രണ്ടായിരത്തിലധികം വേദികള്‍ പിന്നിട്ട് സംഗീതത്തിലും പഠനത്തിലും ഒരുപോല തിളങ്ങാമെന്നു തെളിയിച്ചിരിക്കുകയാണ് പത്താം ക്ലാസുകഴിഞ്ഞ ഐശ്വര്യ എം. നായര്‍. ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാവിഷയത്തിനും എ പ്ലസ് നേടിയ ഈ മിടുക്കി പഠിത്തത്തില്‍ മാത്രം ഒതുങ്ങാന്‍ തയ്യാറല്ല.
ഗായിക എന്ന നിലയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഇതിനകം ഈ കൊച്ചു മിടുക്കിക്കായിട്ടുണ്ട്. ഇതുവരെ പാടിയത് രണ്ടായിരത്തിലധികം വേദികള്‍. നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. സ്വന്തമായി ഒരു സംഗീത ആല്‍ബവും പുറത്തിറക്കി. ഗായിക ചിത്രയുടെ ആരാധികയായ ഐശ്വര്യ നിരവധി ഭക്തിഗാന സിഡിയിലും പാടിയിട്ടുണ്ട്. പ്ലസ്ടുവിന് ബയോളജി എടുത്തു പഠിക്കുന്ന ഐശ്വര്യയ്ക്ക് കൂടുതല്‍ പാട്ടുകള്‍ പാടുന്നതോടൊപ്പം ഡോക്ടറാകാനാണ് ആഗ്രഹം.
വേദികളില്‍ പാടുന്നതിനേക്കാള്‍ സംഗീതാലാപനത്തില്‍ കൂടുതല്‍ സംതൃപ്തി നേടുന്നത് വൃദ്ധസദനങ്ങളില്‍ പോയി അവര്‍ക്കിഷ്ടമുള്ള പാട്ടുകള്‍ പാടി കേള്പ്പിക്കുമ്പോഴാണെന്ന് ഈ കൊച്ചു ഗായിക പറയുന്നു.
‘കണ്ണാടിക്കൈയില്‍’ എന്ന പേരില്‍ പുറത്തിറക്കിയ സിഡിയില്‍ ഏറെയും പഴയകാല ഗാനങ്ങളാണ്. അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും പൂര്‍ണ സഹകരണവും പ്രോത്സാഹനവുംകൊണ്ടാണ് നേട്ടങ്ങള്‍ കൈവരിക്കാനായതെന്ന് ഐശ്വര്യ പറയുന്നു. സിനിമാപ്പാട്ടിനൊപ്പം നാടന്‍ പാട്ടും ഭക്തിഗാനവും ഈ കുട്ടിക്ക് അനായാസം വഴങ്ങും. നിരവധി സീരിയലുകള്‍ക്കുവേണ്ടിയും പാടിയിട്ടുണ്ട്.
നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി വേദിയില്‍ പാടുന്നത്. ആറ്റുകാല്‍ ദേവീസ്തുതികളായിരുന്നു പാടിത്തുടങ്ങിയത്. സ്വന്തമായി ഒരു മ്യൂസിക് ട്രൂപ്പുമുണ്ട്. സംഗീതജ്ഞനായ കെ. ആര്. മുരളീധരന്റെ ശിക്ഷണത്തില്‍ ശാസ്തീയ സംഗീതം അഭ്യസിക്കുന്നു.
ശ്രീവരാഹം മുക്കോലയ്ക്കല്‍ ക്ഷേത്രത്തിനു സമീപം മായാമന്ദിരത്തില്‍ ദിലീപ് കുമാറിന്റെയും മായയുടെയും മകളാണ്. പഠിത്തം ഉഴപ്പാതെയും സംഗീത ലോകത്ത് തിളങ്ങാമെന്ന് തെളിയിച്ചിരിക്കുകയാണ് ഐശ്വര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: