കമ്മ്യൂണിസ്റ്റ് ഭരണത്തിലാണ് പാര്‍ട്ടി കോടതികളെക്കുറിച്ച് കേട്ടുതുടങ്ങിയത്. 1957ല്‍ അധികാരത്തിലേറിയ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കേരള ഭരണത്തില്‍ പാര്‍ട്ടി കോടതി വിചാരണയും ശിക്ഷയും വിധിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ജനാധിപത്യത്തെയും നീതിന്യായവ്യവസ്ഥകളെയും അട്ടിമറിച്ച് ജനക്കൂട്ടം വിസ്താരം നടത്തുകയും ശിക്ഷാവിധി നടത്തുകയും ചെയ്യുന്നത് കാടത്തമാണ്. അത്തരം കാടത്തം കേരളത്തില്‍ പലതവണ അരങ്ങെറിയിട്ടുണ്ട്. പാര്‍ട്ടി കുറ്റം ചുമത്തുകയും കുറ്റക്കാരെന്ന് അവര്‍ ആരോപിക്കുകയും ചെയ്യുന്നവരെ നിഷ്ഠൂരമായി ശിക്ഷിക്കുകയും കൊലപാതകം വരെ നടത്തുകയും ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുകയാണവര്‍. ഭരണത്തിലിരിക്കുമ്പോള്‍ പോലും പാര്‍ട്ടിനിയമം കയ്യിലെടുക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി കര്‍ശന വിമര്‍ശനവും താക്കീതും നല്‍കിയിട്ടുള്ളത്. വ്യക്തികള്‍ക്കോ ആള്‍ക്കൂട്ടത്തിനോ നിയമം കയ്യിലെടുക്കാന്‍ അവകാശമില്ലെന്നാണ് സുപ്രീംകോടതി പ്രസ്താവിച്ചത്.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും കൂടിവരികയാണ്. എല്ലാ കാര്യത്തിലും പുരോഗമനവും പരിഷ്കാരവും അവകാശപ്പെടുന്ന കേരളം ഇതില്‍നിന്നും വേറിട്ടുനില്‍ക്കുന്നില്ല. ഏറ്റവും ഒടുവിലെ ആള്‍ക്കൂട്ട കൊല ആരെയും ഞെട്ടിക്കുന്നതാണ്. പെരുമ്പാവൂരില്‍ ഒരു ബംഗാളിയെ അടിച്ചുകൊന്നത് നിസ്സാര സംഭവത്തിന്റെ പേരിലാണ്. ബംഗാളിയുടെ കയ്യില്‍ ഒരു കോഴിയെ കണ്ടതാണ് കാരണം. കോഴിയെ മോഷ്ടിച്ചതാണെന്നാണ് അക്രമികള്‍ പറഞ്ഞ കാരണം. കോഴിയെ വിലകൊടുത്ത് വാങ്ങിയതാണെന്നാണ് സത്യം. പക്ഷെ അക്രമികള്‍ക്ക് ചെന്നായയുടെ ന്യായമായിരുന്നു. നീ അല്ലെങ്കില്‍ നിനക്ക് കോഴിയെ വിറ്റയാള്‍ മോഷ്ടിച്ചതാകുമെന്നാണ് ന്യായം. ഈ ആള്‍ക്കൂട്ട കൊലയെ സര്‍ക്കാര്‍ അപലപിച്ചില്ല. മരണപ്പെട്ടയാളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഒരു മനുഷ്യസ്നേഹിയെയോ പൗരാവകാശ സ്നേഹിയെയോ കണ്ടില്ല. മറ്റേതെങ്കിലും സംസ്ഥാനത്ത് മലയാളിയാണ് ഇമ്മാതിരി സാഹചര്യത്തില്‍ കൊല്ലപ്പെട്ടതെങ്കില്‍ എന്താകും സ്ഥിതിയെന്ന് പറയേണ്ടതില്ലല്ലൊ. എന്നാല്‍ ബംഗാളിയെ തല്ലിക്കൊന്നിട്ട് കേസെടുക്കാന്‍ പോലും കേരളാ പോലീസിന് ദിവസങ്ങള്‍ വേണ്ടിവന്നു. ഒരു ബുദ്ധിജീവിയുടെ നാവും കൂട്ടായ്മയും കണ്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ടത് ബംഗാളിയാണെങ്കില്‍ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് ഒരു വനവാസി യുവാവിനെയാണ്. വനവാസി മധുവിനെ കൊന്നവര്‍ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റം ചാര്‍ത്തിയാണ് മുഴുപ്പട്ടിണിക്കാരനായ മധുവിനെ തല്ലിക്കൊന്നത്. ഉത്തരേന്ത്യയില്‍ പലേടത്തും പശുവിനെക്കൊന്നതിന്റെ പേരിലും ജനക്കൂട്ടം അക്രമം നടത്തിയെന്നാരോപിച്ച് ആക്രോശിക്കുന്നവര്‍ കേരളത്തിലെ കൊലകളെക്കുറിച്ച് മൗനംപാലിക്കുകയാണ്. ആള്‍ക്കൂട്ട കൊലകളോടൊപ്പം കലാശാലകളിലെ കൊലപാതകങ്ങളും കേരളത്തില്‍ വ്യാപകമാകുകയാണ്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നീരീക്ഷണത്തെയും നിര്‍ദ്ദേശങ്ങളെയും വിലയിരുത്തേണ്ടത്.
ആള്‍ക്കൂട്ട ഗുണ്ടായിസത്തിന്റെ പൈശാചികത രാജ്യത്തെ പുതിയ നിയമമാകാന്‍ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നാണ് സുപ്രീംകോടതി പ്രസ്താവിച്ചത്. അക്രമങ്ങള്‍ തടയാനും ആവര്‍ത്തിക്കാതിരിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നേരത്തെ സുപ്രീംകോടതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അക്രമങ്ങളെ നിര്‍വികാരതയോടെ വീക്ഷിക്കുന്ന ജനക്കൂട്ടത്തിന്റെ മനോഭാവത്തെയും സുപ്രീംകോടതി വിമര്‍ശിച്ചിട്ടുണ്ട്. ഭാവിജീവിതത്തെ പ്രകാശമാനമാക്കാന്‍ കലാലയങ്ങളിലെത്തുന്ന കുരുന്നുകളെ കുത്തിമലര്ത്തുന്നതിലും സുപ്രീംകോടതി ആശങ്കപ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്. നിരപരാധികളെ കാലപുരിക്കയക്കുന്ന പ്രവണത സുപ്രീംകോടതി വിധിയോടെ അവസാനിക്കുമെങ്കില്‍ അതില്‍പ്പരം സംതൃപ്തി വേറെ ഉണ്ടാകാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: