചാക്കിയിട്ട് ഭര്‍ത്താവ് വിടവാങ്ങിയപ്പോള്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ പകച്ചുപോയിരുന്നു ഷിജി. തകര്‍ന്ന് വീഴാറായി ചോര്‍ന്നൊലിക്കുന്ന തറവാട് വീട്, പറക്കമുറ്റാത്ത മകള്‍. ഇതു മാത്രമായിരുന്നു ബാക്കിയുള്ളത്. കരള്‍ രോഗം ബാധിച്ച് ഭര്‍ത്താവ് ബാബു മരിച്ചപ്പോള്‍ ചികിത്സയ്ക്കുവേണ്ടി വലിയ തുക ചെലവായിരുന്നു. എന്നാല്‍ ജീവിതത്തില്‍ അപ്രതീക്ഷിതമായേറ്റ തിരിച്ചടികള്‍ക്ക് മുന്പില് തകര്ന്നുവീണുപോകുമായിരുന്ന ജീവിതത്തെ മുറുകെപിടിക്കുകയായിരുന്നു ഷിജി.
രണ്ട് വര്‍ഷം മുന്‍പാണ് കൊടുവള്ളി ചുണ്ടപ്പുറം കേളോത്ത് ബാബു മരിച്ചത്. നാട്ടില്‍ കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്ന ബാബു ദാരിദ്ര്യത്തില്‍നിന്ന് രക്ഷപ്പെടാനാണ് വിദേശത്തേക്ക് പോയത്. പക്ഷേ വിധിയുടെ വേട്ടയാടല്‍ തുടര്‍ന്നു. ബാബു കരള്‍ രോഗബാധിതനായി മരണത്തിലേക്ക് യാത്രയായി. ജീവിതം വഴിമുട്ടിയ ഷിജി എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ സന്ദര്‍ഭം.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ കാര്യം കുടുംബശ്രീ വഴിയാണ് അറിഞ്ഞത്. മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ അപേക്ഷ അയച്ചു. ഉപഭോക്തൃലിസ്റ്റില്‍ ഇടംപിടിച്ചതോടെ സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്നുറപ്പായി.
ഭര്‍ത്താവിന്റെ ജ്യേഷ്ഠന് ശിവാദസന്റെ സഹായത്തോടെ 575 ചതുരശ്ര അടിയില്‍ വീടിന്റെ അടിത്തറ പണിതു. വീട് നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ചിത്രമെടുത്ത് പദ്ധതിയുടെ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് അയച്ചു. മൂന്ന് ലക്ഷം രൂപ സഹായം ലഭിച്ചു. ഒരു ലക്ഷം കൊടുവള്ളി നഗരസഭയില്‍നിന്ന് ഇനി ലഭിക്കാനുണ്ട്.
ജനലുകളും അകത്തെ മുറികള്‍ക്കുള്ള വാതിലും നിലംപണിയും പൂര്‍ത്തിയാക്കാനുണ്ട്. അതിനിടയിലാണ് അമ്പരിപ്പിക്കുന്ന ഒരു അറിയിപ്പുണ്ടായത്. പ്രധാനന്ത്രി ആവാസ് യോജനയുടെ ഉപഭോക്താക്കളെ പ്രധാനമന്ത്രി ലക്നൗവില്‍വച്ച് കാണുന്നു. അതില്‍ പങ്കെടുക്കാനുള്ളവര്ക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പില്‍ ഷിജിയുടെ പേരും നല്‍കിയിട്ടുണ്ടെന്നായിരുന്നു ലഭിച്ച വിവരം. പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ തന്നെ തെരഞ്ഞെടുക്കുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാല്‍ ലക്നൗവിലേക്ക് പോകാന്‍ തയ്യാറെടുക്കണമെന്ന അറിയിപ്പാണ് പിന്നീട് കിട്ടിയത്. അമ്പരന്നുപോയെങ്കിലും ഭര്‍ത്താവിന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതിന്റെ നന്ദി പ്രധാനമന്ത്രിയെ അറിയിക്കാന്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു.
കോഴിക്കോട്ടുനിന്ന് നെടുമ്പാശ്ശേരിയിലേക്ക,് അവിടെനിന്ന് വിമാനത്തില്‍ മുംബൈ വഴി ലക്നൗവിലേക്ക്. ആദ്യവിമാനയാത്ര. ലക്നൗവിലേക്ക് പോകണമെങ്കില്‍ ആരെങ്കിലും കൂടെ വരണമെന്ന് പറഞ്ഞപ്പോള്‍ നഗരസഭയിലെ കുടുംബശ്രീമിഷനില്‍നിന്ന് ശ്രീജ കൂട്ടിനുണ്ടായി.
രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തിയ 35 സ്ത്രീകള്‍ പ്രധാനമന്ത്രിയുടെ വരവും കാത്ത് വിശാലമായ ഹാളില്‍ ഇരുന്നു. പരസ്പരം അറിയാനും അടുക്കാനും ഭാഷയുടെ തടസ്സമുണ്ടായിരുന്നു. ഹിന്ദി അറിയാത്തതിന്റെ വിഷമം അന്നാണ് മനസ്സിലായത്. എന്നാല്‍ അവിടെ കൂടിയിരുന്നവരുടെ സന്തോഷങ്ങളും ദുഖങ്ങളും സമാനമായിരുന്നു. പറഞ്ഞറിയിക്കാതെ അവ മനസ്സിലേക്ക് പകര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഹാളില്‍ പ്രവേശിച്ച ഉടനെ എന്തെന്നില്ലാത്ത സന്തോഷം എല്ലാവരിലും. പരിചയപ്പെടാനുള്ള ഊഴം വന്നു. ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മലയാളത്തില്‍ സംസാരിച്ചാല്‍ മതിയെന്ന സൂചന കിട്ടി. ധൈര്യം സംഭരിച്ച് പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ചു. തന്നെപ്പോലുള്ള ഹതഭാഗ്യരായ ആളുകള്‍ക്ക് വീടുണ്ടാക്കാന്‍ കഴിഞ്ഞ പദ്ധതി നടപ്പിലാക്കിയതിന്റെ പേരില്‍ നിറകണ്ണുകളോടെ നന്ദി പറഞ്ഞു. എല്ലാവരെയും പരിചയപ്പെട്ട് സൗഹൃദസംഭാഷണത്തോടെ പതിനഞ്ച് മിനിട്ട് ചെലവഴിച്ചാണ് പ്രധാനമന്ത്രി പിരിഞ്ഞത്.
ആദ്യ വിമാനയാത്രയില്‍ മകള്‍ ആര്യനന്ദയെ കൂടെക്കൂട്ടാന്‍ കഴിഞ്ഞില്ലെന്ന വിഷമമുണ്ട്. ഭര്‍ത്താവിന്റെ വിയോഗം സൃഷ്ടിച്ച വേദന വിട്ടുമാറിയിട്ടില്ല. എന്നാല്‍ ജീവിതത്തില്‍ താന്‍ ഒറ്റയ്ക്കല്ലെന്നും, സമൂഹവും സര്‍ക്കാരും തന്റെ കൂടെയുണ്ടെന്നുമുള്ള ആത്മബലമാണ് ഇന്ന് ഷിജിയെ മുന്നോട്ട് നയിക്കുന്നത്. മകള്‍ ആര്യനന്ദയെ ഭര്‍ത്താവ് സ്വപ്നം കണ്ടത് പോലെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ കഴിയണം. അതിനുവേണ്ടിയാണ് ഇനിയുള്ള ജീവിതം.
കൊടുവള്ളിയിലെ സ്കൂട്ടര്‍ ഷോറൂമിലുള്ള ചെറിയ ജോലികൊണ്ടാണ് ഷിജി കുടുംബ ചെലവുകള്‍ നിര്‍വ്വഹിക്കുന്നത്. എന്നാല്‍ കേറിക്കിടക്കാന്‍ ഒരു വീട് ഉണ്ടായി എന്ന യാഥാര്‍ത്ഥ്യം തെല്ലെന്നുമല്ല അവര്‍ക്ക് കരുത്ത് പകരുന്നത്. അധികാരം ജനങ്ങളെത്തേടിയെത്തുന്നതിന്റെ, അവസാനത്തെ വരിയിലെ അവസാനത്തെ ആളിന് പ്രഥമ പരിഗണന നല്കുന്ന ഭരണ നിര്‍വ്വഹണത്തിന്റെ മാനവികതയാണ് കൊടുവള്ളിയിലെ കുഗ്രാമത്തിലെ ഷിജിയുടെ മുഖത്ത് നിറയുന്ന സന്തോഷത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: