കാലവര്‍ഷക്കെടുതി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ദുരിതം വിതച്ചിരിക്കുകയാണ്. തകര്‍ന്ന വീടുകള്‍, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ എന്നിവ പൊതുവായ കെടുതിയാണെങ്കില്‍ താണ പ്രദേശങ്ങളെല്ലാം മുങ്ങിക്കിടക്കുന്നു. കഴുത്തോളം വെള്ളം കയറിയ പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. പതിനായിരക്കണക്കിന് വൃദ്ധരും സ്ത്രീകളും കുട്ടികളും രോഗികളും വലയുമ്പോള്‍ ഒരു കൈ സഹായത്തിന് ആശ്രയിക്കുന്നത് സര്‍ക്കാരിനേയും തദ്ദേശ സ്ഥാപനങ്ങളെയുമാണ്. പക്ഷേ മഷി ഇട്ടുനോക്കിയിട്ടും ഭരണവര്‍ഗത്തെ കാണാനാവില്ല.
പത്തുദിവസമായി മഴ തിമിര്‍ത്ത് പെയ്തിട്ടും കെടുതിയില്‍ കുടുങ്ങിക്കിടക്കുന്ന പാവപ്പെട്ട ജനങ്ങളെ തിരിഞ്ഞുനോക്കാന്‍ പോലും സംസ്ഥാന മന്ത്രിമാരാരും തയ്യാറായില്ല. റവന്യൂ മന്ത്രി എന്നൊരു മനുഷ്യന് ജീവിച്ചിരിപ്പുണ്ടോ എന്നുപോലും നിശ്ചയമില്ല. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എട്ടുലക്ഷം മുടക്കി ഹെലികോപ്റ്ററില്‍ പറന്ന മുഖ്യമന്ത്രി പിണറായി വിജയന് കെടുതിയുടെ ഗൗരവം കാണാന്‍ ഒരു ആകാശയാത്രയ്ക്ക് പോലും തയ്യാറായിട്ടില്ല. മകള്‍ക്ക് പ്രസവവേദന, അമ്മയ്ക്ക് വീണവായന എന്ന പോലെയാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ദുരിത ബാധിത പ്രദേശങ്ങള്‍ കാണാനെത്തിയപ്പോഴാണ് കേരള മന്ത്രിമാര്‍ക്ക് ലജ്ജ വന്നത്. തുടര്‍ന്ന് ഏതാനും പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരള മന്ത്രിമാരും എത്തി. എന്നാല്‍ ക്യാമ്പുകളില്‍ കഴിയേണ്ടിവന്ന ജനങ്ങളെ ആശ്വസിപ്പിക്കുംവിധമുള്ള സഹായങ്ങളൊന്നും ഒരുക്കാന്‍ അവര്‍ക്കായില്ല. കേന്ദ്രസംഘം അനുവദിച്ച തുക പോലും വേണ്ടവണ്ണം ഉപയോഗിക്കുന്നില്ല. ആദ്യഘട്ടമായി അനുവദിച്ച 80 കോടിയില്‍ 26 കോടിയും മലപ്പുറത്തിനായി മാറ്റി എന്നതാണ് കൗതുകമേകുന്നത്. നഷ്ടപരിഹാരം തീരുമാനിക്കാന്‍ നിലവിലെ മാനദണ്ഡം മാത്രം അവലംബിക്കില്ല. എന്ന് കേന്ദ്രമന്ത്രി റിജിജു വ്യക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയില്‍ നിന്ന് 280 കോടി സംസ്ഥാനത്തിന് നീക്കിവച്ചിട്ടുണ്ട്.
നാശനഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പിനും, വിശദമായ വിലയിരുത്തലിനും വേണ്ടി ഉന്നതതല കേന്ദ്ര സംഘം വീണ്ടും കേരളം സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര, ഗതാഗത, കാര്‍ഷിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം എത്തും. ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ സഹായം നല്‍കും. വലിയ ദുരിതമാണ് ഉണ്ടായത്. ഭക്ഷണവും മരുന്നും കൃത്യമായി ക്യാമ്പുകളില്‍ ലഭിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് ദുരിതബാധിതരുടെ പരാതികളില്‍ നിന്ന് വ്യക്തമായി. മട വീണ് കൃഷിനശിച്ച പാടശേഖരങ്ങളുടെ സ്ഥിതിയും വിലയിരുത്തി. കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് 48 മണിക്കൂറിനകം പ്രളയദുരിതം നേരിട്ടറിയാന്‍ കേന്ദ്രമന്ത്രിമാര്‍ എത്തിയെന്നതാണ് സവിശേഷത.
ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ള ജില്ലയാണ് ആലപ്പുഴ. ഏറ്റവും കൂടുതല്‍ കെടുതി പേറുന്നതും ആലപ്പുഴക്കാരാണ്. പ്രത്യേകിച്ചും ധനമന്ത്രിയുടെ നാട്. കുട്ടനാട് പൂര്‍വസ്ഥിതിയിലാകുമോ എന്നുപോലും ജനം ഭയക്കുന്നു. ആ ഭാഗങ്ങളിലേക്ക് മന്ത്രിമാരെ ആരെയും കണ്ടില്ലെന്ന പരാതി ഗൗരവകരമാണ്. വൈകിയെത്തിയ പൊതുമരാമത്ത് മന്ത്രി പറഞ്ഞ ന്യായമാണ് വിചിത്രം. കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ പതിനായിരങ്ങള്‍ ദുരിതജീവിതത്തിലാണ്. മന്ത്രി ജി. സുധാകരന് ഇന്നലെ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും അല്‍ഫോണ്‍സ് കണ്ണന്താനവും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ദുരിതബാധിതരെ കാണാന്‍ ആദ്യമായി എത്തുന്നത്. പ്രബുദ്ധമെന്നവകാശപ്പെടുന്ന കേരളം ഈ ഭരണക്കാരെ ഓര്‍ത്ത് ലജ്ജിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: