അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് അഥവാ അമ്മ എന്ന സംഘടന കേരളത്തിലെ സിനിമാ നടീനടന്മാരുടെ ഏക കൂട്ടായ്മയാണ്. മലയാള സിനിമയിലെ അഞ്ഞൂറിലധികം നടീനടന്മാരെ ഉള്‍ക്കൊള്ളുന്ന ഏക സംഘടന. അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനോ കൂലി കൂടുതല്‍ ചോദിക്കാനോ വേണ്ടി തുടങ്ങിയതല്ല ‘അമ്മ’. സിനിമയില്‍ അഭിനയിക്കുന്നവരുടെ കൂട്ടായ്മ. അതല്ലെങ്കില്‍ നടീനടന്മാരുടെ ക്ലബ്ബ്. അത്രയേ ഉള്ളൂ സമൂഹത്തില്‍ അതിന്റെ സ്ഥാനം. പൊതുസമൂഹത്തിനു ഗുണകരമാകുന്നതൊന്നും ‘അമ്മ’ ചെയ്യുന്നില്ല. ചെയ്യണമെന്ന് ആര്‍ക്കും ശഠിക്കാനുമാകില്ല. തികച്ചും സ്വകാര്യമായ സംഘടന എന്നുതന്നെ പറയാം. വളരെ പ്രശസ്തരും വളരെ അപ്രശസ്തരും അമ്മയിലുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും മുതല്‍ ഒന്നോരണ്ടോ സിനിമയില്‍ അഭിനയിച്ച്, കൂടുതല്‍ നല്ല വേഷങ്ങള്‍ പ്രതീക്ഷിച്ച് കഴിയുന്നവര്‍ വരെ. അംഗത്വം ലഭിക്കാന്‍ നല്ല തുക ഫീസായി വാങ്ങുന്നുമുണ്ട്.
അമ്മയിലെ പകുതിയിലേറെ പേരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്നാണ് അവര്‍തന്നെ പറയുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, സ്വന്തമായി വീടില്ലാത്തവര്‍, നിത്യച്ചെലവിനു വഴിയില്ലാത്തവര്‍, രോഗചികിത്സയ്ക്ക് പണമില്ലാത്തവര്‍, ഭക്ഷണം കഴിക്കാന്‍ പോലും വകയില്ലാത്തവര്‍… അവര്‍ക്കെല്ലാം അമ്മ സഹായം നല്‍കുന്നുണ്ട്. 137 പേര്‍ക്ക് ‘അമ്മ’ സഹായമെത്തിക്കുന്നുണ്ട്. അതിനവരൊരു പേരുമിട്ടു. കൈനീട്ടം.
നടന് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ട് വിവാദമായ, ഇക്കഴിഞ്ഞ 26ലെ അമ്മ യോഗത്തിലെടുത്ത മറ്റൊരു പ്രധാനതീരുമാനം അകാലത്തില്‍ അന്തരിച്ച നടന് അജിത്തിന് വീടുവച്ചുകൊടുക്കും എന്നതാണ്. കാലങ്ങളോളം സിനിമയില്‍ സൂപ്പര്‍ നായകന്മാരുടെയടക്കം തല്ലും ചവിട്ടും ചീത്തവിളിയും വെടിയുണ്ടയുമെല്ലാം ഏറ്റ് വില്ലനും ഗുണ്ടയുമായി നിറഞ്ഞു നിന്ന അജിത്തിന് ഇക്കാലംകൊണ്ട് സിനിമയില്‍ നിന്ന് ഒരു വീടുവയ്ക്കാന്‍ പോലുമുള്ള സമ്പാദ്യം ഉണ്ടാക്കാന്‍ സാധിച്ചില്ല. അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോള്‍ നിരാലംബരായ അദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ തങ്ങള്‍ മുന്നിട്ടിറങ്ങി എന്ന് പറയുന്നത് അത്രവലിയ കാര്യമാണോ.
ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് മോഹന്‍ലാലും മമ്മൂട്ടിയുമടങ്ങുന്ന സൂപ്പര്‍ നടന്മാര് വാങ്ങുന്ന പണത്തിന്റെ പത്തിലൊരംശമെങ്കിലും അജിത്തിന് കിട്ടിയിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം മരിച്ചശേഷം പിരിവെടുത്ത് വീടുപണിതു നല്കാന് അമ്മയ്ക്ക് രംഗത്തുവരേണ്ടി വരുമായിരുന്നോ. മലയാള സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന ഈ അസമത്വത്തിനെതിരായി പ്രവര്‍ത്തിക്കാനാകണം സംഘടന ശ്രമിക്കേണ്ടത്. അജിത്തിനെ പോലയുള്ള കലാകാരന്മാര്ക്ക് ചെയ്യുന്ന തൊഴിലിന് അര്‍ഹമായ കൂലി വാങ്ങിക്കൊടുക്കാനെങ്കിലും സാധിക്കേണ്ടിയിരുന്നു. വളരെയേറെക്കാലം അഭിനയരംഗത്തുണ്ടായിരുന്നിട്ടും അജിത്തിന് ഒന്നും സമ്പാദിക്കാനായില്ല. അങ്ങനെ കളംവിട്ടൊഴിഞ്ഞ നിരവധിപേരുണ്ട്. അവര്‍ ഇപ്പോഴും കാരുണ്യത്തിന് കൈനീട്ടി, കൈനീട്ടം വാങ്ങി കാലം കഴിക്കുന്നു.
സൂപ്പര്‍ നടന്മാര്ക്കും അവരുടെ ഇഷ്ടക്കാര്‍ക്കും മാത്രം നിലനില്‍പ്പുള്ള മേഖലയായി മലയാള സിനിമാരംഗം മാറി. എതിര്‍വാക്കുകളെ അടിച്ചമര്‍ത്തുന്നു എന്ന പരാതികളുയര്‍ന്നു. മേഖലയെ ആകെ നിയന്ത്രിക്കുന്നത് ചില ‘കോക്കസു’കളാണ്. തെക്കരെന്നും വടക്കരെന്നും വിഭാഗങ്ങളുണ്ടാകുന്നു. സൂപ്പറുകള്‍ തങ്ങള്‍ക്കു ജയ് വിളിക്കാനുള്ളവര്ക്ക് അവസരങ്ങള്‍ നല്കുന്നു. അവര്‍ക്കുവേണ്ടി സംസാരിക്കുന്നു. എന്നും സൂപ്പറിനു പിന്നില്‍ കൈകെട്ടി നിന്നും മുന്നില്‍ നിന്ന് ഇടികൊണ്ടും ജീവിതം ഹോമിക്കുന്നവരായി അജിത്തിനെ പോലുള്ള അമ്മയുടെ മക്കളുമുണ്ടാകുന്നു. സിനിമ മുഴുവന്‍ നിയന്ത്രിക്കുന്നവരായി ഒരുവിഭാഗം മാറുമ്പോള്‍ അവര്ക്കിഷ്ടമില്ലാത്തവരെല്ലാം ഒതുക്കപ്പെടുന്നു. സിനിമയില്‍ നിന്നുതന്നെ പുറത്താക്കുന്നു. തിലകനും ജഗതിയും ക്യാപ്റ്റന്രാജുവും സ്ഫടികം ജോര്‍ജും വിനയനുമെല്ലാം അമ്മയുടെ വിലക്കിന്റെ ചൂടറിഞ്ഞവരാണ്.
തങ്ങളെ എതിര്‍ത്താല്‍, തങ്ങള്‍ക്കെതിരായി സംസാരിച്ചാല്‍ പാഠം പഠിപ്പിക്കുമെന്ന് പറയുന്നവരെ സാധാരണ ഭാഷയില്‍ എന്തുവിളിക്കും ? മാഫിയകള്‍ എന്നാരെങ്കിലും വിളിച്ചുപോയാല്‍ എങ്ങനെ കുറ്റം പറയും ? തിലകന് അതു പറഞ്ഞതിനാണ് ‘അമ്മ’ അദ്ദേഹത്തെ വിലക്കിയത്. ഏറെനാള്‍ തിലകന് സിനിമയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടു. വളരെ വേദനയോടെ, പൊട്ടിക്കരഞ്ഞുകൊണ്ട് തിലകന് തനിക്ക് നേരിട്ട ദുരനുഭവം പൊതുസമൂഹത്തോട് പങ്കുവച്ചു. തിലകനെ കേള്‍ക്കാതെയും അദ്ദേഹത്തിനു പറയാന്‍ അവസരം നല്‍കാതെയുമായിരുന്നു അമ്മയുടെ നടപടി. മലയാളത്തിലെ എക്കാലത്തെയും മഹാനടനായ തിലകനെ പോലും സിനിമയില്‍ നിന്ന് പുറത്താക്കാന്‍ കഴിവുള്ളവരായി മാറിയ കൂട്ടായ്മയാണ് ‘അമ്മ’.
മരിക്കും വരെ അമ്മയ്ക്ക് പുറത്തായിരുന്നു തിലകന്. തനിക്ക് നീതി നിഷേധിക്കുന്നതിനെതിരെ അന്നത്തെ ‘അമ്മ’ ജനറല്‍ സെക്രട്ടറിയായ നടന് മോഹന്‍ലാലിന് അദ്ദേഹം കത്തെഴുതിയിരുന്നു. അമ്മയിലെ അംഗങ്ങളുടെ അവകാശം ചവിട്ടിമെതിക്കാന്‍ കൂട്ടുനില്‍ക്കരുതെന്ന് അദ്ദേഹം അപേക്ഷിച്ചു. ആ അപേക്ഷയൊന്നും ആരും കേട്ടില്ല. തിലകന് ചെയ്തെന്ന് പറയുന്ന തെറ്റ് പൊറുക്കാവുന്നത് മാത്രമായിരുന്നു. തന്നെ സിനിമയില്‍ നിന്നൊഴിവാക്കാന്‍ കരുതിക്കൂട്ടി ചിലര്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് തിലകന് പറഞ്ഞത് ശരിയായിരുന്നു എന്ന് പിന്നീട് കാലം തെളിയിച്ചു. ദിലിപിനെതിരെയും കടുത്ത വിമര്‍ശനം തിലകന് ഉന്നയിച്ചിരുന്നു. ദിലീപ് വിഷമാണെന്നും ക്രിസ്റ്റ്യന്‍ ബ്രദേഴ്സില്‍ നിന്ന് ഒഴിവാക്കാന്‍ ചരടുവലിച്ചെന്നുമായിരുന്നു തിലകന് അഭിമുഖത്തില്‍ ആരോപിച്ചത്. അന്നും വില്ലന്‍ നടന് ഗണേശ്കുമാറായിരുന്നു. ഗണേശിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണവും വധഭീഷണിയും ഉണ്ടെന്ന് തിലകന് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കരാറിലേര്പ്പെട്ടിരുന്ന ചിത്രങ്ങളില്‍ നിന്നുവരെ തിലകനെ ഒഴിവാക്കി. തിലകനോട് ചെയ്ത വലിയ അപരാധത്തിന്റെ വിലയാണ് ഇപ്പോള്‍ വീണ്ടും അമ്മ നല്‍കേണ്ടിവരുന്നതെന്ന് ചിന്തിച്ചാല്‍ തെറ്റല്ല.
നടന് ദിലീപിനെ മാറ്റി നിര്‍ത്താന്‍ അമ്മ തീരുമാനിച്ചത് തിലകനെപ്പോലെ എന്തെങ്കിലും പറഞ്ഞതിന്റെ പേരിലായിരുന്നില്ല. നടിക്കെതിരായ ആക്രമണക്കേസില്‍ ദിലീപ് പ്രതിസ്ഥാനത്താണ്. കേസില്‍ കോടതി വിധിവരുന്നതിനുമുമ്പ് തിരക്കിട്ട തീരുമാനം അമ്മയില്‍ നിന്നുണ്ടായതാണ് എതിര്‍ക്കപ്പെടുന്നത്. തിലകന് ഇനിയും ലഭിച്ചിട്ടില്ലാത്ത നല്ലനീതി ഇപ്പോഴും പൊതുസമൂഹത്തിനുമുന്നില്‍ തെറ്റുകാരനായി നില്ക്കുന്ന ദിലീപിന് നല്‍കുന്നതിലെ വിവേചനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആ ചോദ്യങ്ങള്‍ ഒട്ടും അപ്രസക്തവുമല്ല. മരണാനന്തരമായിട്ടെങ്കിലും തിലകന് അമ്മയില്‍ നിന്ന് നീതി ലഭിക്കണമെന്ന അദ്ദേഹത്തിന്റെ മകനും നടനുമായ ഷമ്മിതിലകന്റെ ആഗ്രഹം അമ്മ ഭാരവാഹികള്‍ കാണാതെ പോകരുത്. മഹാനായ ആ നടനോട് അല്പമെങ്കിലും സ്നേഹവും ആദരവുമുണ്ടെങ്കില്‍, തിലകനോട് ചെയ്തതിന് പരസ്യമായി മാപ്പ് പറയാന്‍ അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാല്‍ തയ്യാറാകണം. അപ്പോഴാണ് മോഹന്‍ലാലെന്ന വലിയ നടന് ഇനിയും കൂടുതല്‍ വലുപ്പമുള്ളവനാകുന്നത്.
നടി ആക്രമിക്കപ്പെട്ട ശേഷം ‘അവള്‍ക്കൊപ്പം’ എന്ന വികാരത്തിനുപിന്നില് ഒരുമിച്ചത് സിനിമാക്കാര് മാത്രമായിരുന്നില്ല. ഒരു പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടത് സിനിമാക്കാരുടെ മാത്രം കാര്യവുമല്ല. പൊതുസമൂഹം ഒറ്റക്കെട്ടായി അവള്‍ക്കൊപ്പം നിന്നു. മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വേണ്ടിയായിരുന്നു അത്. ആക്രമിക്കപ്പെടുന്ന ഏതു സ്ത്രീക്കുമൊപ്പം കേരളീയസമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന സന്ദേശമായിരുന്നു അത്. ഇപ്പോള്‍ അമ്മയുടെ തീരുമാനത്തിനെതിരെ ഉയരുന്നതും അതേ വികാരമാണ്.
സിനിമയിലായാലും പത്രപ്രവര്‍ത്തനത്തിലായാലും മറ്റേത് മേഖലയിലായാലും ഒറ്റസംഘടന എന്നത് ജനാധിപത്യത്തെ പരിപോഷിപ്പിക്കില്ല. എതിര്ശബ്ദങ്ങളുണ്ടാകുമ്പോഴാണ് നല്ല സംഘടനാപ്രവര്‍ത്തനം നടക്കുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടപ്പെടുമ്പോഴും മനസ്സിലാക്കുമ്പോഴുമാണ് ഏതു സംഘടനയും നേര്‍വഴിക്ക് നയിക്കപ്പെടുന്നത്. അമ്മയിലെ അസ്വസ്ഥരായ അംഗങ്ങള്‍ മറ്റൊരു സംഘടനയുണ്ടാക്കട്ടെ. അമ്മ ചെയ്ത, ചെയ്യുന്ന തെറ്റുകള്‍ അവര്‍ക്ക് തിരുത്താന്‍ കഴിയും. പിണങ്ങി നില്ക്കുന്നവര് പുറത്തുവന്ന് പുതിയ സംഘടനയുണ്ടാക്കി അമ്മയ്ക്ക് ബദലായാല് തീര്‍ച്ചയായും അത് സിനിമാ മേഖലയ്ക്ക് ഗുണകരമാകും. എല്ലാ അവസരങ്ങളും അധികാരങ്ങളും സുഖവും സമൃദ്ധിയുമൊന്നും ചിലരില്‍ മാത്രം കേന്ദ്രീകരിക്കാതിരിക്കട്ടെ. അതെല്ലാവര്‍ക്കും അനുഭവിക്കാനുള്ളതു തന്നെയാണ്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: