മലയാള സാഹിത്യ വിമര്‍ശനത്തില്‍ സ്വതന്ത്ര വീക്ഷണത്തിന്റെ യുക്തിഭദ്രമായ പണിയായുധംകൊണ്ട് ആദ്യശില്പം ഉണ്ടായത് കുട്ടികൃഷ്ണ മാരാരുടെ ഭാരതപര്യടന ത്തിലൂടെയാണ്. മഹാഭാരതത്തിലെ ചില പ്രത്യേക സന്ദര്‍ഭങ്ങളെ ഉയര്‍ത്തിക്കാട്ടി ഉന്നത ശീര്‍ഷരായ കഥാപാത്രങ്ങളുടെ ശരി തെറ്റുകളും ശക്തി ദൗര്‍ബല്യങ്ങളും നിരീക്ഷിച്ച മാരാര്‍, പുതിയൊരു വിമര്‍ശന സ്വഭാവം മലയാളത്തിലേക്കു കടത്തിവിടുകയായിരുന്നു. ഇന്നത്തെ ആധുനിക വിമര്‍ശകരുടെ ക്ഷോഭസൗന്ദര്യത്തിന് മാരാരോടാണ് കൂടുതല്‍ കടപ്പാട്. ഇന്ന് മാരാരുടെ ജന്മദിനം.
വ്യര്‍ഥ വ്യാമോഹം വരുത്തിവെക്കുന്ന യുദ്ധത്തിന്റെ ബാക്കി മഹാശൂന്യതയാണെന്ന സത്യം ബോധിപ്പിക്കുന്ന ഭാരതപര്യടനം മലയാളത്തിലെ എക്കാലത്തേയും മികച്ച രചനകളിലൊന്നാണ്. മലയാള ഭാഷയെ ശുദ്ധീകരിച്ചും സാഹിത്യവിമര്‍ശനത്തെ പുതു ദര്‍ശനത്തിലൂടെ നവീകരിച്ചും മറ്റാരെക്കാളും പില്ക്കാലത്ത് ഓര്മിക്കപ്പെടുംവിധം മാരാര്‍ കാലത്തിനു മുന്‍പേ ആയിരുന്നു. സ്വതന്ത്രബുദ്ധി പരണത്തുവെച്ചും ആരേയും പിണക്കാതെ ഏതെങ്കിലും പക്ഷം ചേര്‍ന്നുപോയിരുന്ന വിമര്‍ശന പാതയെയാണ് അദ്ദേഹം വഴിതിരിച്ചുവിട്ടത്.
കല ആര്‍ക്കുവേണ്ടി എന്നു സംവാദം നടക്കുന്നകാലത്ത് കല ജീവിതം തന്നെ എന്ന് നേരെ ചൊവ്വേ പറയുകയായിരുന്നു മാരാര്‍. അതിന്റെ സാക്ഷ്യപത്രംകൂടിയായിരുന്നു കല ജീവിതം തന്നെ എന്നുള്ള പ്രൗഢഗ്രന്ഥം.സാഹിത്യ സല്ലാപം,ഋഷിപ്രസാദം. രാജശില്പി,വൃത്തശില്പം,സാഹിത്യ വിദ്യ,ചര്‍ച്ചായോഗം,രാജാങ്കണംദന്തഗോപുരം തുടങ്ങിയ രചനകള്‍ ഈടുറ്റ വിമര്‍ശക സൗന്ദര്യത്തിന്റേയും ഭാഷാലാവണ്യത്തിന്റേയും മുദ്രകളാണ്. ആലോചനാമൃതമായൊരു യൗവന ദീപ്തിയോടെ എഴുതപ്പെട്ട ഈ കൃതികള്‍ കോളേജ് തലത്തില്‍ പാഠപുസ്തകങ്ങളായിട്ടുണ്ട്.സംസ്കൃതത്തില്‍ വലിയ ജ്ഞാനിയായിരുന്ന മാരാര്‍ കാളിദാസകൃതികള്‍ക്കു വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്. അറിവിന്റേയും പരന്ന വായനയുടേയും ഉന്നതമായ ധാര്‍മികതയുടേയും വിശാല വീക്ഷണംകൂടിയാണ് മാരാര്‍കൃതികള്‍.
മലപ്പുറം ജില്ലയിലെ തൃപ്പങ്ങോട്ട് കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടേയുംലക്ഷ്മിക്കുട്ടി മാരസ്യാരുടേയും മകനായി 1900ല്‍ ഇദ്ദേഹം ജനിച്ചു. പട്ടാമ്പി സംസ്കൃത കോളേജില്പുന്നശേരി നീലകണ്ഠ ശര്‍മയുടെ ശിഷ്യനായി സംസ്കൃതത്തില്‍ പാണ്ഡിത്യം നേടി. പിന്നീട് പ്രമുഖ പത്രത്തില്‍ പ്രൂഫ് റീഡറായി ജോലിചെയ്തു. മഹാകവി വള്ളത്തോളുമായുള്ള അടുപ്പം മാരാരെ മലയാള സാഹിത്യവുമായി കൂടുതല്‍ ബന്ധപ്പെടുത്തി. 1974 ഏപ്രില്‍ ആറിന് മാരാര്‍ അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: