എത്ര കണ്ണീര് പൊഴിച്ചാലും മതിയാവില്ല, ആ രണ്ടു കുരുന്നുകളുടേയും ആയയുടേയും ദുര്‍വിധിയോര്‍ത്ത്. സമൂഹമനസ്സാക്ഷിയെ എക്കാലവും വേട്ടയാടുന്ന കുറ്റബോധമായിരിക്കും ഇതിന്റെ ബാക്കിപത്രം. മരടിലെ ഡെ കെയറിലേയ്ക്ക് ഉത്സാഹത്തോടെ യാത്ര ചെയ്ത കൊച്ചു കുട്ടികളായ ആദിത്യനും വിദ്യാലക്ഷ്മിയും, ആയ ലതയും നിലവിലെ വ്യവസ്ഥിതികള്‍ക്കുമുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ആ മരണങ്ങള്‍ക്ക് ആരാണ് ഉത്തരം പറയുക? അവരുടെ കുടുംബങ്ങളിലേയ്ക്ക് ഇനി ചിരിയും സന്തോഷവുമെത്താന്‍ എത്രനാള്‍ കഴിയണം?
അപകടങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നു പറയാം. പക്ഷേ, അശ്രദ്ധ അതിനു കാരണമാകുമ്പോഴാണ് അതു കുറ്റകരമാകുന്നത്. എല്ലാ അധ്യയന വര്‍ഷത്തിന്റെയും തുടക്കത്തില്‍ കുട്ടികളുടെ സുരക്ഷയേക്കുറിച്ചു സര്‍ക്കാരിന്റെ ഓര്‍മപ്പെടുത്തല്‍ ഉണ്ടാകാറുണ്ട്. സ്കൂള്‍ കെട്ടിടങ്ങളുടെ കാര്യത്തിലും സ്കൂള്‍ വാഹനങ്ങളുടെ കാര്യത്തിലും പൊതു വാഹനങ്ങളുടെ കാര്യത്തിലുമൊക്കെ ഇതു ബാധകമാണുതാനും.
വാഹനങ്ങളുടെ ഫിറ്റ്നസ്, ഡ്രൈവര്‍മാരുടെ യോഗ്യതയും പക്വതയും, വേഗനിയന്ത്രണ സംവിധാനം, കുട്ടികളുടെ എണ്ണം, അവരെ ശ്രദ്ധിക്കാന്‍ വേണ്ട ആയമാരുടെ എണ്ണം എന്നിവയ്ക്കൊക്കെ കൃത്യമായ വ്യവസ്ഥയുണ്ട്. പരിശോധന നിര്‍ബന്ധവുമാണ്. പക്ഷേ, ഇതൊക്കെ കൃത്യമായി നടക്കാറുണ്ടോ?. ആ ചോദ്യത്തിനു മുന്നിലാണ് എല്ലാം പ്രശ്നമാകുന്നത്. അപകടങ്ങള്‍ ഒന്നും സംഭവിക്കാത്തിടത്തോളം എല്ലാം അതിന്റെ വഴിക്കു പോകും എന്നതാണ് പതിവ്. അപകടം സംഭവിച്ചശേഷം ഉണര്ന്നിട്ടു കാര്യവുമില്ലല്ലോ.
മരടില്‍ അപകടമുണ്ടാക്കിയ വാന്‍ അമിത വേഗത്തിലായിരുന്നു എന്ന് ആരോപണമുണ്ട്. യാത്ര വീതികുറഞ്ഞ റോഡിലൂടെയായിരുന്നു താനും. റോഡ് സൈഡില്‍ ചെളിനിറഞ്ഞ വെള്ളക്കെട്ടും. ആ വെള്ളത്തിലേയ്ക്കാണു വാന്‍ മറിഞ്ഞത്. അപകട സാധ്യത അറിഞ്ഞിരുന്നിട്ടും, വേഗം അമിതമായി എന്ന ആരോപണം ശരിയെങ്കില്‍ ക്ഷണിച്ചു വരുത്തിയ ദുരന്തം എന്നു തന്നെ ഇതിനെ വിളിക്കണം.
കുറ്റം ആരുടേതെന്നു പറയുന്നില്ല. സംവിധാനത്തിന്റെയും വ്യവസ്ഥിതിയുടേയും കുറ്റമെന്നു പറയാം. പിന്നെ സമീപനത്തിന്റെയും. പരിശോധനയും നിയന്ത്രണവും കര്‍ശനമായിരുന്നെങ്കില്‍ ആ മൂന്നു ജീവന് രക്ഷിക്കാമായിരുന്നു എന്ന് ആശിക്കാം. പക്ഷേ, അത്തരം ആശകള്‍ എത്ര പരിവൃത്തികഴിഞ്ഞിരിക്കുന്നു!
ഇന്നും അപകടങ്ങള്‍ കണ്ടാലേ നമ്മള് ഉണരൂ എന്നു വന്നാല്‍പ്പിന്നെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് എന്തു പ്രസക്തി? അലസതയോടും അശ്രദ്ധയോടും നിയമവ്യവസ്ഥയോടുള്ള അവഗണനയോടും നിസ്സംഗതയോടെയുള്ള പ്രതികരണമാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്കു വഴിവെയ്ക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു സമൂഹവും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ആരോഗ്യകരമായ പ്രതികരണമാണ് സമൂഹത്തില്‍ നിന്ന് ഉണ്ടാവേണ്ടത്.
എല്ലാം പറയുമ്പോഴും സമയോചിതമായി ഇടപെടാന്‍ മുന്നോട്ടുവന്ന തദ്ദേശവാസികളുടെ മനസ്സിന്റെ നന്മ അംഗീകരിക്കപ്പെടുക തന്നെ വേണം. കുട്ടികളുടെ നിലവിളി കേട്ടമാത്രയില്‍ ഓടിക്കൂടിയ സ്ത്രീകളടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിലേയ്ക്കു ചാടിയിറങ്ങുകയാണു ചെയ്തത്. അതുകൊണ്ടാണ് ശേഷിച്ച കുട്ടികളുടെ ജീവന് രക്ഷിക്കാനായത്. കുട്ടികളുടെ നിലവിളിയില്‍ എല്ലാം മറന്നു വെള്ളത്തിലേയ്ക്കിറങ്ങിയ ഒരു സ്ത്രീയെ അപകടത്തില്‍ നിന്നു രക്ഷിച്ചത് ചുറ്റുമുള്ളവരായിരുന്നു.
സ്വയം മറന്നു സഹായത്തിനിറങ്ങാനുള്ള മനസ്സ് നമ്മുടെ സമൂഹത്തിനു നഷ്ടപ്പെട്ടിട്ടില്ല എന്നത് ആശ്വാസം പകരുന്ന കാര്യം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: