ബഹുസ്വരതയും സര്‍വ്വധര്‍മ്മസമഭാവനയും ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്. അത് ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ സംഭാവനയല്ല. ഏത് ഭരണം വന്നാലും അതിന് ഭംഗം വരുകയോ വരുത്തുകയോ ഇല്ല. ഭാരതീയ സംസ്കാരത്തിന്റെ ഈ സവിശേഷത ഉയര്‍ത്തിപ്പിടിക്കുന്നവരും അഭംഗുരം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ് ഇന്ന് ഭരണം നയിക്കുന്ന ബിജെപിയും ഒപ്പമുള്ള സഖ്യകക്ഷികളും. എന്നാല്‍ അതില്‍ സംശയം ജനിപ്പിക്കുംവിധമാണ് ദേശീയ വനിതാ കമ്മിഷന് മുന്നോട്ടുവച്ച കുമ്പസര നിരോധനമെന്ന നിര്‍ദ്ദേശമെന്ന് പരക്കെ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഒരു കാരണവശാലും പ്രധാനമന്ത്രി നരേന്ദ്രമോദിയോ കേന്ദ്രസര്‍ക്കാരോ അംഗീകരിക്കാനിടയില്ലാത്ത ഈ നിര്‍ദ്ദേശത്തിന്റെ പേരില്‍ മതാധ്യക്ഷന്മാരും രാഷ്ട്രീയ പ്രതിയോഗികളും മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കേന്ദ്രസര്‍ക്കാരും ദേശീയ ന്യൂനപക്ഷ കമ്മിഷനും ദേശീയ വനിതാ കമ്മിഷന്റെ ശുപാര്‍ശ ചവറ്റുകുട്ടയില്‍ തള്ളുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മതാചാരങ്ങളില്‍ ഇടപെടുകയോ ആരുടെയും മതവികാരം വ്രണപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ലെന്ന ഉറച്ച നിലപാടുള്ള കക്ഷിയാണ് ബിജെപി. അത് ഏകപക്ഷീയമല്ല. ഹൈന്ദവ ആചാര പദ്ധതികളില്‍ പല കോണുകളില്‍ നിന്നും അനാവശ്യ കൈകടത്തലുകളുണ്ടായപ്പോള് ശക്തമായ നിലപാട് ഈ പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം ഏതെങ്കിലും മതാചാരങ്ങളില്‍ കാലാനുസൃതമായ മാറ്റമുണ്ടാകാന്‍ ആ മതത്തില്‍ നിന്നുതന്നെ അഭിപ്രായം ഉയര്‍ന്നുവരണം. ഹൈന്ദവ സമൂഹത്തില്‍ അത്തരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരുകാലത്ത് ‘സതി’ ഹൈന്ദവരില്‍ സാര്‍വത്രികമായിരുന്നു. അത് ഇന്ന് സങ്കല്പ്പിക്കാന് പോലും സാധിക്കില്ല. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയവയും നീക്കുന്നതിനുള്ള പരിശ്രമവും ഹൈന്ദവരില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നതാണ്. അത്തരമൊരു ജനവികാരം ഇസ്ലാമില്‍ നിന്നുണ്ടായപ്പോഴാണ് മുത്തലാഖ് നിര്‍ത്താന്‍ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. ഹൈന്ദവരുടെ വിശ്വാസവും ആചാരമര്യാദകളും അട്ടിമറിക്കാന്‍ സര്‍ക്കാരും സംഘടനകളും പലപ്പോഴും തയ്യാറായിട്ടുണ്ട്. ശ്രീരാമക്ഷേത്രം എന്ന സ്വപ്നം സഫലമാകാത്തത് അത്തരം ശ്രമത്തെ തുടര്‍ന്നാണ്. ഹൈന്ദവരുടെ വിശ്വാസത്തെയും വികാരത്തെയും മാനിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകുന്നില്ലെങ്കിലും മറ്റാര്‍ക്കും ഈ അനുഭവം വരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ല.
കുമ്പസരമെന്ന കൂദാശ സംബന്ധിച്ച് എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ക്രൈസ്തവരില്‍ നിന്നുതന്നെയാണ് അഭിപ്രായരൂപീകരണമുണ്ടാകേണ്ടത്. ക്രൈസ്തവ മതം ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതല്ലെന്ന് അറിയാത്തവരാണ് ദേശീയ വനിതാ കമ്മീഷനെന്ന് ധരിക്കാന്‍ സാധിക്കില്ല. ലോകമെമ്പാടും പരന്നുകിടക്കുന്ന, ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള ക്രൈസ്തവര്‍ നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവരുന്നതാണ് കുമ്പസരം. ആധുനിക സമൂഹത്തിലെ കൗണ്‍സിലിങ്ങിന്റെ ഏറ്റവും പഴക്കമുള്ള ആചാരമാണ് കുമ്പസരം. വലിയൊരു സമൂഹം മാനസിക ആശ്വാസവും കുടുംബ കെട്ടുറപ്പിനുമൊക്കെയായി ആശ്രയിക്കുകയും ചെയ്യുന്നു. ഇത് ആരെങ്കിലും കുഴപ്പവും കുറ്റകൃത്യവും നടത്താന്‍ ആയുധമാക്കിയതായി പരാതി ഉണ്ടെങ്കില്‍ നടപടിയാണ് വേണ്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് വ്യവസ്ഥ പോരെങ്കില്‍ അത് കര്‍ക്കശമാക്കാം. അതിന് നിര്‍ദ്ദേശം സമര്പ്പിക്കുന്നതിനുപരി മതവിശ്വാസികളില്‍ സംശയവും ഭീതിയും ഉണ്ടാക്കുംവിധം വനിതാ കമ്മിഷന് നിലപാട് സ്വീകരിച്ചത് അപക്വമാണ്. കുമ്പസരം മറയാക്കി മാനഭംഗം നടത്തിയ പുരോഹിതര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നത് അപലപനീയമാണ്. എന്നിരുന്നാലും ഒരു കാരണവശാലും സ്വീകരിക്കാനിടയില്ലാത്ത ശുപാര്‍ശയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുരിശിലേറ്റാനുള്ള സംഘടിത നീക്കം അപലപനീയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: