കേരളത്തില്‍ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്, വേഗത പോരാ. ഇതിന് യാത്രക്കാരുടെ പഴികേള്‍ക്കുന്നത് കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രിയും പ്രധാനമന്ത്രിയുമാണ്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍തന്നെ ഔദ്യോഗികമായി ആ പഴി ആവര്‍ത്തിക്കുകയും ന്യൂദല്‍ഹിയില്‍ റെയില്‍മന്ത്രാലയത്തിനു മുന്നില്‍ പ്രതിഷേധം നടത്തുകയും ചെയ്തിരിക്കുന്നു. പക്ഷേ, കേരളത്തില്‍ റെയില്‍ ഗതാഗതം സുഗമമാകാന്‍ ഇനിയും വൈകും. കാരണം, ചെയ്യേണ്ടത്, ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ടവര്‍ ചെയ്തിട്ടില്ല, ചെയ്യുന്നുമില്ല.
പാലക്കാട്ടെ കഞ്ചിക്കോട്ട് റെയില്‍കോച്ച് നിര്‍മാണ ഫാക്ടറിവേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഫാക്ടറി തുടങ്ങുന്നതിന് സന്നദ്ധമാണെന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍, സിപിഎം പിന്തുണയോടെ ഭരിച്ചിരുന്ന, യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. കഞ്ചിക്കോടിനൊപ്പം കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയില്‍ പ്രഖ്യാപിച്ച ഫാക്ടറി പണിപൂര്‍ത്തിയായി, കേരളത്തിലേത് തുടങ്ങിയില്ല, പണം പോലും ബജറ്റില്‍ അനുവദിച്ചില്ല.
എന്തുകൊണ്ട്, ആരാണ് ഉത്തരവാദി? മോദി സര്‍ക്കാര്‍ റെയില്‍ പദ്ധതികള്‍ക്ക് കൂടുതല്‍ പണം അനുവദിക്കുന്നു. അപകടരഹിത യാത്രയ്ക്ക് മുന്‍തൂക്കം കൊടുക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഈ നാലുവര്‍ഷത്തിനിടെ കോച്ച് ഫാക്ടറിക്ക് ഇത്തരമൊരു പ്രതിഷേധമോ സമരമോ നടത്താന്‍ തുനിയാഞ്ഞതെന്താണ്? റെയില്‍വേ പ്രതീകമാക്കി, കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ കേരളപ്രക്ഷോഭം എന്ന ബിജെപി പ്രതിരോധ രാഷ്ട്രീയാശയമാണോ പിന്നില്‍? ചിന്തിക്കേണ്ടതുണ്ട്. എന്തായാലും റെയില്‍വേയോടോ റെയില്‍ യാത്രക്കാരോടോ കേരള ജനതയോടോ ഉള്ള ആഭിമുഖ്യമല്ല ഇതിനു പിന്നില്‍.
കാരണം, കേരളത്തിലെ റെയില്‍വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ചിട്ടുള്ള താല്പര്യം ഏവര്‍ക്കും അറിയാം. ബിജെപി നേതാവ് ഓ. രാജഗോപാല്‍, വാജ്പേയി സര്‍ക്കാരില്‍ റെയില്‍ സഹമന്ത്രിയായപ്പോള്‍ നടത്തിയ കേരളത്തിലെ റെയില്‍വികസന പ്രവര്‍ത്തനങ്ങള്‍ ചരിത്രപരമാണ്. കേരളത്തിലെ ട്രെയിന്‍ യാത്ര ഇത്രയെങ്കിലും മികച്ചത് അക്കാലത്തെ നടപടികള്‍ മൂലമാണ്. രാജഗോപാല്‍ അവതരിപ്പിച്ചതും തുടങ്ങിയതുമായ പദ്ധതികളില്‍ പക്ഷേ, ഇനിയും പൂര്‍ത്തിയാകാത്തവയുണ്ട്.
അദ്ദേഹത്തിനു ശേഷം കോണ്‍ഗ്രസ് ഭരണത്തില്‍ സംസ്ഥാനത്തുനിന്ന് റെയില്‍മന്ത്രിമാര്‍ ഉണ്ടായിട്ടും! അതിനു കാരണം സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണിസര്‍ക്കാരുകളാണ്, അവരുടെ പിടിപ്പുകേടാണ്. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച റെയില്‍പദ്ധതികള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാകാത്തതിന് പ്രധാനകാരണം, പാതയ്ക്കാവശ്യമായ ഭൂമിവാങ്ങി റെയില്‍വേയ്ക്ക് കൈമാറാത്തതാണ്. ഇതുമൂലം മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ എണ്ണവും കണക്കും കേന്ദ്ര റെയില്‍മന്ത്രി സംസ്ഥാന മുഖ്യമന്ത്രിക്ക് വരും ദിവസങ്ങളില്‍ കൈമാറും. അത് കേരളത്തിന്റെ റെയില്‍വേ പ്രവര്‍ത്തനത്തിലെ ധവളപത്രമായി മാറിയേക്കും; ചിലരുടെ നുണപ്രചാരണം പൊളിക്കും.
പാതയിരട്ടിപ്പിക്കാനുള്ള 15 പദ്ധതികളില്‍ പത്തെണ്ണം മുടങ്ങിക്കിടക്കുന്നു. പുതിയ പാതകള്‍ രണ്ടെണ്ണം പ്രഖ്യാപിച്ചതില്‍ ഒന്നേ തുടങ്ങിയിട്ടുള്ളു; സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്തുകൊടുക്കാത്തതാണ് കാരണം. ആലപ്പുഴ വഴിയുള്ള റെയില്‍ യാത്രക്ക് ആവശ്യമായ കുമ്പളം-എറണാകുളം പാതയിരട്ടിപ്പിക്കലും മലബാര്‍ യാത്രികര്‍ക്ക് ഗുണമാകുന്ന ഗുരുവായൂര്‍-തിരുനാവായ പാതയിരട്ടിപ്പിക്കലും കേരളത്തിന് ഏറെ അഭിമാനകരമായ ശബരി പാതയും സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം ഉപേക്ഷിക്കപ്പെട്ടേക്കാമെന്നാണ് ആശങ്ക.
ശബരി, തിരുനാവായ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരും പകുതി ചെലവ് വഹിക്കണമെന്നാണ് റെയില്‍വേ നിലപാട്. ചില പദ്ധതികള്‍ക്ക് സംസ്ഥാനങ്ങള്‍ 50 % പണം മുടക്കണമെന്ന വ്യവസ്ഥ മറ്റു സംസ്ഥാനങ്ങള്‍ക്ക് സ്വീകാര്യമാണ്, കേരളത്തിനുമാത്രം എതിര്‍പ്പാണ്; ഫെഡറല്‍ സംവിധാനത്തെക്കുറിച്ച് ഏറെ സംസാരിക്കുന്നത് കേരളവുമാണ്!
കേരളത്തിന് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍ മന്ത്രി പറയുന്നു, പക്ഷേ, സംസ്ഥാനം തെറ്റിദ്ധാരണ പരത്തുന്നു. കേരളത്തിലെ കടലുണ്ടിയില്‍ സംഭവിച്ച ട്രെയിനപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി വാജ്പേയി പ്രഖ്യാപിച്ച വന്‍തുകയുടെ റെയില്‍വേ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ പതിറ്റാണ്ട് പഴക്കമുള്ള പാളങ്ങള്‍ മാറ്റിയും സിഗ്നല്‍ സംവിധാനങ്ങള്‍ പുതുക്കിയും റെയില്‍വേ സുരക്ഷിതമാകുകയാണ്. പണിനടക്കുന്നു എന്നതാണ് ശ്രദ്ധേയം. പൂര്‍ത്തിയായാല്‍ യാത്രയ്ക്ക് വേഗംകൂടും. പക്ഷേ, സംസ്ഥാന സര്‍ക്കാരിന് വേഗത പോരാ പോരാ. അതിലെ പിടിപ്പുകേട് തിരുത്തുന്നതിനു പകരം, പണ്ടത്തെ പതിവു പാട്ടായിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിസ്സഹകരണമെന്ന മുദ്രാവാക്യം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചിട്ട് എന്തുകാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: