സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുപ്പിവെള്ളം ശുദ്ധജലമല്ലെന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ വരാറുണ്ട്. വെള്ളക്കുപ്പിയില്‍ പല്ലി ചത്തതും പുഴുക്കള്‍ നുരയ്ക്കുന്നതും ബോക്സ് വാര്‍ത്തകളായാണ് ഇടംപിടിക്കുന്നത്. രാജ്യത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തില്‍ മൂന്നിലൊന്ന് വിഷമയമാണെന്ന് പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പോലും സമ്മതിച്ചിട്ടുണ്ട്. ഇത്തരം വെള്ളം വില്‍ക്കുന്ന കമ്പനികള്‍ക്കെതിരെ നടപടികളെക്കുറിച്ചും വാര്‍ത്തകള്‍ വരും. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ച പത്തു കമ്പനികളുടെ കുപ്പിവെള്ളം സുരക്ഷിതമല്ലെന്നാണ് ഏറ്റവും അവസാനം വന്ന റിപ്പോര്‍ട്ട്. പേരെടുത്ത ബഹുരാഷ്ട്രക്കമ്പനികളടക്കമുള്ളവയുടെ വെള്ളമാണ് ശുദ്ധമല്ലാത്തത്. മാരകമായ അസുഖങ്ങള്‍ പിടിപെടാവുന്ന ബാക്ടീരിയകളും കാല്‍ത്സ്യം ക്ലോറൈഡും മാരകമായ അളവില്‍ കുപ്പിവെള്ളത്തില്‍ കണ്ടെത്തിയിരിക്കുന്നു. മഞ്ഞപ്പിത്തം മുതല്‍ കിഡ്നി രോഗങ്ങള്‍ക്കുവരെ കാരണമാകാവുന്ന മലിനവെള്ളമാണ് പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വില്‍ക്കുന്നത്.
വിഷവെള്ളം വില്‍ക്കുന്ന കുപ്പിവെള്ള കമ്പനികള്‍ക്കെതിരെ നടപടി എടുത്തതായി ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. വെള്ളം വിതരണം നിര്‍ത്തിവയ്ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. കമ്പനികള്‍ മലിനജലമെന്ന് കണ്ടെത്തിയ ബാച്ചിലുള്ള കുപ്പിവെള്ളത്തിന്റെ വിതരണം മാത്രം നിര്‍ത്തിവയ്ക്കുകയും അവരുടെ മറ്റുപേരിലും ബാച്ചിലുമുള്ള വെള്ളം കച്ചവടം ചെയ്യുകയുമാണ് പതിവ്. അമേരിക്കയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ഭക്ഷ്യവസ്തുവില്‍ മായം ചേര്‍ത്താല്‍ ആ കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും നിരോധിക്കും. കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകയും ഉടമകളെ ജയിലിലടയ്ക്കുന്ന തരത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇവിടെ അത്തരം കര്‍ശന നിയമങ്ങള്‍ ഇല്ലാത്തതാണ് തട്ടിപ്പ് നടത്തുന്നവര്‍ക്ക് സഹായം.
142 കുപ്പിവെള്ള കമ്പനികളാണ് സംസ്ഥാനത്ത് ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഇരട്ടിയലധികം വ്യാജന്മാരുമുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ ശക്തമായ നപടികള്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ സ്വീകരിക്കാറില്ല. കുപ്പിവെള്ള ലോബിയുടെ ശക്തിതന്നെയാണ് കാരണം. അംഗീകൃത കമ്പനികള്‍ മാത്രം പ്രതിവര്‍ഷം 700 കോടിയിലധികം രൂപം സംസ്ഥാനത്തുനിന്നും വെള്ളം വിറ്റ് വരവുണ്ടാക്കുന്നുവെന്നാണ് കണക്ക്. ഒരു ലിറ്റര്‍ വെള്ളം ഉല്‍പ്പാദിപ്പിക്കാന്‍ ആറുരൂപയില്‍ താഴെയേ ചെലവ് വരൂ. വില്‍ക്കുന്നത് 20 രൂപയ്ക്ക്. അമിത വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഈയിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാന സര്‍ക്കാരുകളും വിജ്ഞാപനവും പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ബഹുരാഷ്ട്ര കമ്പനികളുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനാവൂ എന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ കുപ്പിവെള്ളം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. വാട്ടര്‍ അതോറിറ്റി ശബരിമലയിലും മറ്റും പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം നല്‍കുകയും ചെയ്തു. 10 രൂപയ്ക്ക് കുപ്പിവെള്ളം കൊടുക്കാനായി. പക്ഷേ, ആ പദ്ധതി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. പിന്നില്‍ കുപ്പിവെള്ള ലോബിയുടെ സ്വാധീനം തന്നെ.
സംസ്ഥാനത്തിന്റെ ആരോഗ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. നിപയും ഡെങ്കുവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഒരുവശത്ത്. മറുവശത്ത് സംസ്ഥാനം മുഴുവന്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍. ശുദ്ധമെന്ന് കരുതി പാലിനേക്കാള്‍ വിലനല്‍കി കുടിക്കുന്ന വെള്ളവും വിഷം. അത്യാഹിതം ഉണ്ടായതിനുശേഷം പ്രതിരോധത്തിന് ശ്രമിക്കുന്നിന് പകരം മുന്‍കരുതല്‍ ആണ് ഫലപ്രദം. വിഷവെള്ളം വില്ക്കുന്നവര് ആരുതന്നെയായാലും അവര്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടി ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: