കിരീടധാരണം കഴിഞ്ഞു. അടുത്ത നാലു കൊല്ലം ഫുട്ബോള്‍ ലോകത്തിന്റെ സിംഹാസനത്തില്‍ ഫ്രാന്‍സ് വാഴും. രണ്ടാം ലോക കിരീടത്തിലേയ്ക്കുള്ള യാത്രയില്‍ ഒരു തോല്‍വി പോലും വഴങ്ങാത്ത ഫ്രാന്‍സ് അഭിനന്ദനം അര്‍ഹിക്കുന്നു. സ്വന്തം നാട്ടില്‍ നേടിയ ഏക ചാംപ്യന്‍പട്ടം വെറും തിണ്ണമിടുക്കു മാത്രമെന്ന ആരോപണത്തിന് റഷ്യയിലെ വിജയത്തോടെ അവര്‍ മറുപടി നല്കിയിരിക്കുന്നു. 1998ലേയും ഇത്തവണത്തേയും വിജയത്തില്‍ നായകന് എന്ന നിലയിലും പരിശീലകനെന്ന നിലയിലും പങ്കു വഹിച്ച ദിദിയെ ദഷാം അപൂര്‍വ നേട്ടമാണു കൈവരിച്ചത്. ജേതാക്കളെ അഭിനന്ദിക്കുമ്പോഴും ഓര്‍ക്കാന്‍ വേറെയും പലതുണ്ട് ഈ ലോകകപ്പിന്റെ ബാക്കിപത്രത്തില്‍. അതില്‍ പ്രധാനം ഗ്ളാമറിന്റെ പരിവേഷം ചാര്‍ത്തിക്കിട്ടാത്ത ടീമുകള്‍ നടത്തിയ മുന്നേറ്റം തന്നെയാണ്. കപ്പിന്റെ സംഘാടന മികവ്, പുത്തന്‍ സാങ്കേതിക വിദ്യയുടെ വരവും വിജയവും അങ്ങനെ മറ്റുപലതും വേറേയും.
പുതിയൊരു ചാംപ്യന്‍ ടീമിനെ കാണാനായില്ല എന്ന കാര്യം ബാക്കിനില്‍ക്കുമ്പോള്‍ തന്നെ, ഫുട്ബോള്‍ ലോകം ചിലരുടെ കുത്തകയല്ല എന്ന ഉറച്ച പ്രഖ്യാപനം ഏറെ ശ്രദ്ധിക്കപ്പെടണം. വമ്പന്‍ ടീമുകള്‍ വഴിക്കു വീണതും പ്രതീക്ഷിക്കാത്തവര്‍ കയറിവന്നതും അട്ടിമറി എന്ന പതിവു കാഴ്ചപ്പാടില്‍ ഒതുക്കിയാല്‍ മതിയാവില്ല. ഫുട്ബോള്‍ ലോകം വളര്‍ന്നിരിക്കുന്നു. ടീമുകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നു. വലിയവര്‍ക്ക് അടി തെറ്റിയതു ലോകകപ്പില്‍ വച്ചു മാത്രമല്ല. ഫൈനല്‍ റൗണ്ട് വേദിയായ റഷ്യയിലേയ്ക്കു കടന്നുവരാന്‍ പോലും കഴിയാതെ പുറത്തായവരുമുണ്ടല്ലോ. നാലുതവണ കപ്പു ജയിച്ച ഇറ്റലിയും ലോക ഫുട്ബോളില്‍ കോളിളക്കം സൃഷ്ടിച്ച ഹോളണ്ടും വടക്കന്‍ അമേരിക്കന്‍ വന്‍ശക്തികളായ യുഎസും ലാറ്റിനമേരിക്കയില്‍ നിന്നുള്ള ചിലിയും അതില്‍പ്പെട്ടവരാണ്. ഇവരുടെ ഒഴിവിലേയ്ക്ക് പാനമയും ഐസ്ലന്ഡും പോലുള്ളവര്‍ കടന്നുവന്നത് യാദൃശ്ചികമെന്നു കരുതാവുന്ന കാലം കടന്നുപോയിരിക്കുന്നു. ലോക ഫുട്ബോളില്‍ ഇനി ആരും സുരക്ഷിതരല്ല. ആരും ആരേയും വീഴ്ത്തിയേക്കാം. ഈ ഉണര്‍ന്നെഴുന്നേല്‍പ്പ് യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഒരുപോലെ സംഭവിച്ചു എന്നതും ശ്രദ്ധിക്കേണ്ടതുതന്നെ. കപ്പിനെത്തിയവരില്‍ത്തന്നെ ബ്രസീലും അര്‍ജന്റീനയും ജര്‍മനിയും സ്പെയിനും യുറഗ്വായും ഇംഗ്ളണ്ടും വീണിട്ടും പിടിച്ചുനിന്ന ഫ്രാന്‍സ്, പുതിയൊരു ചാംപ്യന്റെ ഉദയം തടഞ്ഞുവെന്നു മാത്രം. പക്ഷേ, ക്രൊയേഷ്യയും ബല്‍ജിയവും യുറഗ്വായും മെക്സിക്കോയും മറ്റും ചാംപ്യന്മാരുടെ കളികളിച്ചു തന്നെയാണു പുറത്തേയ്ക്കു പോയത്. ഏഷ്യന്‍ ടീമുകളായ ഇറാനും ദക്ഷിണ കൊറിയയും ജപ്പാനും അവരവരുടെ നിലയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നല്ലോ.
ബ്രസീലിലെ കഴിഞ്ഞ ലോകകപ്പില്‍ത്തന്നെ ഇത്തരം ഒരു ഉണര്‍വിന്റെ സൂചന കണ്ടിരുന്നു. ചിലിയും ഘാനയും കൊളംബിയയും കോസ്റ്റാറിക്കയുമൊക്കെ നടത്തിയ വിപ്ളവം ജയിക്കാതെ പോയത് അവരുടെ പരിചയക്കുറവുകൊണ്ടു മാത്രമായിരുന്നു. ലോകകപ്പ,് ഗ്ളാമര്‍ താരങ്ങളുടേതു മാത്രമല്ലാതാകുന്നു എന്നതാണ് റഷ്യയുടെ മറ്റൊരു പാഠം. ഇത്തവണ കളിക്കാരല്ല ടീമുകളാണു ജയിച്ചു കയറിയത്. ഫുട്ബോളിനു കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹവും അതുതന്നെയാണ്. 2010ല്‍ സ്പെയിന് നേടിയ വിജയത്തിനു സമാനമാണ് ഇത്തവണത്തെ ഫ്രാന്‍സിന്റെ വിജയം. ഫുട്ബോള്‍ ലോകത്ത് താരങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്ത പോലെ കുതിച്ചുയരുന്നതിനെതിരെ ഫിഫ തന്നെ മുന്‍പു മുന്നറിയിപ്പു നല്‍കിയിരുന്നു. ഫുട്ബോള്‍ ടീം ഗെയിം ആണെന്നും ഒരു താരത്തില്‍ ഒതുങ്ങുന്നതല്ലെന്നുമുള്ള പ്രഖ്യാപനമാണു റഷ്യയില്‍ നിന്നു മുഴങ്ങുന്നത്. അതു സ്വാഗതാര്‍ഹം തന്നെ. പുത്തന്‍ സാങ്കേതിക വിദ്യയായ വിഎആര്‍ കളിയുടെ ആകര്‍ഷകത്വവും ഒഴുക്കും നഷ്ടമാക്കുമെന്ന ആരോപണമുണ്ടായിരുന്നെങ്കിലും ടീമുകള്‍ക്ക് അര്‍ഹിച്ചതു തന്നെ കിട്ടുന്നു എന്ന വശംകൂടി അതിനുണ്ട്. പരാതികളില്ലാത്ത കളികാണാന്‍ ഇത് അവസരമൊരുക്കി.
32 ടീമുകളില്‍ ഒതുങ്ങാത്തത്ര വളര്‍ന്നിരിക്കുന്നു ലോകകപ്പ്. 2026-ല്‍ ടീമുകളുടെ ലോകകപ്പ് കളിക്കുന്ന ടീമുകളുടെ എണ്ണം 48 ആകും. ക്രമത്തില്‍ വളര്‍ന്നുവരുന്ന ടീം എണ്ണം ഇനിയും കൂട്ടുന്നതിനെതിരെ ലോക ഫുട്ബോള്‍ സംഘടനയായ ഫിഫയ്ക്കു ഒരു തലവേദന സംഘാടനം തന്നെയാണ്. മുന്‍പ് പരിഗണയ്ക്കു വന്ന ഈ നിര്‍ദേശം തള്ളപ്പെട്ടതും അതുകൊണ്ടൊക്കെത്തന്നെ. പക്ഷേ, എണ്ണം കൂട്ടിയാല്‍ അനര്‍ഹര്‍ കടന്നുവരുമെന്നും അതു ലോകകപ്പിന്റെ നിലവാരം തകര്‍ക്കുമെന്നും ഒരു ആരോപണവുമുണ്ടായിരുന്നു. അതില്‍ കഴമ്പില്ലെന്നു റഷ്യന്‍ ലോകകപ്പ് തെളിയിച്ചു. അതാണ് ഈ ലോകകപ്പിന്റെ ഏറ്റവും വലിയ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: