സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെലവുചുരുക്കല്‍ പ്രഖ്യാപനങ്ങള്‍ പലകുറി കേട്ടിട്ടുണ്ട്. മുണ്ടുമുറുക്കാനും കഠിനാദ്ധ്വാനം നടത്താനുമുള്ള ആഹ്വാനങ്ങള്‍ മുഴങ്ങാറുണ്ടെങ്കിലും അതൊന്നും ഫലവത്താകാറില്ല. സര്‍ക്കാര്‍ നടപടി പതിവുപോലെയെന്ന ധാരണ ഒരിക്കലും തിരുത്തിക്കുറിക്കാറില്ല. ആ സാഹചര്യത്തിലാണ് തമിഴ്നാട് ഗവര്‍ണറുടെ നടപടി ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് തമിഴ്നാട്ടില്‍ ബാന്‍വാരിലാല്‍ പുരോഹിത് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.
അതിനുശേഷം തമിഴ്നാട് രാജ്ഭവനില്‍ നിന്ന് നല്ല വാര്‍ത്തയേ ഉണ്ടായിട്ടുള്ളൂ. അദ്ദേഹം നല്കിയ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജ്ഭവന്റെ ചെലവുകള്‍ കൂപ്പുകുത്തി. ഒന്നും ഒന്നരയും കോടി രൂപ പ്രതിമാസ ചെലവുണ്ടായിരുന്ന തമിഴ്നാട് രാജ്ഭവന്റെ ചെലവ് ഏതാണ്ട് കാല്‍ക്കോടിയില്‍ താണിരിക്കുന്നു എന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.
രാജ്ഭവന് ഭോജനശാലയില്‍ ഗവര്‍ണര്‍ക്കും കുടുംബത്തിനും ചെലവ് വളരെ കുറച്ചു. ഗവര്‍ണറുടെ ഭക്ഷണത്തിന് 80 രൂപ മാത്രം. കുടുംബാംഗങ്ങള്ക്കാകട്ടെ 50 രൂപയില്‍ ഒതുക്കി. വില കൂടിയ സസ്യേതരഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. ഗവര്‍ണര്‍ക്ക് അതിഥികളുണ്ടെങ്കില്‍ അവരുടെ ചെലവും ഗണ്യമായി കുറച്ചു.
അതു രാജ്ഭവന്റെ കണക്കില്‍പ്പെടുത്താതെ ഗവര്‍ണറുടെ കണക്കില്‍ നിന്നും നല്‍കും. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ മാസം മാര്‍ച്ചു വരെ ഗവര്‍ണറുടെ ചെലവ് 30 ലക്ഷം രൂപ മാത്രമാണെന്ന് കേള്‍ക്കുമ്പോള്‍ ആരും അമ്പരക്കും. മന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ചായസല്ക്കാരത്തിനുപോലും ഇതിലും കൂടുതല്‍ ചെലവഴിക്കുമ്പോഴാണ് രാജ്ഭവന്റെ ചെലവില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്. 2015-2016ല്‍ ഇത് ഒരുകോടി 33 ലക്ഷം ആയിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒരുകോടി 68 ലക്ഷവുമായിരുന്നു. സ്ഥിരം ഗവര്‍ണര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്രയും കൂടിയ ചെലവെന്നതോര്ക്കണം.
ഉത്തരവാദിത്തത്തോടെ ഗവര്‍ണര്‍മാര്‍ ഭരണനേതൃത്വം നടത്തിയാല്‍ ഉദ്യോഗസ്ഥരുടെ ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കി വന്‍ സാമ്പത്തികനേട്ടം കൈവരിക്കാന്‍ സാധിക്കും. കേരളത്തില്‍ എപ്പോഴും ചെലവുചുരുക്കലിനെക്കുറിച്ച് പറഞ്ഞു കേള്‍ക്കാം. അതൊക്കെ പട്ടിണിപ്പാവങ്ങളുടെ പിച്ചചട്ടിയില്‍ കൈയിട്ട് വാരുന്ന സ്ഥിതിയില്‍ ചെന്ന് അവസാനിക്കും.
കേരളത്തില്‍ സാമ്പത്തിക പരാധീനതയില്‍ വാചാലമാകുന്നത് തൊഴില്‍ നല്കുന്നതിനെക്കുറിച്ചാണ്. പെന്ഷന് നല്കാതിരിക്കാനാണ്. തൊഴിലില്ലായ്മാ വേതനം നല്കാതിരിക്കാനും പുതിയ പദ്ധതികള്‍ തുടങ്ങാതിരിക്കാനുമാണ്. ഒരു ചില്ലിക്കാശുപോലും ഖജനാവിലില്ലെന്ന് പറയുമ്പോഴും മന്ത്രിമാര്‍ക്കും വകുപ്പു മേധാവികള്‍ക്കും ആഡംബരകാറുകള്‍ വാങ്ങുന്നതിന് ഒരു മന:സാക്ഷിക്കുത്തും ഉണ്ടായിട്ടില്ല.
അവിടെയാണ് തമിഴ്നാട് ഗവര്‍ണറുടെ പെരുമാറ്റം മാതൃകയാകുന്നത്. യാത്രയ്ക്ക് തീവണ്ടിയെ ആശ്രയിക്കുകയും സാധാരണക്കാരന് യാത്ര ചെയ്യുന്ന വിമാന സംവിധാനം ഉപയോഗിക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ രാഷ്ട്രീയക്കാരുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: